കേസ് വിവരം 3 തവണ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കെ സുരേന്ദ്രന്റെ കേസുകളുടെ നീണ്ടനിര ഒരു തവണ പരസ്യം ചെയ്യണമെങ്കില്‍ ചെലവ് 20 ലക്ഷം

തിരുവനന്തപുരം: (www.kvartha.com 15.04.2019) തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ വെട്ടിലായിരിക്കുകയാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നിലവിലുള്ള കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമാണ് കെ സുരേന്ദ്രന് പാരയായിരിക്കുന്നത്. ശബരിമല വിഷയത്തിലടക്കം കേസുകളുടെ നീണ്ട നിരയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെയുള്ളത്.

സുരേന്ദ്രനെതിരെ 242 കേസുകള്‍ നിലവിലുണ്ട്. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ഒരു തവണ പരസ്യം നല്‍കണമെങ്കില്‍ 20 ലക്ഷം രൂപ വേണം. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തില്‍ വായനക്കാര്‍ ശ്രദ്ധിക്കുന്ന സ്ഥലത്തു മൂന്ന് തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കാനാണ് നിര്‍ദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും മൂന്ന് തവണ പരസ്യം ചെയ്യണം. ദൃശ്യമാധ്യമത്തില്‍ പരസ്യം ഏഴ് സെക്കന്‍ഡ് കാണിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ ചെലവു തിരഞ്ഞെടുപ്പു പ്രചാരണ വകയില്‍ ഉള്‍പ്പെടുത്തും.

പാര്‍ട്ടി, അല്ലെങ്കില്‍ സംഘടന, മണ്ഡലം, കോടതി, കേസ് ഏതു നിയമപ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കില്‍ അതുസംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും, ശിക്ഷാ കാലാവധി എന്നിവ പരസ്യത്തില്‍ ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളതും കെ സുരേന്ദ്രനാണ്. വധശ്രമം മുതല്‍ പോലീസ് നിര്‍ദേശം മറികടന്ന് സംഘം ചേരല്‍ വരെ സുരേന്ദ്രന്റെ പേരിലുണ്ട്.

ഇങ്ങനെ മൂന്ന് തവണ പരസ്യം ചെയ്യുമ്പോള്‍ കെ സുരേന്ദ്രന് ചെലവഴിക്കേണ്ടി വരുന്നത് 60 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പില്‍ ആകെ ചെലവഴിക്കാവുന്ന 75 ലക്ഷം രൂപയുടെ 80 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം സെപ്റ്റബംര്‍ ഒമ്പതിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിക്കു ശേഷം വോട്ടെടുപ്പിനു രണ്ട് ദിവസം മുമ്പായി നടപടി പൂര്‍ത്തിയാക്കണം. ദൃശ്യമാധ്യമങ്ങളില്‍ വോട്ടെടുപ്പിനു 48 മണിക്കൂര്‍ മുമ്പുവരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്‌സൈറ്റിലും ഇതുനല്‍കിയിരിക്കണമെന്നാണ് നിബന്ധന. സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിക്കുമ്പോള്‍ തന്നെ പരസ്യം നല്‍കേണ്ട കാര്യം ഓര്‍മിപ്പിച്ചു വരണാധികാരി സി 3 ഫോം നല്‍കുന്നുണ്ട്.

അതേസമയം കേസുകളുടെ വിവരം വെളിപ്പെടുത്തുന്നത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചതായി ബിജെപി വക്താവ് എം എസ് കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തില്‍ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചെലവിനത്തില്‍ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി നമ്പര്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Case, K. Surendran, BJP, Election, Trending, Election Commission, Publish, K Surendran will be required to spend ₹60 lakh to carry advertisements thrice in newspapers alone. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?