അധികൃതരുടെ തന്നെ അപാകതയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്ന നടപടികളുമായി യൂണിവേഴ്‌സിറ്റി; ചോദ്യപ്പേപ്പര്‍ മാറിനല്‍കിയ പരീക്ഷ 2 വര്‍ഷത്തിന് ശേഷം വീണ്ടും നടത്തുമ്പോള്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് വിലപ്പെട്ട സമയം; നേരത്തെ പ്രസിദ്ധീകരിച്ച ഫലം സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത് ദിവസങ്ങള്‍ക്ക് മുമ്പ്; കാണാതെ പോകരുത് ഇവരുടെ ദയനീയമുഖം

കോഴിക്കോട്: (www.kvartha.com 16.04.2019) അധികൃതരുടെ തന്നെ അപാകത മൂലം ചോദ്യപ്പേപ്പര്‍ മാറിനല്‍കി പരീക്ഷ നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്ന നടപടികളുമായി യൂണിവേഴ്‌സിറ്റി. ചോദ്യപ്പേപ്പര്‍ മാറിനല്‍കിയ പരീക്ഷ വീണ്ടും നടത്താനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. അതും പരീക്ഷ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം. ഇതോടെ പല വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപ്പെടുന്നത് വിലപ്പെട്ട സമയവും ഭാവിയും തന്നെയാണ്. തങ്ങളുടെ ദയനീയാവസ്ഥ കാണാതെ പോകരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്.


കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ ഡിഗ്രിക്ക് പഠിക്കുന്ന 10 വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയുടെ തീരുമാനത്തെ തുടര്‍ന്ന് വലയുന്നത്. 2017 ഒക്ടോബര്‍ മൂന്നിനാണ് രണ്ടാം സെമസ്റ്റര്‍ ഹിന്ദി പരീക്ഷ നടന്നത്. A08 കോഡ് നമ്പരിലുള്ള ചോദ്യപ്പേപ്പറാണ് വിതരണം ചെയ്തത്. എന്നാല്‍ സുവോളജിയിലെ എട്ടും ഫിസിക്‌സിലെ രണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ കോഡ് നമ്പരിലുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ആണ് ലഭിച്ചത്. രണ്ടു ചോദ്യപേപ്പറും ഒരേ കോഡിലുള്ള ഹിന്ദി ഗ്രാമര്‍ ആയതിനാല്‍ ഏതാണ്ട് ഒരേ രീതിയിലുള്ള ചോദ്യങ്ങളാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ സംശയം കൂടാതെയാണ് പത്ത് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതിയത്.

ചോദ്യ പേപ്പര്‍ മാറി എഴുതി എങ്കിലും രണ്ടു ചോദ്യപേപ്പറും ഹിന്ദി ഗ്രാമര്‍ (A08) ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ അധിക പ്രയാസം കൂടാതെ എഴുതാന്‍ കഴിയുകയും വിജയിക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മറ്റു വിദ്യാര്‍ത്ഥികളുമായി ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് ചോദ്യപ്പേപ്പര്‍ മാറിലഭിച്ച കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ പ്രിന്‍സിപ്പള്‍ വഴി എഴുതിയ പേപ്പര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് 10 പേരും സര്‍വകലാശാലയ്ക്ക് പരാതി നല്‍കി. അനുകൂലമായ രീതിയിലുള്ള മറുപടിയായിരുന്നു സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് അന്ന് ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഫിസിക്‌സ് വിദ്യാര്‍ത്ഥികളായ ആഗ്രഹ വി, അനുഷ്‌ക, മനീഷ കെ, റാനിയ കെ, റിതിക് രാജ്, രോഹിത് മോഹന്‍, റോസ്‌ന രമേശ്, സ്‌നേഹ പി, സുവോളജി വിഭാഗത്തിലെ വിഷ്ണു സത്യനാഥ് എം, അജയ് കൃഷ്ണ ആര്‍ കെ എന്നിവരാണ് ചോദ്യപ്പേപ്പര്‍ മാറി പരീക്ഷ എഴുതിയത്.

പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ അഞ്ചാം സെമസ്റ്റര്‍ പഠിക്കുന്ന സമയത്ത് യൂണിവേഴ്‌സിറ്റി രണ്ടാം സെമസ്റ്ററിന്റെ ഫലം പ്രസിദ്ധീകരിച്ചു. പത്ത് പേരില്‍ ഒമ്പത് പേരുടെ രിസള്‍ട്ട് വന്നെങ്കിലും ഒരാളുടേത് മാത്രം പ്രസിദ്ധീകരിച്ചില്ല. ഇതേടതുടര്‍ന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഒമ്പത് പേരുടെ ഫലവും പിന്‍വലിക്കുകയായിരുന്നു.



എന്നാല്‍ തങ്ങളുടെ ഫലം വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ച കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ്. പിന്നീട് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പുനപരീക്ഷ നടത്താനുള്ള നീക്കമാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെ വന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പലരും മാര്‍ക്ക്‌ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ അത് കൊണ്ട് കാര്യമില്ലാത്ത അവസ്ഥയാണ്. ഫെബ്രുവരിയില്‍ ഫലം പിന്‍വലിച്ചെങ്കിലും പുനപരീക്ഷ നടത്തുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ല. രണ്ട് വര്‍ഷം മുമ്പത്തെ പരീക്ഷ ഏപ്രില്‍ 17ന് വീണ്ടും നടത്തുമെന്ന അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് ഏപ്രില്‍ 11ന് മാത്രമാണ്. കോളജിലെ ജീവനക്കാരന്‍ പറഞ്ഞപ്പോഴാണ് പുനപരീക്ഷയെ കുറിച്ച് അറിയുന്നതെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ സുവോളജി വിദ്യാര്‍ത്ഥി വിഷ്ണു സത്യനാഥ് കെവാര്‍ത്തയോട് പറഞ്ഞു.

ചോദ്യപേപ്പര്‍ മാറിയാല്‍ പുനപരീക്ഷ നടത്തുന്നത് സാധാരണമല്ലേ എന്നാണ് പൊതുധാരണ. എന്നാല്‍ ഹിന്ദി ഗ്രാമര്‍ ആയതിനാല്‍ ചോദ്യപേപ്പറുകള്‍ തമ്മില്‍ സിലബസിലും ചോദ്യ രീതിയിലും മാര്‍ക്കിലും ചോദ്യങ്ങളിലും കാര്യമായ വ്യത്യാസമില്ല എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രണ്ട് ചോദ്യപ്പേപ്പറും ഏതാണ്ട് ഒരുപോലെ ആയതിനാല്‍ പുന:പരീക്ഷ നടത്താതെ പ്രസിദ്ധീകരിച്ച ഫലം പുന:സ്ഥാപിച്ചുകിട്ടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ചോദ്യപേപ്പറുകളുടെ വ്യത്യാസം വിശദമായി പഠിക്കാതെയും വിദ്യാര്‍ത്ഥികളുടെ പരാതി പരിഗണിക്കാതെയും നടത്തുന്ന പുന:പരീക്ഷ യൂണിവേഴ്‌സിറ്റി തങ്ങളോട് ചെയ്യുന്ന ദ്രോഹവും തെറ്റുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ പലതവണ പരാതി നല്‍കിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ഗവര്‍ണറെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ക് ഇപ്പോള്‍ അവസാന സെമസ്റ്റര്‍ പ്രാക്ടിക്കല്‍, പ്രൊജക്ട്, വൈവ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഠിനമായ ചൂടും അവസാനവര്‍ഷ പരീക്ഷകളും വിവിധ എന്‍ട്രന്‍സ് പരീക്ഷകളും അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷ കൂടി ആയത് പഠിക്കാന്‍ വളരെ പ്രയാസമാണ്. പരീക്ഷാചൂടില്‍ വിഷു പോലും ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് ഇവര്‍. മറ്റൊരു പ്രധാന പ്രശ്‌നം എന്നത്, ആദ്യവര്‍ഷത്തെ ഹിന്ദി പരീക്ഷയാണ് അവസാനവര്‍ഷം രണ്ടാമത് നടത്തുന്നത്. അവസാനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠിക്കാനില്ല. അത്‌കൊണ്ട് തന്നെ രണ്ട് വര്‍ഷം മുമ്പത്തെ പുസ്തകം വീണ്ടും പഠിക്കേണ്ടതിന്റെ ബുദ്ധിമുട്ടും വിദ്യാര്‍ത്ഥികള്‍ പങ്കുവെക്കുന്നു.

അതേസമയം 2015ല്‍ ഫിസിക്‌സ് വിഷയത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നും ചോദ്യപേപ്പറില്‍ ആകെ മാര്‍ക്കിന്റെ കാര്യത്തില്‍ വന്ന പിശക് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പുനപരീക്ഷ നടത്താതെ സര്‍വകലാശാല പരിഹാര നടപടി സ്വീകരിച്ച കാര്യവും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

യഥാര്‍ത്ഥ ചോദ്യപ്പേപ്പറും മാറിയെഴുതിയ ചോദ്യപ്പേപ്പറും കാണാം




ഗവര്‍ണറുടെ മറുപടി



2015ലെ ഫിസിക്‌സ് പരീക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി


Keywords: Question changed; Re examination conducting after 2 years, Students in dilemma, Kerala, Kozhikode, Students, Examination, Calicut University, Education, Malabar Christian College.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?