പെരിയ ഇരട്ടക്കൊല; ഡി വൈ എസ് പി രഞ്ജിത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥനേയും സ്ഥലം മാറ്റി

കാസര്‍കോട്: (www.kvartha.com 02.03.2019) കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശക്തമാകുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വീണ്ടും മാറ്റിയതാണ് ആരോപണം ശക്തമാകാന്‍ കാരണമായിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം നല്കിയ എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് ഇപ്പോള്‍ മാറ്റിയത്. എറണാകുളത്തേക്കാണ് എസ്.പിയെ മാറ്റിയത്. കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം.

Periya twin murder; Inquiry team again replaced, Kasaragod, Murder, Politics, Congress, CPM, Allegation, Crime Branch, CBI, Probe, Trending, News, Kerala

അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. എസ്പി: വി.എം.മുഹമ്മദ് റഫീഖിന് പകരം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. അദ്ദേഹം ചുമതലയേറ്റു.

ആരോഗ്യ കാരണങ്ങളാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുഹമ്മദ് റഫീഖില്‍ നിന്ന് എഴുതി വാങ്ങിയാണ് മറ്റൊരു ഉദ്യോഗസ്ഥന് ചുമതല കൈമാറിയതെന്നാണ് അറിയുന്നത്. നേരത്തെ കേസില്‍ ഇടപെട്ട കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെയും കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണവും മൊഴി എടുക്കലും സി.പി.എം നേതൃത്വത്തെ പ്രകോപിച്ചിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കാതെ മറ്റുള്ളവരുടെ മുന്നില്‍ വച്ചാണ് ഉദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തുന്നതെന്നും, ഇടയ്ക്കിടെ ഇരകളുടെ കുടുംബവുമായി ബന്ധമുള്ളവര്‍ പറയുന്ന വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തുന്നു എന്നതുമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചതത്രേ.

കൂടുതല്‍ സി.പി.എം നേതാക്കളുടെ പേരുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതും സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതേ സമയം ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ഏഴ് പേരില്‍ മാത്രം കേസ് ഒതുക്കിയാല്‍, കോടതി ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറുന്ന സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്ക അന്വേഷണ ഉദ്യോഗസ്ഥരിലുണ്ട്.

അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കി. പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.

ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേര്‍ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രതികളുമായി ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും സി.പി.എം നേതാക്കളും ചേര്‍ന്ന് പ്രതികളുടെ വീട്ടില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃച്ഛികമായ പ്രാദേശിക സംഭവമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പെരിയയിലെ സി.പി.എം പൊതുയോഗത്തില്‍ കഴിഞ്ഞദിവസം പറഞ്ഞത്.

അതേസമയം, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യുഡിഎഫ് ശനിയാഴ്ച കുടുംബ സഹായനിധി ശേഖരിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ധനസമാഹരണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ നേരിട്ട് സഹായനിധി ശേഖരിക്കാനിറങ്ങും.

വൈകിട്ട് പെരിയയില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പീതാംബരനേയും രണ്ടാം പ്രതി സജി ജോര്‍ജിനേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Periya twin murder; Inquiry team again replaced, Kasaragod, Murder, Politics, Congress, CPM, Allegation, Crime Branch, CBI, Probe, Trending, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?