തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ചിറ്റാരിക്കാല്‍/പറക്കളായി: (www.kvartha.com 04.03.2019) തെയ്യം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കുളിനീരിലെ ബിരിക്കുളത്ത് കോട്ടയില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം.

ചിറ്റാരിക്കാലില്‍നിന്ന് ആറുകിലോമീറ്ററോളം അകലെ തയ്യേനിക്കടുത്ത കുണ്ടാരം കോളനിയില്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

Youth dies after Theyyam, News, Local-News, Religion, Hospital, Treatment, Auto & Vehicles, Lifestyle & Fashion, Kerala

കോളനി നിവാസികളുടെ തറവാട് ക്ഷേത്രമാണ് കുളിനീരിലെ വീഷ്ണുമൂര്‍ത്തി ദേവസ്ഥാനം. ഓലകൊണ്ട് കെട്ടിയ താത്കാലിക ക്ഷേത്രമാണ് ഇവിടെ ഉള്ളത്. ചെങ്കുത്തായ പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മരപ്പലക കൊണ്ട് താത്കാലികമായി നിര്‍മിച്ച പ്ലാറ്റ് ഫോമില്‍നിന്നാണ് ആളുകള്‍ തെയ്യം വീക്ഷിച്ചിരുന്നത്.

എല്ലാവരും നോക്കിനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല. താഴെ വീണ സുരേന്ദ്രനെ കൂടിനിന്നവര്‍ ഓടിച്ചെന്ന് കോരിയെടുത്തപ്പോഴേക്കും അനക്കമറ്റിരുന്നു. തുടര്‍ന്ന് വെള്ളം കൊടുത്തെങ്കിലും അതും ഇറക്കിയില്ല. ഉടന്‍തന്നെ തെയ്യംവേഷം അഴിച്ചുമാറ്റി ആളുകള്‍ ഓട്ടോറിക്ഷയില്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ തന്നെമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു.

വര്‍ഷങ്ങളായി തെയ്യംകെട്ടുന്ന സുരേന്ദ്രന്‍ ശനിയാഴ്ച ഉച്ചയോടെയാണ് പറക്കളായി കാലിക്കടവിലെ വീട്ടില്‍നിന്ന് പോയത്. സുഹൃത്തുക്കളും ബന്ധുക്കളുമായ സുധീഷ്, ബിജു എന്നിവര്‍ക്കൊപ്പം സുരേഷിന്റെ ഓട്ടോറിക്ഷയില്‍ എണ്ണപ്പാറ സര്‍ക്കാരിയിലെത്തി. അവിടുന്ന് തെയ്യത്തിന്റെ ആടയാഭരണങ്ങളും ചെണ്ടയും മറ്റുമായി സഹായികളെയും കൂട്ടി ജീപ്പിലാണ് ചിറ്റാരിക്കാലിലെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ കളിയാട്ട സ്ഥലത്തുനിന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. മൂന്നുമണിയോടെയാണ് തെയ്യം കെട്ടിയാടിയത്. പകല്‍ 11 മണിവരെ ഏതാണ്ട് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പഞ്ചുരുളി കെട്ടിയാടി സുരേന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പഞ്ചുരുളിക്കുശേഷം കെട്ടിയാടേണ്ട തെയ്യങ്ങളെല്ലാം സുരേന്ദ്രന്റെ മരണത്തോടെ നിര്‍ത്തിവെച്ചു.

ആടയാഭരണങ്ങള്‍ സ്ഥലത്ത് ചിതറിക്കിടന്നു. സുരേന്ദ്രന്റെ ആഗസ്‌കിക മരണത്തോടെ 800 പേര്‍ക്ക് തയ്യാറാക്കിയിരുന്ന ഉച്ചഭക്ഷണവും വെറുതെയായി. കുടിവെള്ളത്തിന് ക്ഷാമമുള്ള കോളനിയില്‍ ചിറ്റാരിക്കാലില്‍നിന്ന് വന്‍തുക കൊടുത്ത് വാഹനങ്ങളിലാണ് ഭക്ഷണം പാകം ചെയ്യാനും മറ്റും വെള്ളമെത്തിച്ചിരുന്നത്. പ്ലാറ്റ്ഫോം നിര്‍മിക്കാനുള്ള പലകയും വാടകയ്ക്ക് കരാറുകാരില്‍നിന്ന് വാങ്ങിയതായിരുന്നു.

കലാകാരന്റെ വേര്‍പാടും കളിയാട്ടം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതും കുടുംബാംഗങ്ങള്‍ക്കും തീരാദുഃഖമായി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അവികസിത മേഖലയിലാണ് സുരേന്ദ്രന്റെ വീടിരിക്കുന്ന കാലിക്കടവ് ചീറ്റക്കോളനി. പട്ടികവര്‍ഗത്തില്‍പ്പെടുന്ന മാവിലന്‍ സമുദായാംഗമായ സുരേന്ദ്രന്‍ കുടുംബത്തിന്റെ ഏക അത്താണിയാണ്.

സുരേന്ദ്രന്റെ മരണത്തോടെ അമ്മയും സഹോദരിയും മൂന്നുമക്കളും അടങ്ങുന്ന കുടുംബം വഴിയാധാരമായി. ചെങ്കല്ല് കെട്ടി ഓടിട്ട വീടാണ് സുരേന്ദ്രന്റേത്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നത് തടയാന്‍ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് വലിച്ചുകെട്ടിയിട്ടുണ്ട്. തിണ്ണയുടെ മേല്‍ക്കൂര താങ്ങി നിര്‍ത്തിയിരിക്കുന്നത് മരക്കാലുകളിലാണ്. തറ ഭാഗികമായേ സിമന്റ് ഇട്ടിട്ടൂള്ളൂ. ബാക്കി ചാണകം മെഴുകിയതാണ്.

തെയ്യക്കാലം തുലാപ്പത്തിന് തുടങ്ങുമെങ്കിലും ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് സുരേന്ദ്രന്‍ അധികവും തെയ്യത്തിന് പോയിരുന്നത്. അതും മാസം അഞ്ചോ ആറോ സ്ഥലത്ത് മാത്രം. പരമാവധി രണ്ടായിരം രൂപയാണ് ഒരിടത്തുനിന്ന് കിട്ടിയിരുന്നത്. തെയ്യം കഴിഞ്ഞ് വന്നാല്‍ ക്ഷീണം കാരണം മൂന്നുദിവസത്തേക്ക് പണിക്കുപോകാന്‍ പറ്റുമായിരുന്നില്ല. പറ്റുന്ന ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയിട്ടാണ് ഇവര്‍ ഭക്ഷണത്തിന് വക കണ്ടെത്തിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth dies after Theyyam, News, Local-News, Religion, Hospital, Treatment, Auto & Vehicles, Lifestyle & Fashion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?