ചെമ്പിരിക്ക ഖാസിയുടെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി എസ് കെ എസ് എസ് എഫ് നേതാവ് ഫേസ്ബുക്കില്‍; ചര്‍ച്ച കൊഴുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 07.03.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീട് സന്ദര്‍ശിക്കാന്‍ മാര്‍ച്ച് 14ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ വീടും സന്ദര്‍ശിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുചൂണ്ടിക്കാട്ടി എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് കാര്യമായ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

സി ബി ഐ രണ്ടു തവണ അന്വേഷിക്കുകയും തെറ്റായ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്‌തെങ്കിലും കോടതി ഇതൊന്നും അംഗീകരിക്കാതെ പുനരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയാണ് ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള അന്വേഷണ ടീമിനെ പൂര്‍ണമായും മാറ്റി പുതിയൊരു സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നാണ് സമസ്ത നേതൃത്വവും ആക്ഷന്‍ കമ്മിറ്റിയുെ ഖാസിയുടെ കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് നൂറിലധികം ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ ആക്ഷന്‍ കമ്മിറ്റിയുടെ സത്യാഗ്രഹ സമരവും നടന്നുവരികയാണ്. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് രാഹുല്‍ ഗാന്ധി ഇടപെട്ട് അന്വേഷണം ശരിയായ രീതിയില്‍ നടത്തണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്. ഖാസിയുടെ കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് അവരുടെ പരാതികള്‍ കേള്‍ക്കണമെന്നാണ് എസ് കെ എസ് എസ് എഫ് നേതാവ് ആവശ്യപ്പെടുന്നത്.

രാഹുല്‍ ഗാന്ധി ഖാസിയുടെ വീട് സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് സമസ്ത നേതൃത്വം എ ഐ സി സിക്കും കെ പി സി സിക്കും ഡി സി സി നേതൃത്വങ്ങള്‍ക്കും സന്ദേശമയച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പരിപാടികളെല്ലാം തീരുമാനിക്കുന്നത് എ ഐ സി സി നേതൃത്വമാണെന്നും ഇക്കാര്യത്തില്‍ ഡി സി സി തലത്തില്‍ തീരുമാനമെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നുമാണ് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ വ്യക്തമാക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്:
പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും കുടുംബത്തെ സാന്ത്വനപ്പെടുത്താനും സഹായ ഫണ്ട് കൈമാറാനും കേരളത്തിന്റെ വടക്കേ ജില്ലയായ കാസര്‍കോട്ടേക്ക് ഈ മാസം 14ന് രാഹുല്‍ജി വരുന്നതായി വാര്‍ത്തകണ്ടു. കരഞ്ഞു കലങ്ങിയ ആ കുടുംബത്തിന്റെ വേദനകളിലും രോദനങ്ങളിലും പങ്കാളിയാവാന്‍ സമയം കണ്ടെത്തുന്നതില്‍ രാഹുല്‍ജിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം അഭിനന്ദിക്കുകയും ചെയ്യട്ടെ. മാത്രമല്ല കേരളത്തില്‍ സമാനമായി കൊലചെയ്യപ്പെട്ട മറ്റു ജില്ലകളിലെ സഹോദരങ്ങളുടെയും കുടുംബങ്ങളെയും സന്ദര്‍ശിക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം പകരാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഒപ്പം മറ്റൊരു കൊലപാതവും കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. ഉത്തര മലബാറിന്റെ മത ഭൗതിക വൈജ്ഞാനിക രംഗത്ത് വിപ്ലവാത്മകമായ നേതൃത്വം നല്‍കിയ ചെമ്പരിക്കയിലെ ഖാസി സി എം അബ്ദുല്ല മൗലവി എന്ന മഹാമനീശി ഇരുളിന്റെ മറവില്‍ കൊല ചെയ്യപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. വാക്ക്‌കൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു ഉറുമ്പിനെ പോലും അറിഞ്ഞ് കൊണ്ട് അദ്ധേഹം നോവിച്ചതായി അറിഞ്ഞിട്ടില്ല. ആ പണ്ഡിതന്റെ വിയോഗം ആ കുടുംബത്തിലും പ്രദേശത്തും മാത്രമല്ല ജാതി മത ഭേതമന്യേ അനേകായിരം ജനങ്ങളുടെയും മനസ്സില്‍ ഉണങ്ങാത്ത മുറിവായി രക്തക്കറയായി തളംകെട്ടി നില്‍ക്കുന്നുണ്ട്. നീതി അന്യായമായി നീട്ടികൊണ്ടുപോവുകയാണ്. മാറി മാറി കേരളത്തിലും കേന്ദ്രത്തിലും സര്‍ക്കാറുകള്‍ വന്നെങ്കിലും അത്യന്ത്യം ഗൗരവപൂര്‍വ്വം ഈ വയോധികന്റെ കൊലയെ കണക്കിലെടുത്തിട്ടില്ലെന്നത് സ്വയം ബോധ്യമുള്ളതുമാണ് (ഒറ്റപ്പെട്ട ചില ഇടപെടലുകളെ വിസ്മരിക്കുന്നില്ല). നിരന്തരമായ ആവശ്യം പരിഗണിച്ച് എല്‍ ഡി എഫ് സര്‍ക്കാറാണ് കേസ് സി ബി ഐക്ക് വിട്ടത്. പക്ഷെ ആ ഏജന്‍സിയേയും സമ്മര്‍ദ്ധത്തിലാക്കി കൊലപാതകത്തെ മാപ്പര്‍ഹിക്കാത്ത മറ്റൊരു തരത്തിലേക്ക് അന്വേഷണം അട്ടിമറിക്കുന്നതായാണ് പിന്നീട് സംഭവിച്ചത്. അന്ന് യു പി എ സര്‍ക്കാറിനോട് വിശ്വസ്തരായ മറ്റൊരു ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരളവും കേന്ദ്രവും യു പി എയും യു ഡി എഫും ഒരുമിച്ച് ഭരിക്കുമ്പോഴും പരിഗണിക്കുമെന്ന ആശ്വാസമുണ്ടായെങ്കിലും കേസ് ചര്‍ച്ചക്കേ എടുത്തില്ല എന്നതാണ് വസ്തുത. ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ കേന്ദ്രത്തിലേയും കേരളത്തിലേയും മന്ത്രിമാരെയും നേതാക്കളെയും മുട്ടി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുസമയത്തും കുടുംബം ഒപ്പുമരച്ചുവട്ടില്‍ നീതിക്ക് വേണ്ടിയുള്ള സമരപ്പന്തലിലായിരുന്നു. ഭരണ- പ്രതിപക്ഷ വിത്യാസമില്ലാതെ വാഗ്ദാനങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചാണ് പന്തലില്‍ കയറി ഇറങ്ങിയത്. ഇലക്ഷന്‍ കഴിയട്ടെ എന്നും ഇപ്പോള്‍ ഇടപെടുന്നത് ചട്ടലംഘനമാണെന്നുമാണ് എല്ലാവരുടെയും അവസാനവാക്ക്. അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ജില്ലയിലെ മന്ത്രിയെ ദൂതനായി അയച്ച് സമരം അവസാനിപ്പിക്കാനും ഇടപെടാമെന്ന് ഉറപ്പും നല്‍കിയെങ്കിലും പിന്നീട് മുഖ്യമന്ത്രിയില്‍ കേട്ടത് പദവിക്ക് നിരക്കാത്ത വര്‍ത്തമാനമായിരുന്നു. പറഞ്ഞു വരുന്നത് രാജ്യത്തിലെ ന്യൂനപക്ഷ ദളിത് പിന്നോക്ക മര്‍ധിത വിഭാഗങ്ങളുടെ പ്രതീക്ഷയായ രാഹുല്‍ജി കാസര്‍കോട്ട് വരുമ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഖാളിയാറുടെ കുടുംബക്കാരെയും കണ്ട് ഒന്ന് സ്വാന്തനപ്പെടുത്താനും നീതി ലഭ്യമാക്കിക്കൊടുക്കാനും തൊട്ടടുത്ത പ്രദേശമായ ചെമ്പരിക്കയിലേക്കോ ഒപ്പുമരച്ചുവട്ടിലേക്കോ സ്വാഗതം ചെയ്യുകയാണ്. അതിന് പ്രാദേശിക നേതൃത്വം കനിയുമോ എന്നറിയില്ല. അല്ലെങ്കിലും ഇടപെടലുകള്‍ നടത്താതെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാനാണെങ്കില്‍ സമയം നഷ്ടപ്പെടുത്താതിരിക്കല്‍ നല്ലതാണ്. ഇനിയും ഞങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന നിലപാടുകളോടെയാണ് കേരളത്തിലെ ഖാസിയുടെ അനുയായികളും കുടുംബക്കാരുമായ വോട്ടര്‍മാര്‍. ആരുടെയും ആഹ്വാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കാത്തു നില്‍ക്കാതെ തന്നെ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണ്. ജില്ലയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും  സമരത്തിന് ലഭിച്ച പിന്തുണയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, SKSSF, Top-Headlines, Samastha, Samastha demands Rahul Gandhi visit in House of Khazi; SKSSF Leader's post makes Discussion
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?