തോരാത്ത കണ്ണീരുമായി ശരത്തിന്റെയും കൃപേഷിന്റെയും സഹോദരിമാര്‍ പരീക്ഷാ ഹാളിലെത്തി

പെരിയ: (www.kasargodvartha.com 07.03.2019) ഏട്ടന്മാരുടെ ചിതയെരിഞ്ഞടങ്ങും മുമ്പേ തോരാത്ത കണ്ണീരുമായി പരീക്ഷാഹാളിലേക്കെത്തേണ്ടി വന്ന സഹോദരിമാരുടെ മിഴിനീരുകളിറ്റിവീണ് ഉത്തരക്കടലാസുകള്‍ നനഞ്ഞു. ചോദ്യക്കടലാസുകളിലേക്ക് നോക്കുമ്പോള്‍ ഇരുവരുടെയും കണ്ണുകളിലേക്ക് തെളിഞ്ഞുവന്നത് തങ്ങളുടെ ഏട്ടന്മാരുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.

ഇരുവരെയും പഠിപ്പിച്ച് വലിയവരാക്കണമെന്നായിരുന്നു എതിരാളികളുടെ കൊലക്കത്തിക്കിരയായ കൃപേഷിന്റെയും ശരത്ലാലിന്റെയും അടങ്ങാത്ത മോഹം. അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെ തന്നെയായിരുന്നു ഏട്ടന്മാരുടെ ചിത എരിഞ്ഞടങ്ങുംമുമ്പേ ശരത്ലാലിന്റെ സഹോദരി അമൃതയും, കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയും പരീക്ഷാ ഹാളിലെത്തിയത്.
പെരിയ അംബേദ്കര്‍ കോളേജില്‍ സെക്യൂരിറ്റി അനാലിസ് കോര്‍ട്ട് പോളിയോ മാനേജ്മെന്റ് പരീക്ഷ എഴുതാന്‍ അമൃതയും, പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ കൃഷ്ണപ്രിയയും എത്തിയപ്പോള്‍ ഇരുവരുടെയും സഹപാഠികളും സമാശ്വാസവുമായി എത്തി.

അംബേദ്കര്‍ കോളേജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമൃത. പഠിക്കാന്‍ മിടുക്കിയായ അമൃതയുടെ ഗുരുവും വഴികാട്ടിയും എഞ്ചിനീയറിംഗ് ബിരുദധാരിയായ ഏട്ടന്‍ ശരത്ലാലായിരുന്നു. ശരത്തിനെ അമൃതയും കൂട്ടുകാരികളുമൊക്കെ ജോഷിയേട്ടാ എന്നു വിളിച്ചു. കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി ഏറെ നേരം അമൃതക്ക് ജോഷിയേട്ടന്‍ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. പുലര്‍ച്ചെ അഞ്ചു മണിക്ക് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചും അമൃതക്ക് ഏട്ടന്‍ ട്യൂഷന്‍ നല്‍കി. വീട്ടില്‍ ഏട്ടന്റെ വല്ലാത്ത കരുതലിലായിരുന്നു അനുജത്തി അമൃത. രാത്രി യില്‍ ഉറങ്ങുമ്പോള്‍ പോലും ഏട്ടന്‍ സ്നേഹസ്പര്‍ശവുമായി തൊട്ടരികിലുണ്ടാകും.

അമൃതയുടെ മാത്രമല്ല മാതൃ സഹോദരി പുത്രിക്കും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും ശരത്ലാല്‍ ക്ലാസെടുക്കുമായിരുന്നു. പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗമായ കൃഷ്ണപ്രിയയും പഠിക്കാന്‍ ഏറെ മിടുക്കിയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്നിക് പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന കൃപേഷിന്റെ സ്വപ്നവും അനുജത്തി കൃഷ്ണപ്രിയയുടെ പഠനമായിരുന്നു. ഏട്ടന്മാരുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടുന്ന മനസുമായാണ് അമൃതയും കൃഷ്ണപ്രിയയും പരീക്ഷയെഴുതാനെത്തിയത്.

ഇരുവരും കൊല്ലപ്പെട്ട ശേഷം വീട്ടിലെത്തിയ നേതാക്കളും വേണ്ടപ്പെട്ടവരുമൊക്കെ കണ്ണീരില്‍ മുങ്ങിക്കഴിഞ്ഞ സഹോദരിമാരോട് പഠനം തുടരണമെന്നും പരീക്ഷ എഴുതണമെന്നും സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിരുന്നു. പെരിയ അംബേദ്കര്‍ കോളേജിലെ അമൃതയുടെ പഠനം പൂര്‍ണമായും കോളേജ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ്ഹാജി സൗജന്യമാക്കുകയും ചെയ്തിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കാനുള്ള സന്നദ്ധത കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ പാലക്കി സി കുഞ്ഞാമദ് ഹാജി വീട്ടിലെത്തി അറിയിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Periya, Sisters of Sharath and Kripesh came to write examination
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?