ഭക്തിയുടെ നിറവില്‍ വിശ്വാസികള്‍ ശിവരാത്രി ആഘോഷിക്കുന്നു

ആലുവ: (www.kvartha.com 04.03.2019) ഭക്തിയുടെ നിറവില്‍ നമഃശിവായ മന്ത്രങ്ങള്‍ ഉരുവിട്ട് വിശ്വാസികള്‍ തിങ്കളാഴ്ച ശിവരാത്രി ആഘോഷിക്കുന്നു. ശിവക്ഷേത്രങ്ങളില്‍ വിശേഷാല്‍ പരിപാടികളും പ്രത്യേകപൂജകളും നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ അര്‍ധരാത്രിവരെ നീളും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളയ്ക്കുന്നതുമാണ് പ്രധാന ചടങ്ങുകള്‍. പൂര്‍വികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും ജനസഹ്രസങ്ങളാണ് ശിവരാത്രിവ്രതം നോല്‍ക്കുന്നത്.

ചരിത്ര പ്രസിദ്ധമായ ശിവരാത്രിയാഘോഷത്തിനായി ആലുവ മണപ്പുറം സജ്ജമായിക്കഴിഞ്ഞു. ഓര്‍മകള്‍ നറുക്കിലയില്‍ ബലിപിണ്ഡമായി ഒഴുക്കാന്‍ പെരിയാറിന്റെ തീരം ഒരുങ്ങിക്കഴിഞ്ഞു. മണപ്പുറത്ത് ഒത്തുകൂടി ഉറക്കമിളച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച വിശ്വാസികള്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ബലി അര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് ഉറ്റവരുടെ മരണമില്ലാത്ത ഓര്‍മകളുമായി ആലുവ ശിവരാത്രി മണപ്പുറത്തെത്തുന്നത്.

 Aluva Manappuram gets ready for Maha Sivaratri festivities, Aluva, News, Festival, Religion, Temple, Trending, Kerala.

ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് വിശ്വാസികള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് നടക്കുന്ന ശിവരാത്രിവിളക്കോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാകും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ബലിതര്‍പ്പണം ആരംഭിക്കും.

ചൊവ്വാഴ്ച പുലര്‍ച്ചയോടെ ബലി അര്‍പ്പിച്ച് വിശ്വാസികള്‍ മടങ്ങിത്തുടങ്ങും. ചൊവ്വാഴ്ച പൂര്‍ണമായും കുംഭമാസത്തിലെ കറുത്തവാവായതിനാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയും തര്‍പ്പണം നടത്താന്‍ കഴിയും. നിരവധി ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലിധം പേര്‍ കര്‍മികളും സഹായികളുമായി മണപ്പുറത്തുണ്ടാകും. 75 രൂപയാണ് ബലിതര്‍പ്പണം നടത്തുന്നതിന് ഫീസ്. കൂടുതല്‍ തുക ഈടാക്കുന്നവരെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെയും പോലീസിനെയും നിയോഗിച്ചു കഴിഞ്ഞു.

മണപ്പുറത്തേക്കുള്ള കല്‍പ്പടവുകളില്‍ മണല്‍ച്ചാക്കുകള്‍ വിരിച്ച് കഴിഞ്ഞു. കടവുകളോട് ചേര്‍ന്ന് പെരിയാറില്‍ സുരക്ഷയ്ക്കായി ഇരുമ്പുബാരിക്കേഡുകളും തീര്‍ത്തിട്ടുണ്ട്. നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനവും മണപ്പുറത്ത് ലഭ്യമാക്കിയിട്ടുണ്ട്. നിരവധി വാച്ച് ടവറുകളില്‍ മുഴുവന്‍ സമയം പോലീസ് നിരീക്ഷണമുണ്ടാകും. സി.സി.ടി.വി. ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.

ശിവരാത്രിനാളില്‍ മണപ്പുറത്തിന് ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഹരിത ശിവരാത്രിയായാണ് ആഘോഷിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആലുവ നഗരത്തില്‍ മദ്യ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. മണപ്പുറത്ത് ഒരുക്കിയ താത്കാലിക നഗരസഭാ ഓഫീസില്‍ തിങ്കളാഴ്ച രാത്രി പ്രത്യേക കൗണ്‍സില്‍ ചേരും.

പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍, ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം, ഹോമിയോ ഡിസ്പെന്‍സറി എന്നിവയും മണപ്പുറത്ത് ഉണ്ടാകും. ശിവരാത്രി ആരംഭിച്ചു കഴിഞ്ഞാല്‍ ഒരു മാസം നീളുന്ന വ്യാപാരമേളയും നഗരസഭ മണപ്പുറത്ത് നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aluva Manappuram gets ready for Maha Sivaratri festivities, Aluva, News, Festival, Religion, Temple, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?