ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാന് ഇനി പരീക്ഷണത്തിന്റെ നാളുകള്‍; നേരിടേണ്ടത് ദിവസങ്ങളോളമുള്ള ചോദ്യം ചെയ്യലിനെ

ന്യൂഡെല്‍ഹി: (www.kvartha.com 02.03.2019) പാക് തടവില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ധമാന് സ്വന്തം മണ്ണില്‍ ഉജ്വല വരവേല്‍പ്പ്. വാഗ അതിര്‍ത്തിയില്‍ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം വര്‍ധമാനെ രാത്രി ഡെല്‍ഹിയില്‍ എത്തിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ശനിയാഴ്ച കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹത്തോട് പാക് കസ്റ്റഡിയിലെ അനുഭവങ്ങള്‍ വിശദമായി ചോദിച്ചറിയും.

വെള്ളിയാഴ്ച രാത്രി 9.20ന് വാഗ അതിര്‍ത്തിയില്‍ വച്ചാണ് വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിക്കാന്‍ വാഗയില്‍ എത്തിയിരുന്നു. ഊര്‍ജസ്വലനായി കാണപ്പെട്ട അഭിനന്ദനനെ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. വേഗത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പരിശോധനകള്‍ക്കുശേഷം അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ അഭിനന്ദനെ 12.20ഓടെ ഡെല്‍ഹിയിലെത്തിച്ചു.

Abhinandan Undergoes Medical Tests After Brief Family Meeting, Bug Scans and Debriefing to Follow, New Delhi, News, Politics, Pakistan, Custody, Airport, National, Trending.

എന്നാല്‍ വാഗ അതിര്‍ത്തിയില്‍, ചരിത്രത്തിന്റെ വാതില്‍ തുറന്ന് ജന്മനാടിന്റെ വരവേല്‍പ്പിലേക്കു മടങ്ങിയെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കാത്തിരിക്കുന്നത് സൈനിക നടപടിക്രമങ്ങളുടെ പരീക്ഷണ ദിനങ്ങളാണ്. ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ദിവസങ്ങളോളം ദീര്‍ഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂ

ഡീബ്രീഫിങ്ങ് എന്നറിയപ്പെടുന്ന നടപടികളുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക് അധികൃതരോട് അഭിനന്ദന്‍ എന്തൊക്കെ വെളിപ്പെടുത്തി എന്നറിയുകയാണ് ഡീബ്രീഫിങ്ങിന്റെ പ്രധാന ഉദ്ദേശം. പാക് കസ്റ്റഡിയിലെ അനുഭവങ്ങളും ചോദിച്ചറിയും. ഇതിനുശേഷമാകും അദ്ദേഹം മാധ്യമങ്ങളെ കാണുക.

രാഷ്ട്രത്തിന്റെ അന്തസ്സു കാത്ത ധീരസൈനികനോട് ക്രൂരമെന്നു പോലും കരുതാവുന്നത്ര കഠിനമായ ചോദ്യംചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നതാണ് സൈനിക പ്രോട്ടോകോള്‍. ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ (ശരീരത്തിലേക്ക് കടത്തിവയ്ക്കാവുന്ന ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടെ) ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.

പാക് സൈനിക കസ്റ്റഡിയില്‍ തീവ്രമായ മാനസിക പീഡനത്തിനും, മനോനില തകര്‍ത്തുകളയുന്ന പീഡനങ്ങള്‍ക്കും അഭിനന്ദന്‍ ഇരയായിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സൈനികരെ ക്രൂര പിഡനങ്ങള്‍ക്കു വിധേയരാക്കിയോ, മാനസികനില അസ്ഥിരപ്പെടുത്തിയോ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതി ശത്രുക്കള്‍ക്കുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് സൈന്യത്തിന് അഭിനന്ദനില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ എന്നറിയണം. ഇതിനെല്ലാം സങ്കീര്‍ണ പരിശോധനകളും, ചോദ്യം ചെയ്യലും വേണ്ടിവരും.

ഏറ്റവും വേദനാജനകമെങ്കിലും, ഇത്തരം സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്തത് എന്ന് സൈനിക വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്ന ഒരു നടപടിക്രമമുണ്ട് ശത്രുക്കളുടെ ബ്രെയിന്‍ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാള്‍ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കാന്‍.

കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് പിടിയിലായ ശേഷം മടങ്ങിയെത്തിയ വ്യോമസേനാ പൈലറ്റ് നചികേതയുടെ കാര്യത്തില്‍ സൈനിക ഇന്റലിജന്‍സ് ഇത്തരം ചോദ്യംചെയ്യല്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടെ മകന്‍ എയര്‍ മാര്‍ഷല്‍ കെ.സി. നന്ദ കരിയപ്പ 1965ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി.


Keywords: Abhinandan Undergoes Medical Tests After Brief Family Meeting, Bug Scans and Debriefing to Follow, New Delhi, News, Politics, Pakistan, Custody, Airport, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?