പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍; പ്രദേശം ശക്തമായ പോലീസ് വലയത്തില്‍

കല്‍പറ്റ: (www.kvartha.com 07.03.2019) ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പോലീസ് അറിയിച്ചു. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി. ജലീലാണ് കൊല്ലപ്പെട്ടത്. റിസോര്‍ട്ടിനുള്ളിലെ മീന്‍ കുളത്തോട് ചേര്‍ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം. അതേസമയം റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും ജീവക്കാരെയും പോലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇവര്‍ സുരക്ഷിതരാണ്.

 Encounter between thunder bolt and Maoists in Wayanad, Maoists, Dead, Dead Body, Police, Malappuram Native, Obituary, Kerala, News

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോകും. റിസോര്‍ട്ടിലെത്തിയ സായുധസംഘത്തിലെ മറ്റുള്ളവര്‍ സമീപത്തെ കാട്ടിലേക്കു രക്ഷപ്പെട്ട സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന തുടരുന്നു. മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി.പി. മൊയ്തീന്റെ സഹോദരനാണ് ജലീല്‍.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തിരച്ചിലിനും മറ്റുമായി ലക്കിടിയിലേക്ക് കൂടുതല്‍ പോലീസ് സംഘമെത്തി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കാട്ടില്‍ തിരച്ചില്‍ നടത്തിവരികയാണ്. ആയുധധാരികളായ അഞ്ചു പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന.

പ്രദേശം പൂര്‍ണമായും പോലീസ് വലയത്തിലാണ്. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ സായുധരായി മാവോയിസ്റ്റുകള്‍ എത്തിയതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അംബ തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്‍പ് ഇവര്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചത്.

ഏറ്റുമുട്ടലിനിടെ വെടിയേറ്റ രണ്ടു മാവോയിസ്റ്റുകളില്‍ ഒരാളാണു മരിച്ചതെന്നും സൂചനയുണ്ട്. വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു മാവോയിസ്റ്റുകള്‍ എത്തിയത്. ദേശീയപാതയോരത്തെ റിസോര്‍ട്ടിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘം പണം ആവശ്യപ്പെട്ടു. ഫ്രണ്ട് ഓഫീസ് ജീവനക്കാര്‍ നിഷേധിച്ചതോടെ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നുവെന്നാണു വിവരം. ഇവര്‍ പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെയാണ് പോലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിട്ടത്.

ബുധനാഴ്ച രാത്രി എട്ടരമണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോര്‍ട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയില്‍ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്.

റിസോര്‍ട്ടിനു പുറത്തും അകത്തും തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കയറിയാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അവിടെയും തിരച്ചില്‍ നടത്തി. നടപടികളുടെ ഭാഗമായി പ്രദേശത്തു വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

പ്രദേശം തണ്ടര്‍ബോള്‍ട്ടും കല്‍പറ്റ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസും വളഞ്ഞപ്പോഴാണു വെടിയുതിര്‍ത്തത്. ഇതോടെ പോലീസ് തിരിച്ചു വെടിവച്ചു. അക്രമമുണ്ടായതോടെ ബംഗളൂരു ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പാതയില്‍ ഗതാഗത തടസ്സമുണ്ടായി. റിസോര്‍ട്ടിനുള്ളില്‍നിന്നു തുടര്‍ച്ചയായി വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ ആദിവാസി കോളനികളില്‍ തമ്പടിച്ച ശേഷമാണു മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലേക്കെത്തിയതെന്നു പോലീസ് പറഞ്ഞു.

വൈത്തിരി അംബ സുഗന്ധഗിരി മേഖലയില്‍ പോലീസ് ഔട്ട്പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോര്‍ട്ട് ആക്രമണമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് ഇവിടെയുണ്ടായത്.

ഒറ്റപ്പെട്ട വീടുകളിലും കോളനികളിലും എത്തി ഭക്ഷണമാവശ്യപ്പെടുകയും രാഷ്ട്രീയപ്രചാരണം നടത്തുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. അടുത്തകാലത്തു വയനാട്ടിലെയും പരിസരത്തെയും ചിലയിടങ്ങളില്‍ തോക്കുധാരികള്‍ എത്തിയ സംഭവവുമുണ്ടായിരുന്നു. എന്നാല്‍, ഇതുപോലെ നേരിട്ടൊരു ആക്രമണ സാധ്യത പോലീസും കരുതിയിരുന്നില്ലെന്നതാണു വാസ്തവം.

സംഭവമറിയാതെ ദേശീയപാതയിലൂടെയെത്തിയ വാഹനങ്ങള്‍ റിസോര്‍ട്ട് പരിസരത്തിന് ഇരുഭാഗത്തുമായി കുടുങ്ങി. താമരശ്ശേരി ചുരത്തിലേക്കു ഗതാഗതസ്തംഭനം നീണ്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Encounter between thunder bolt and Maoists in Wayanad, Maoists, Dead, Dead Body, Police, Malappuram Native, Obituary, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?