ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കാതെ 19കാരി ജന്മം നല്‍കിയ ഐ എസ് ഭീകരന്റെ കുഞ്ഞ് പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

ലണ്ടന്‍: (www.kvartha.com 09.03.2019) ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കാതെ 19കാരി ജന്മം നല്‍കിയ ഐ എസ് ഭീകരന്റെ കുഞ്ഞ്  ഒടുവില്‍ പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഐ എസിന്റെ മണവാട്ടിയാകാനായി 15-ാം വയസില്‍ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം സിറിയയിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ഷെമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി രണ്ടാഴ്ച മുമ്പ് ജന്മം നല്‍കിയ ഐഎസ് ഭീകരന്റെ കുഞ്ഞിനെയാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് വളാരാന്‍ അനുവദിക്കാതെ മരണം തട്ടിയെടുത്തത്.

ഇപ്പോള്‍ പത്തൊന്‍പതുകാരിയായ ഷമീമ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ രണ്ടാഴ്ച മുമ്പാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഷമീമയുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. ഷെമീമയ്ക്ക് ആദ്യമുണ്ടായ രണ്ടുകുട്ടികളും സമാനരീതിയില്‍ തന്നെ മരണമടഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞിനെയെങ്കിലും സുരക്ഷിതമായി പ്രസവിച്ചു വളര്‍ത്താനാണ് ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷെമീമ മോഹിച്ചത്. ഇതിന്റെ പേരില്‍ ഐഎസ് പെണ്‍കുട്ടിയുടെ പൗരത്വം തന്നെ ബ്രിട്ടന്‍ റദ്ദാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

Shamima Begum: IS teenager's baby son has died, SDF confirms, London, News, Controversy, Protection, Child, Media, Trending, World

ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമപോരാട്ടത്തിലാണ് ഷെമീമ. ഐ എസ് ലോകത്തുനിന്നും മാറി കുഞ്ഞിനെ നന്നായി വളര്‍ത്തണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് വരാന്‍ ഷമീമ അനുവാദം ചോദിച്ചത്. ബംഗ്ലാദേശ് പൗരത്വവും ബ്രിട്ടീഷ് പൗരത്വവുമുള്ള ഷമീമയ്ക്ക് എന്നാല്‍ നിരാശയായിരുന്നു ഫലം.

കുഞ്ഞിനെ സ്വീകരിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തയ്യാറായില്ല. ജന്മംകൊണ്ടുതന്നെ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഈ ആണ്‍കുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. ക്യാംപിനു സമീപം തന്നെയുള്ള ജയിലില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്.

ഇയാളെ മരണവിവരം അറിയിച്ചതായും അഭയാര്‍ഥി ക്യാംപിന്റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മരണം ഷെമീമയുടെ അഭിഭാഷകന്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്ക് മടങ്ങിയെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം അതു തടയാന്‍ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് രണ്ടു ദിവസങ്ങള്‍ക്കകം അഭയാര്‍ഥി ക്യാംപില്‍ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ മകനെ ഇസ്ലാമായി തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തി.

യുകെയിലേക്ക് മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്ക് മടിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ ഇസ്ലാമിക് സ്റ്റേറ്റിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ ബിബിസി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടു പിന്നാലെയാണ് പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്.

1981ലെ ബ്രിട്ടീഷ് നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. പൊതു താല്‍പര്യത്തിന് അനിവാര്യമെന്നു കണ്ടെത്താനായാല്‍ ഒരാളുടെ പൗരത്വം റദ്ദാക്കാന്‍ നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്.

ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നു മാത്രമേയുള്ളു. ബംഗ്ലാദേശില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടതാണ് ഷെമീമ. ഇവര്‍ക്ക് ഇരട്ട പൗരത്വമുള്ള സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്തത്.

എന്നാല്‍ തനിക്ക് ബംഗ്ലാദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലെന്നും ഒരിക്കല്‍പോലും ബംഗ്ലാദേശില്‍ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോട് പറഞ്ഞത്. ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങള്‍ ഹോം ഓഫിസ് പുറത്തുവിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ആരെയും തള്ളിവിടില്ലെന്നാണ് ഹോം ഓഫിസ് വക്താവ് വ്യക്തമാക്കുന്നത്. വിവിധ ഭീകരസംഘടനകള്‍ക്കു പിന്തുണയുമായി രാജ്യംവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകള്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015 ലാണ് ഷെമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നും സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്.

ലണ്ടനിലെ ഗ്വാട്ടിക് വിമാനത്താവളത്തില്‍നിന്നും തുര്‍ക്കിയിലേക്കാണ് ഇവര്‍ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുര്‍ക്കി അതിര്‍ത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്തു ദിവസം ഇതിനായി കാത്തിരുന്നതോടെ, ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു പ്രായം. ഇയാള്‍ക്കൊപ്പമാണ് പിന്നീട് കഴിഞ്ഞതും മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതും.

കിഴക്കന്‍ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസില്‍നിന്ന് രക്ഷപ്പെട്ടാണ് ഇപ്പോള്‍ ക്യാംപിലെത്തിയത്. സിറിയന്‍ പട്ടാളത്തിനു മുന്നില്‍ ഭര്‍ത്താവ് കീഴടങ്ങിയപ്പോഴാണ് വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലേക്ക് പോരാന്‍ ഷെമീമ നിര്‍ബന്ധിതയായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shamima Begum: IS teenager's baby son has died, SDF confirms, London, News, Controversy, Protection, Child, Media, Trending, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?