എസ്എഫ്‌ഐക്കാര്‍ സോഡാക്കുപ്പി കൊണ്ട് കുത്തിയ പാട് മറയ്ക്കാന്‍ വളര്‍ത്തിയ താടി വടിക്കണമെങ്കില്‍ നേര്‍ക്കുനേര്‍ നിന്ന് തോല്‍പ്പിക്കുന്ന ദിവസം വരണം; 1990ല്‍ കോളജില്‍ പഠിക്കുമ്പോള്‍ ചെയ്ത ശപഥം നിറവേറ്റാനുള്ള അവസരമാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്

പാലക്കാട്: (www.kvartha.com 28.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നിനൊന്ന് മെച്ചമുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. പ്രഖ്യാപനം വളരെ വൈകിയാണ് വന്നതെങ്കിലും, 'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍' എന്ന പോലെയാണ് ഓരോ മണ്ഡലത്തിലെയും കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥികള്‍. അതില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്തപ്പെട്ടയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍.

അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും സ്വന്തം കഴിവ് നേതൃത്വത്തിന് മുന്നില്‍ ബോധ്യപ്പെടുത്തിയാണ് ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെത്തിയത്. പാലക്കാട് ഡിസിസി പ്രസിഡന്റായ അദ്ദേഹം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ജില്ലയെ ഇളക്കിമറിച്ച് പദയാത്ര നടത്തുകയായിരുന്നു ശ്രീകണ്ഠന്‍. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി മാധ്യമങ്ങളും ഏറ്റെടുത്തതോടെ നേതൃത്വവും ശ്രദ്ധിച്ചു. ദേശീയ നേതാക്കള്‍ക്കിടയിലും ജയ്‌ഹോ പദയാത്ര ശ്രദ്ധിക്കപ്പെട്ടതോടെ പാലക്കാട്ടേക്ക് ശ്രീകണ്ഠന്‍ അല്ലാതെ മറ്റൊരു പേര് നിര്‍ദേശിക്കാന്‍ നേതൃത്വത്തിനായില്ല.

പക്ഷേ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് വേണ്ടി ശ്രീകണ്ഠന്‍ നടത്തിയ പോരാട്ടങ്ങളും ശ്രദ്ധേയമാണ്. സ്‌കൂള്‍ കാലം മുതലേ കെ എസ് യുവിന്റെ പതാകയേന്തിയാണ് ശ്രീകണ്ഠന്‍ ഇവിടംവരെയെത്തിയത്. ഷൊര്‍ണൂര്‍ ടൗണ്‍ ബസ്റ്റ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് കൂടി കടന്നുപോകുന്ന കോണ്‍വന്റ് റോഡിലാണ് ശ്രീകണ്ഠന്റെ കൃഷ്ണ വിലാസം വീട് സ്ഥിതി ചെയ്യുന്നത്. വീട്ടില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ അപ്പുറമുള്ള ഗണേഷ്ഗിരി കുന്നിലെ ഗവ. ഹൈസ്‌കൂളില്‍ ചെന്നായിരുന്നു പഠനം. അഞ്ചാം ക്ലാസിലേക്കായിരുന്നു ഈ സ്‌കൂളില്‍ ചേര്‍ന്നത്. ദിവസം മൂന്ന് നേരം ഈ ദൂരം താണ്ടിയാണ് വി കെ ശ്രീകണ്ഠന്‍ സ്‌കൂളില്‍ വന്നുപോകുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും വീട്ടില്‍ വന്നുപോകാറാണ് പതിവ്.

നടന്നുവരുന്ന വഴിവക്കത്തെ വീട്ടുകാരും വഴിയാത്രക്കാരുമൊക്കെ നല്ല ബന്ധത്തിലായി. ആ സൗഹൃദങ്ങള്‍ പിന്നീട് കെഎസ്‌യു എന്ന പതാക കയ്യിലേന്തിയപ്പോഴും തുണയായി. കെ എസ് യുവിന്റെ തരിപോലുമില്ലായിരുന്ന സ്‌കൂളില്‍ കൊണ്ടുപോയി നീലപ്പതാക പാറിച്ച ചരിത്രവും ശ്രീകണ്ഠനുണ്ട്. എസ് എഫ് ഐയുടെ ചെങ്കോട്ടയാണ് ഗണേഷ്ഗിരി സ്‌കൂള്‍. അവിടെയാണ് ഈ പയ്യന്‍ കെഎസ്‌യുവിന്റെ കൊടി നാട്ടിയത്.

കൂട്ടുകാരെ ചേര്‍ത്ത് ഒരു യൂണിറ്റുമുണ്ടാക്കി. ഇതോടെ എസ്എഫ്‌ഐക്കാരുടെ കണ്ണിലെ കരുടമായി. ഒരു ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ മുതല്‍ ഷൊര്‍ണൂര്‍ ടൗണ്‍ വരെ അടിച്ചു. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി. ശ്രീകണ്ഠന്റെ ടേണിംഗ് പോയിന്റും അതായിരുന്നു. പിറ്റേ ദിവസവും ഇടം തോളില്‍ പുസ്തകവും വലംകയ്യില്‍ പതാകയുമേന്തി കൂട്ടുകാരെയും കൂട്ടി വീണ്ടും സ്‌കൂളിലേക്ക് തിരിച്ചു. അന്ന് മുതല്‍ ഷൊര്‍ണൂരില്‍ ശ്രീകണ്ഠനും കെ എസ് യുവും ശ്രദ്ധിക്കപ്പെട്ടു.

മറ്റൊരു ശപഥം ചെയ്ത കഥയും ശ്രീകണ്ഠനുണ്ട്. 1990 ല്‍ എസ് എന്‍ കോളജില്‍ പഠിക്കുമ്പോഴാണ് സംഭവം. കോളജിലെ രാഷ്ട്രീയ വൈരാഗ്യം കയ്യാങ്കളിയിലെത്തി. കെ എസ് യു നേതാവായ ശ്രീകണ്ഠനും സംഘവും എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠനെ കുത്തി. കവിളിലാണ് കുത്ത് കൊണ്ടത്. പല സ്റ്റിച്ചുകള്‍ ഇട്ട് ആ മുറിവ് ഉണക്കിയെങ്കിലും പാട് അവിടെ തന്നെ കാണുന്നുണ്ടായിരുന്നു.

പാട് കാണാതിരിക്കാന്‍ അന്നുമുതല്‍ താടിവളര്‍ത്താന്‍ തുടങ്ങി. അന്ന് ഒരു ശപഥവും എടുത്തു. ഇനി താടി വടിക്കണമെങ്കില്‍ തന്നെ ആക്രമിച്ച പ്രസ്ഥാനത്തെ നേര്‍ക്കുനേര്‍ നിന്ന് തോല്‍പ്പിക്കുന്ന ഒരു ദിവസം വരണമെന്നായിരുന്നു ശപഥം. അത് നിറവേറ്റാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ തന്റെ പാര്‍ട്ടി ശ്രീകണ്ഠന് നല്‍കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം ബി രാജേഷിനെ തോല്‍പ്പിച്ച് ഇടതുപക്ഷത്തിനെതിരെ നെഞ്ച് വിരിച്ച് നില്‍ക്കാനുള്ള അവസരം.

അച്ഛന്‍ കൃഷ്ണന്‍ നായര്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചയാളാണ്. ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ഒറ്റമുറിയില്‍ ചായക്കടയായിരുന്നു പിന്നീടുള്ള തൊഴില്‍. ഈ വരുമാനത്തിലായിരുന്നു കുടുംബം പോറ്റിയിരുന്നത്. സദാസമയവും പാര്‍ട്ടിപ്രവര്‍ത്തനമായിരുന്നു ശ്രീകണ്ഠന്റേത്. നാട്ടില്‍ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തി. സാമ്പത്തീകമായി ആണെങ്കിലും മുഖം നോക്കാതെ സഹായിക്കും. പക്ഷേ കയ്യില്‍ ചില്ലിക്കാശ് ഇല്ലാത്ത ശ്രീകണ്ഠന്‍ കൂട്ടുകാരില്‍ നിന്ന് വാങ്ങിയും അച്ഛന്റെ കടയിലെ പണപ്പെട്ടിയില്‍ നിന്ന് എടുത്തുമൊക്കെയായിരുന്നു പാവങ്ങളെ സഹായിച്ചിരുന്നത്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന - ദേശീയ നേതാവ് ആയിരുന്നപ്പോഴും തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള വഴി അച്ഛന്റെ ചായക്കട തന്നെയായിരുന്നുവെന്നതാണ് ഏറെ ആശ്ചര്യം. ഈ തെരഞ്ഞെടുപ്പ് കാലത്തും സഹായവുമായി നിരവധി പേര്‍ ശ്രീകണ്ഠനെ തേടിയെത്തുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മറിച്ചൊന്ന് ചിന്തിക്കാന്‍ അവര്‍ക്കുമാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, Election, Congress, Trending, News, Story behind VK Srikantan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?