കേരളത്തിലെ കര്‍ഷകരും ആത്മഹത്യയുടെ വക്കില്‍; നെല്ലിനെക്കാള്‍ വരിനെല്ല് വളര്‍ന്നതോടെ കൊയ്ത്ത് ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍

ഹരിപ്പാട്:(www.kvartha.com 24/02/2019) മഹാപ്രളയത്തെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. വിളവെടുക്കാറായ നെല്‍ച്ചെടിക്കുപകരം വരിനെല്ല് വളര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പുഞ്ചകൃഷിവിളവെടുപ്പിന് ഏതാനം ആഴ്ചകള്‍മാത്രം ബാക്കി നില്‍ക്കെ കതിരണിഞ്ഞ നെല്‍ച്ചെടികള്‍ക്കൊപ്പം വരിനെല്ലും കണ്ടുതുടങ്ങിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വരിനെല്ലുകള്‍ നശിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ കര്‍ഷകര്‍ അവലംബിച്ചെങ്കിലും ദിനംപ്രതിയെന്നോണം വരിനെല്ലുകള്‍ പെരുകുകയാണ്. വരിനെല്ല് നീക്കംചെയ്യുന്നത് ഉള്‍പ്പെടെ കൃഷിച്ചെലവുകള്‍ കൂടുന്നതിനാല്‍ കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. അതോടൊപ്പം ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ മുന്നറിയിപ്പും നല്‍കുന്നു.

News, Kerala, Farmers, Paddy, Agriculture department, Paddy farming loss: Farmers in dilemma

അപ്പര്‍ കുട്ടനാട്ടിലെ പുഞ്ചകൊയ്ത്തിന് കളമൊരുങ്ങിയ പാടശേഖരങ്ങളിലാണ് വരള്‍ച്ചയ്ക്കു പുറമേ കളകളായ വരിനെല്ലിന്റെയും മൈസൂര്‍ കവടയുടെയും ശല്യം രൂക്ഷമാകുന്നത്. വീയപുരം, ചെറുതന നിരണം, പെരിങ്ങര കൃഷിഭവനുകളുടെ പകുതിയോളം പാടശേഖരങ്ങളിലും കള വ്യാപകമായി ബാധിച്ചിരിക്കുകയാണ്.

വീയപുരത്ത് മുണ്ട്തോട് പോളത്തുരുത്ത്, കട്ടക്കുഴി, ചെറാക്കുഴി പോട്ടകളക്കാട്ട്, വെള്ളക്കുഴി പാമ്പനം, ഉപ്പായിക്കേരി മുട്ടുംപാടം, നിരണത്ത്, അടിയോടിച്ചാല്‍, അയ്യന്‍കോനാരി, നിരണത്തുതടം, വാര്‍ഡ് ഒന്ന് പാടശേഖരം, ഇരതോട് എന്നിവിടങ്ങളിലും ചെറുതനയില്‍ അച്ചനാരികൂട്ടംകൈത, പെരിങ്ങരയില്‍ വേങ്ങല്‍, പെരുന്തുരുത്തി, കോടങ്കേരിയിലുമാണ് കൂടുതലായി കാണുന്നത്. 85 - 90 ദിവസമായ നെല്ലാണ് എവിടെയുമുള്ളത്. ഒരു മാസം കഴിഞ്ഞാല്‍ കൊയ്തെടുക്കേണ്ട നെല്ല് കാണാനാവാത്ത വിധം വരിനെല്ല് വളര്‍ന്ന് പൂത്തുനില്‍ക്കുകയാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലും പല പാടശേഖരങ്ങളിലും വരിനെല്ലിന്റെ ഉപദ്രവം കാര്യമായി ബാധിക്കുകയും വിളവ് കുറയുകയും ചെയ്തിരുന്നു. നിലമൊരുക്കലിലും വിത്ത് തിരഞ്ഞെടുക്കുന്നതിലും വന്ന ജാഗ്രതക്കുറവാണ് വരിനെല്ലും കളയും നിറയാന്‍ കാരണമെന്നാണ് ഒരു പക്ഷം പറയുന്നത്.

നിലമൊരുക്കുന്ന സമയമാണ് കളകളെ നശിപ്പിക്കാനുള്ള ആദ്യശ്രമം വേണ്ടത്. വെള്ളം കയറ്റി കള കിളിര്‍പ്പിച്ച് കളയുകയാണ് ആദ്യത്തെ രീതി. വിതയ്ക്കുന്നതിനു മുമ്പ് വരമ്പ് വൃത്തിയാക്കി ചെളി കോരിവച്ച് കള മുളയ്ക്കാതെ നോക്കണം. കൂടുതല്‍ വിത്ത് വിതയ്ക്കുന്നതും ദോഷമാണ്. ഇതോടെ നെല്ല് തിങ്ങി വളരുകയും കള പറിച്ച് കളയാന്‍ കഴിയാതെ വരികയും ചെയ്യും. വിത്ത് വാരിയെറിഞ്ഞ് വിതയ്ക്കാതെ വിതയന്ത്രം ഉപയോഗിക്കുന്നതും കള നിയന്ത്രണത്തിനു സഹായിക്കും. നിലവില്‍ എല്ലാ കൃഷിഭവനുകളോടും ചേര്‍ന്ന് കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിതയന്ത്രം ഉണ്ട്. പക്ഷെ ആരും ഉപയോഗിക്കാറില്ല. പല സ്ഥലങ്ങളില്‍ നിന്നു വാങ്ങുന്ന വിത്തും കള എത്താന്‍ കാരണമാകുന്നുണ്ട്.

കൊയ്ത്തിനോടൊപ്പം ആരും വിത്ത് സ്വന്തമായി ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല. വിത്തിലൂടെയാണ് മൈസൂര്‍ കവടയും മറ്റും കേരളത്തിലെത്തുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് വരിനെല്ലും കളയും വളര്‍ന്നാല്‍ പറിച്ചുകളയുകയോ കളനാശിനി ഉപയോഗിക്കുകയോ ആണ് ചെയ്യേണ്ടത്.

നെല്ലിനിടയില്‍ വരിനെല്ല് വളര്‍ന്നാല്‍ നെല്ലിന്റെ 40% വിളവ് കുറയുമെന്നും 15വരി നെല്ലുണ്ടായാല്‍ 40%വും, 20ന് മീതെ 60%വും, അതിലും കൂടിയാല്‍ 70% വിളവ് നഷ്ടമുണ്ടാകുമെന്നാണ് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും നശിപ്പിക്കുന്നതിനും പലമാര്‍ഗ്ഗങ്ങളും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ കര്‍ഷകരില്‍ എത്തിയിട്ടില്ലെന്നുവേണം വിലയിരുത്താന്‍. ഒരു പാടത്തുനിന്നും മറ്റുള്ള പാടങ്ങളിലേക്ക് വ്യാപിക്കുകയാണ് വരിനെല്ലുകള്‍. കാര്‍ഷികമേഖലയിലെ മറ്റ് പ്രതിസന്ധികളോടൊപ്പം വരിനെല്ലും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതിന് പരിഹാരം കാണാന്‍ ഗവേഷണ സ്ഥാപനങ്ങളും സര്‍ക്കാരും, കാര്‍ഷിക ഏജന്‍സികളും, കൃഷിവകുപ്പും തയ്യാറാകണമെന്നാവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Farmers, Paddy, Agriculture department, Paddy farming loss: Farmers in dilemma


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?