ഒ.എന്‍.വി. സ്മൃതിദിനം; സമുചിതമായി ആചരിക്കാന്‍ ഗ്രാമവാസികള്‍

കൊല്ലം: (www.kvartha.com 12.02.2019) ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം ബഹുമതി നേടിയ ഒ.എന്‍.വി കുറുപ്പിന്റെ സ്മൃതിദിനമാണ്. ഒ.എന്‍.വി ജന്മഗൃഹ സ്മാരക സമിതിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ സജ്ജീകരിക്കുന്ന കവിതാശില്പാവിഷ്‌കാരത്തിനു മുന്നില്‍ കവിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

സി.പി.ഐ മണ്ഡലം കമ്മിറ്റി, വികാസ് കലാസാംസ്‌കാരികസമിതി. പുരോഗമന കലാസാഹിത്യസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ചവറയില്‍ അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ചവറയില്‍ ജനിച്ചുവളര്‍ന്ന ഒ.എന്‍.വി യ്ക്ക് ചവറയിലെ കരിമണ്ണും കായലും കടലും ഉപ്പുരസമുള്ള വെള്ളവും കവിതയ്ക്ക് വിഷയങ്ങളായിരുന്നു.

Malayalees pay tribute to O.N.V. Kurup on his death anniversary, Kollam, News, Writer, Kerala

ചവറയുടെ മണ്ണില്‍ കാലുറച്ചുനിന്നാണ് കവി കേരളീയനായതും ഭാരതീയനായതും. ചവറ എന്ന നാടും നമ്പ്യാടിക്കലെന്ന വീടും കവിക്ക് ഓക്‌സിജനാണെന്നാണ് ഒ.എന്‍.വി യുടെ മകന്‍ രാജീവ് ഒരിക്കല്‍ പറഞ്ഞത്. തിരുവനന്തപുരത്ത് താമസിക്കുമ്പോഴും കവിയുടെ മനസ്സുനിറയെ ചവറയുടെ പ്രകൃതി സൗന്ദര്യമായിരുന്നു.

സംസ്‌കൃത പണ്ഡിതനും പ്രസിദ്ധ ആയൂര്‍വേദ വൈദ്യനും ശ്രീമൂലം പ്രജാസഭയില്‍ മെമ്പറുമായിരുന്ന ഒ.എന്‍. കൃഷ്ണകുറുപ്പിന്റെ പുത്രനായി 1931 മെയ് 27 നാണ് ഒ.എന്‍.വി കുറുപ്പ് ജനിച്ചത്. തണ്ടളത്ത് ഗോവിന്ദകുറുപ്പിന്റെ മകള്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് മാതാവ്. ഈ ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയ മകനാണ് ഒ.എന്‍. വി. രാധാദേവിയും ശാന്താദേവിയുമായിരുന്നു സഹോദരിമാര്‍.

ഒ.എന്‍.വിയ്ക്ക് പരമേശ്വരന്‍ എന്ന പേരായിരുന്നു അച്ഛനമ്മമാര്‍ ആദ്യമിട്ടതെങ്കിലും അപ്പു എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. കൊല്ലത്തുള്ള വീട്ടിലായിരുന്നു ഒ.എന്‍.വിയുടെ ബാല്യത്തിന്റെ ഒരു ഭാഗം ചെലവഴിച്ചത്. 1939 ല്‍ ഒ.എന്‍.വി യുടെ എട്ടാംവയസിലായിരുന്നു പിതാവിന്റെ മരണം. അതിനുശേഷമാണ് അമ്മയുടെ തറവാടായ നമ്പ്യാടിക്കലേക്ക് വന്നത്. ചവറ ശങ്കരമംഗലം ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ അഞ്ചാംക്ലാസില്‍ പഠനം തുടര്‍ന്നു. പ്രശസ്ത നാടകകൃത്ത് സി.എന്‍. ശ്രീകണ്ഠന്‍നായരുടെ സൗഹൃദം സ്‌കൂളിലും നാട്ടിലും ഒ.എന്‍.വിക്ക് ആശ്വാസമായിരുന്നു.

കൊല്ലം എസ്.എന്‍ കോളജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബി.എയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും മലയാളം എം.എ ഒന്നാം റാങ്കോടുകൂടിയുമാണ് ഒ.എന്‍.വി പാസായത്. കോളജ് വിദ്യാഭ്യാസ കാലത്ത് നമ്പ്യാടിക്കല്‍ കുടുംബം സാംസ്‌ക്കാരിക കേന്ദ്രമായിരുന്നു. കെ.പി.എ.സി യുടെ സഹയാത്രികനായിരുന്ന കാലത്ത് എം.എല്‍ ഗോവിന്ദന്‍നായര്‍, ടി.വി തോമസ്, സി. അച്യുതമേനോന്‍, തോപ്പില്‍ഭാസി എന്നിങ്ങനെ പ്രശസ്തരുടെ ഒരു നിര തന്നെ നമ്പ്യാടിക്കലെത്തിയിരുന്നു.

കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ ഉദ്യോഗം നിഷേധിക്കപ്പെട്ടു. 1957 ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്് ജോലി കിട്ടിയത്. 1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ലക്ചററായി.

പതിനാലാമത്തെ വയസില്‍ മുന്നോട്ട് എന്ന കവിത ചവറ ഒ.എന്‍.വി കുറുപ്പ് എന്ന പേരില്‍ സ്വരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു. 1949 ല്‍ കൊല്ലത്തു നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ വായിച്ച അരിവാളും രാക്കുയിലും സമ്മാനം നേടി. പൊരുതുന്ന സൗന്ദര്യം, ദാഹിക്കുന്ന പാനപാത്രം മുതലായ ആദ്യകാല കൃതികള്‍ ജനങ്ങളെ ഒ.എന്‍.വി യുടെ ആരാധകരാക്കി.

1958 ല്‍ വിവാഹിതനായി. കോഴിക്കോട് കൊണ്ടയൂരിലെ പണ്ടാരത്തില്‍ പുത്തന്‍കുളത്തില്‍ സരോജിനി മഹാരാജാസ് കോളജില്‍ ഒ.എന്‍.വിയുടെ ശിഷ്യയായിരുന്നു. മക്കള്‍ രണ്ടുപേര്‍, രാജീവനും മായാദേവിയും. കര്‍ണാടകത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരാണ് രാജീവ്. നല്ലൊരു സംഗീത സംവിധായകന്‍ കൂടിയാണ് രാജീവ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ: മായാദേവി എന്ന മായക്കുട്ടി.

കവിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ചവറ എന്ന ഗ്രാമവും ഗ്രാമവാസികളും ഒന്നിച്ച് കവിയുടെ സ്മൃതിദിനം സമുചിതമായി ആചരിക്കുന്നതും തീര്‍ഥാടകരായി കവിഗൃഹത്തില്‍ എത്തുന്നതും സാംസ്‌കാരിക ലോകം മഹാകവിയെ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിന് തെളിവാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalees pay tribute to O.N.V. Kurup on his death anniversary, Kollam, News, Writer, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?