പാല്‍പോലെ തന്നെ പരിശുദ്ധം: പ്രളയത്തെ അതിജീവിച്ച് പ്രവാസിയുടെ കാലിവളര്‍ത്തല്‍

മാന്നാര്‍: (www.kvartha.com 10.02.2019) പ്രളയത്തെ അതിജീവിച്ച് കാലിവളര്‍ത്തലില്‍ പ്രവാസിയുടെ വിജയഗാഥ. പതിറ്റാണ്ടത്തെ പ്രവാസി ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ പണിക്കവീട്ടില്‍ എസ് കൃഷ്ണകുമാറാണ് (54) കാലിവളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി കണ്ടത്തിയത്. പരമ്പരാഗതമായി ലഭിച്ച മൃഗപരിപാലനത്തിന്റെ അറിവ് പ്രവാസി മലയാളിയെ വലിയ ഫാമിന്റെ ഉടമയായി വളര്‍ത്തി. 18 വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷം തിരികെ നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം അഞ്ച് വര്‍ഷമായി പശുവളര്‍ത്തല്‍ തുടങ്ങിയിട്ട്. പതിനാല് പശുക്കളുമായിട്ടായിരുന്നു തുടക്കം.

ഇപ്പോള്‍ 150ലധികം പശുക്കളാണ് ഫാമിലുള്ളത്. ആദ്യഘട്ടത്തില്‍ പശുക്കളെ വാങ്ങിയിരുന്നത് ഇടനിലക്കാര്‍ വഴിയായിരുന്നു. എന്നാല്‍ ഇടനിലക്കാരുടെ ചൂഷണം കൃഷ്ണകുമാറിനെ തിരിച്ചടിയായത് ഫാം എന്ന ആശയത്തിലേക്ക് തിരിഞ്ഞു. സങ്കരയിനത്തില്‍പ്പെട്ട എച്ച് എഫ്, ജേഴ്‌സിയിനത്തില്‍പ്പെട്ട പശുക്കളുമാണധികവും. കറവയുള്ളവ 35, കീടാരികള്‍ 45, എരുമ വലുത് രണ്ട്, കിടാവുകള്‍ നാല് എന്നിവ ഉള്‍പ്പെടെ 150 ഓളം പശുക്കളാണ് ഫാമിലുള്ളത്. 60 സെന്റ് വസ്തുവില്‍ 40 സെന്റിലാണ് ഫാം നിര്‍മിച്ചിട്ടുള്ളത്. 6000 സ്‌ക്വയര്‍ഫിറ്റില്‍ നാല് ഭാഗങ്ങളിലായി ടിന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ഷെഡാണ് നിര്‍മിച്ചിരിക്കുന്നത്.

ഒരു പശുവിന് ഒരുഫാനും ഒരിഞ്ച് കനത്തില്‍ നാലടി വീതിയിലും, ആറടി നീളവുമുള്ള റബര്‍മാറ്റുമാണ് ഫാമില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഉണങ്ങിയ പുല്ലുകള്‍ കത്തിച്ച് പുകയുണ്ടാക്കി കൊതുകുകളെ തുരത്തും. ഫാമിന്റെ പരിസരത്ത് ഗോമൂത്രം പ്രത്യേക ടാങ്കുകള്‍ കെട്ടിയാണ് സംരക്ഷിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലികള്‍ ചെയ്യുന്ന ഇവിടെ ബയോഗ്യാസ് ഉണ്ടാക്കി പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

കൃഷിക്ക് അനുയോജ്യമായ രീതിയില്‍ തൊഴുത്തില്‍ നിന്നും ചാണകം ചാക്കിലാക്കി പ്രത്യേക സ്ഥലത്ത് 50 കിലോ ചാക്കുകളിലാക്കി നൂറ് രൂപ നിരക്കില്‍ വില്‍പ്പനയും നടത്തുന്നത് ധാരാളം കൃഷിക്കാര്‍ക്ക് ആശ്വാസമാണ്. മൂന്നിടങ്ങളിലായി പാട്ടത്തിനെടുത്ത ഏഴേക്കര്‍ പുരയിടത്തില്‍ പശുക്കള്‍ക്കായി തീറ്റപുല്‍ കൃഷിയും ഇതോടൊപ്പം നടത്തുന്നുണ്ട്. പുലര്‍ച്ചെ തൊഴുത്ത് കഴുകി വൃത്തിയാക്കി പശുക്കള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷമാണ് കറവയന്ത്രം ഉപയോഗിച്ച് കറവ നടത്തുന്നത്.

കാലിത്തീറ്റ, പരുത്തി പിണ്ണാക്ക്, ചോളമാവ്, പുല്ല് എന്നിവയാണ് കാലികള്‍ക്ക് നല്‍കുന്നത്. പശുക്കളെ വില്‍ക്കുകയോ, കശാപ്പ്കാര്‍ക്ക് നല്‍കുകയോ ചെയ്യാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പശുക്കളെ കുളിപ്പിക്കുന്നതിനും തീറ്റകൊടുക്കുന്നതും കുടിവെള്ളം അടുത്ത് കിട്ടുന്നതടക്കമുള്ള ആധുനീക സംവിധാനം ഉപയോഗിച്ചുള്ള ശാസ്ത്രീയമായ രീതിയിലാണ് കന്നുകാലി പരിപാലനം. സങ്കര ഇനത്തില്‍പ്പെട്ട പശുക്കളാണ് അധികവും. പ്രതിദിനം 500 ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ട്. വീട്ടാവശ്യങ്ങള്‍ക്കായി സമീപവാസികള്‍ക്കും പാല്‍ വിതരണം നടത്തുന്നു.

പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത നിലയിലാണ് ഫാമിന്റെ പ്രവര്‍ത്തനം നടത്തുന്നത്. കന്നുകാലി പരിപാലനത്തിനായി സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നുള്ള പരാതിയും ഈ പ്രവാസിയിലുണ്ട്.

കാര്‍ഷിക ലോണിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബാങ്കില്‍ നിന്നും 13.75 ശതമാനത്തില്‍ വായ്പയെടുത്ത ഇദ്ദേഹം മുടക്കം കൂടാതെ വായ്പ അടയ്ക്കുന്നുണ്ട്. പുലര്‍ച്ച രണ്ടിന് ആരംഭിക്കുന്ന കന്നുകാലിപരിപാലനം പകല്‍ 2.30നാണ് അവസാനിക്കുന്നത്. ഭാര്യ മായയും, മകള്‍ കാര്‍ത്തിക എന്നിവര്‍ സഹായവുമായി ഒപ്പമുണ്ട്. മാന്നാര്‍ വെറ്റിനറി ഡോ. മാത്യൂ തങ്കച്ചന്‍ മാവേലിക്കര ക്ഷീരവികസന സീനിയര്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ഈ രംഗത്ത് ലഭിക്കുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Farmers, Flood, Krishna Kumar Survives flood with Dairy farming
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?