തകര്‍ന്ന കുടിലുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് മോചനം; മുഹമ്മദ് കുഞ്ഞിയും ഭാര്യ നബീസയും ഇന്ന് സന്തോഷത്തിലാണ്

വിദ്യാനഗര്‍: (www.kasargodvartha.com 25.02.2019) ഓടുമേഞ്ഞ ഒറ്റമുറി വീട് നിലംപൊത്തിയപ്പോള്‍ പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളെ മാറോട് ചേര്‍ത്ത് നിസഹായതയുടെ കണ്ണീരണിഞ്ഞ മുളിയാര്‍ കാട്ടപ്പള്ളത്തെ കെ മുഹമ്മദ് കുഞ്ഞിയും ഭാര്യ നബീസയും ഇന്ന് സന്തോഷത്തിലാണ്. പ്രളയ ബാധിതകര്‍ക്കായി സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതിയില്‍പ്പെടുത്തി ജില്ലയില്‍ പണിയുന്ന ഏഴ് വീടുകളിലൊന്ന് മുഹമ്മദ് കുഞ്ഞിയുടെതാണ്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കനത്ത മഴയിലും കാറ്റിലുമാണ് ഇവരുടെ ആറ് സെന്റ് സ്ഥലത്തെ ഒറ്റമുറി കൂര നിലം പൊത്തിയത്. കൂലി പണിചെയ്താണ് മുഹമ്മദ്കുഞ്ഞി കുടുംബം പുലര്‍ത്തിവന്നിരുന്നത്. നടുവേദനകാരണം കുറച്ച് കാലമായി കൂലിപ്പണി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മുഹമ്മദ് കുഞ്ഞി. അന്തിയുറങ്ങിയിരുന്ന വീടും തകര്‍ന്നതോടെ കുടുംബം കണ്ണീര്‍കയത്തിലായിരുന്നു. പുതിയ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് മുഹമ്മദ്കുഞ്ഞിയും ഭാര്യ നബീസയും മക്കളായ ബേപ്പ് എ.എല്‍.പി.സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി ഫാത്തിമയും അഞ്ചുവയസുകാരിയായ നജിമയും.

കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന് സമാനമായ ദു:ഖം പേറുന്ന കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ വീട് പണിത് നല്‍കുന്നത്. കെയര്‍ഹോം പദ്ധതിയില്‍ ജില്ലയില്‍ പണിയുന്ന ഏഴ് വീടുകളില്‍ മൂന്ന് വീടുകളുടെ പണിയാണ് ഇതിനകം പൂര്‍ത്തിയായത്. രണ്ടര മാസം മുമ്പാണ് പണി തുടങ്ങിയത്. കാസര്‍കോട് താലൂക്കിലെ രണ്ടും മഞ്ചേശ്വരം താലൂക്കിലെ ഒരു വീടിന്റെയും പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ നാല് വീടുകളുടെ പണി മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാകും. അഞ്ച് ലക്ഷം രൂപ ചെലവിലാണ് വീടുകള്‍ പണിയുന്നത്. വീടുകളുടെ നിര്‍മ്മാണ ചുമതല സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്നു. പ്രാദേശിക സംഘാടക സമിതികളുടെ സഹായവും വീട് നിര്‍മ്മാണത്തിന് ലഭിക്കുന്നുണ്ട്.

മുഹമ്മദ് കുഞ്ഞിയെ കൂടാതെ ബെള്ളൂര്‍ നെല്ലിത്തടുക്കയിലെ ബീഫാത്വിമ, മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം. റോഡില്‍ ബീഫാത്വിമ, കിനാനൂരിലെ എ. ശ്രീധരന്‍, തൈവളപ്പിലിലെ പി.ഭാസ്‌കരന്‍, പറക്കളായി അയ്യങ്കാവിലെ എം. ജാനകി, കൊല്ലമ്പാറയിലെ വി.കെ. ലക്ഷ്മി എന്നിവര്‍ക്കാണ് വീട് പണിത് നല്‍കുന്നത്.

പണിപൂര്‍ത്തിയായ മൂന്ന് വീടുകളുടെ താക്കോല്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ബാങ്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈമാറും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനാകും. പി. കരുണാകന്‍ എം.പി. മുഖ്യാതിഥിയാകും. പദ്ധതി പ്രകാരം ഇതിനകം വിവിധ ജില്ലകളിലായി 200 വീടുകളാണ് പൂര്‍ത്തിയായത്. തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തിന്റെ തത്സമയ വീഡിയോ പ്രദര്‍ശനവും നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Vidya Nagar, Care home project; Construction of 3 houses completed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?