ശാപം കിട്ടിയ ചാമക്കുളം ശുദ്ധജലവിതരണ പദ്ധതിക്ക്‌മോക്ഷം നല്‍കാന്‍ ഋഷ്യശൃംഗനെത്തുമോ?

ചങ്ങനാശേരി:(www.kvartha.com 17/02/2019) കരിഞ്ഞുണങ്ങിയ ചാമക്കുളം പ്രദേശത്തെ ജനങ്ങളുടെ അവസാന ആശ്രയമായിരുന്നു ചാമക്കുളം ശുദ്ധജലവിതരണ സമിതിയുടെ പേരില്‍ ആരംഭിച്ച ജലനിധി പദ്ധതി. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡില്‍ അഞ്ചു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ പദ്ധതിയില്‍ പ്രദേശത്തെ 54 കുടുംബങ്ങളും ഏക അംഗന്‍വാടിയും അംഗങ്ങളായി. വീടൊന്ന് 10,000 രൂപ മുതല്‍ 15,000 രൂപവരെ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചുകഴിഞ്ഞു.

പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെത്തി, അവര്‍ തന്നെ നിര്‍ദ്ദേശിച്ച സ്ഥലത്ത് മൂന്നര സെന്റ് സ്ഥലം വാങ്ങി കുളം കുഴിച്ചു. പിന്നീട് അരസെന്റ് സ്ഥലം വാങ്ങി അവിടെ 12,500 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ഓവര്‍ ഹെഡ് ടാങ്കും സ്ഥാപിച്ചു. വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്‍കി ട്രയല്‍ റണ്ണും നടത്തി. പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായെങ്കിലും ചെളി കലര്‍ന്ന വെള്ളം യാതൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ആദ്യം ലഭിച്ച വെള്ളം പലരും പുരയിടത്തിലേക്ക് ഒഴുക്കിവിട്ടു. എന്നാല്‍ ചെളിവെള്ളം ഭൂമിയില്‍ താഴ്ന്ന് സമീപ പ്രദേശങ്ങളിലെ കിണറുകള്‍ പൂര്‍ണമായും മലിനമായതോടെ നാട്ടുകാര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നു. പിന്നീട് ടാങ്കിലേക്ക് അടിച്ച വെള്ളം തുറന്നു വിടാന്‍ പോലും കഴിയാതെ, ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ കെട്ടിക്കിടക്കുകയാണ്.

News, Kerala, Drinking Water, CPM,Changanachery Chamakulam water project


ഇതോടെ പ്രദേശത്തെ വീട്ടമ്മമാരുടെ കുടിവെള്ളം എന്ന സ്വപ്നവും അസ്തമിച്ചു. പദ്ധതിക്കായി മുടക്കിയ പണം പോലും തിരിച്ചുകിട്ടിയില്ല. ജലനിധി പദ്ധതിയുടെ 75 ശതമാനം തുക സംസ്ഥാനസര്‍ക്കാരും 15 ശതമാനം തുക ഗ്രാമപഞ്ചായത്തും ചെലവഴിക്കുമ്പോള്‍ ബാക്കി 10 ശതമാനം തുക മാത്രമാണ് ഉപഭോക്താക്കള്‍ അടയ്‌ക്കേണ്ടതുള്ളൂ. എന്നാല്‍ ചാമക്കുളം പദ്ധതിക്ക് കുളം കുത്താനുള്ള സ്ഥലത്തിന്റെ പണം മാത്രമേ ഇതുവരെ അധികാരികളില്‍ നിന്നും ലഭിച്ചിട്ടുള്ളൂ. പണമില്ലാതെ പദ്ധതി നിന്നു പോകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ഭാരവാഹികളില്‍ ചിലര്‍ ഓരോ ലക്ഷം രൂപ അധികമായി നിക്ഷേപിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറയുന്നു.

ചെളിനിറഞ്ഞ വെള്ളം സമീപത്തുള്ള തോട്ടിലേക്ക് ഒഴുക്കി വിട്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എങ്കിലും നാട്ടുകാരില്‍ ചിലര്‍ ഇതിന് തടസ്സം നില്‍ക്കുന്നതിനാല്‍ ഇത് സാധിക്കുന്നില്ല. ഇതുസംബന്ധിച്ച് ഭാരവാഹികള്‍ പലപ്രാവശ്യം എംഎല്‍എയേയും എംപിയേയും നേരിട്ടുകണ്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ജനരോധനത്തിനുമുന്നില്‍ ജനപ്രതിനിധികള്‍ നിസ്സഹായരായി കൈമലര്‍ത്തി. ചെളി കൂടാതെ ജലത്തില്‍ ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതും ഒരു പ്രശ്‌നമായിരുന്നു. വെള്ളം പ്യൂരിഫയര്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കാമെന്ന വാഗ്ദാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമായാല്‍ വെള്ളം വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്ക് എങ്കിലും ഉപയോഗിക്കാന്‍ കഴിയുമെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഇതിനായി ജലനിധി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മുട്ടത്തുകടവിലുള്ള ഓഫീസ് അടഞ്ഞുകിടക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജലനിധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗ്രാമപഞ്ചായത്തും കയ്യൊഴിഞ്ഞതോടെ ചാമക്കുളം ശുദ്ധജലവിതരണപദ്ധതി ഇപ്പോള്‍ ജലരേഖയായി മാറി. ഈ പ്രദേശത്ത് 200ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്കായി പ്രദേശത്ത് ഒരു കിയോസ്‌ക് വാട്ടര്‍ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ വെള്ളമില്ല, വായു മാത്രമേയുള്ളൂവെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഇതില്‍ നിറയ്ക്കാനുള്ള വെള്ളവുമായി, ഗ്രാമപഞ്ചായത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഋശ്യശൃംഗനെയും കാത്തിരിക്കുകയാണ് നാട്ടുകാര്‍. അതേ സമയം ചാമക്കുളം റെയില്‍വേക്ക് പടിഞ്ഞാറുവശം കല്ലിശ്ശേരി വെള്ളം എത്തുന്നുണ്ട്. ഈ വെള്ളം ചാമക്കുളം ഭാഗത്ത് എത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമവും പാഴായി. ഇപ്പോള്‍ വാഹനങ്ങളില്‍ കുടിവെള്ളം ഇറക്കുകയാണ് പ്രദേശവാസികള്‍. ആഴ്ചയില്‍ മൂന്നു തവണ വെള്ളം ഇറക്കുന്നതിന് 600 രൂപ ചെലവാകും. ഒരുമാസം 2400 രൂപ കുടിവെള്ളത്തിനായി ചെലവഴിക്കേണ്ടി വരുന്ന ഗതികേടിലാണ് നിര്‍ദ്ദനകുടുംബങ്ങള്‍. പൊതുവേ കൂലിപ്പണിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ കുടുംബങ്ങളുടെ മാസബജറ്റ് പൂര്‍ണമായും താളം തെറ്റിത്തുടങ്ങി.

ഗ്രാമപഞ്ചായത്ത് യുദ്ധകാലടിസ്ഥാനത്തില്‍ വാട്ടര്‍ കിയോസ്‌കില്‍ വെള്ളം നിറയ്ക്കുകയും ചാമക്കുളം പ്രദേശത്ത് വാഹനങ്ങളില്‍ ജല വിതരണം നടത്തുകയും ചെയ്യണമെന്ന് സിപിഎം ചാമക്കുളം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ചാമക്കുളം ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം പാവപ്പെട്ട ജനങ്ങള്‍ക്ക് ചെലവായ പണമെങ്കിലും തിരിച്ചു നല്‍കണമെന്നും ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Drinking Water, CPM,Changanachery Chamakulam water project


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?