പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നു; വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം

തിരുവനന്തപുരം: (www.kvartha.com 20.02.2019) പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നതോടെ വ്രതശുദ്ധിയോടെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. മംഗളമംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയത്. ബുധനാഴ്ച രാവിലെ 10.15 മണിയോടെ മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നിട്ടുണ്ട്.

ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തി വിഷ്ണു നമ്പൂതിരിക്ക് കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കും കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേല്‍ശാന്തിയാണ്. ഇവിടെ നിന്നു പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോള്‍ ചെണ്ടമേളം മുഴങ്ങും ഒപ്പം വെടിക്കെട്ടുമുണ്ട്. പണ്ടാര അടുപ്പില്‍ നിന്നു പകര്‍ന്നെടുക്കുന്ന തീ നിരവധി പന്തങ്ങളിലേക്ക് പകര്‍ന്നു.

Stage set for Attukal Pongala in Thiruvananthapuram, Thiruvananthapuram, News, Religion, Trending, Women, Temple, Kerala.

ശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളില്‍ വോളന്റിയര്‍മാര്‍ ദൂരെ ദിക്കുകളില്‍ പൊങ്കാലയിടുന്നവരുടെ അടുക്കല്‍ വരെ എത്തിക്കുകയാണ്. ഓരോ വഴിയുടെ മുന്നിലും പന്തത്തില്‍ നിന്നു തീ പകരാനായി ആളുകള്‍ കാത്തുനില്‍ക്കുകയാണ്. ഭക്തവനിതകള്‍ വായ്ക്കുരവകളോടെ ആ മുഹൂര്‍ത്തത്തെ എതിരേല്‍ക്കുകയാണ്.

പൊങ്കാലക്കലങ്ങളില്‍ പകര്‍ന്നുവച്ച വെള്ളം തിളയ്ക്കാന്‍ പിന്നെ നിമിഷങ്ങളേ വേണ്ടൂ. ദേവിയെ വണങ്ങി തിളച്ച വെള്ളത്തിലേക്ക് ധാന്യമണികള്‍ സമര്‍പ്പിക്കും. ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ പോലീസ് മൈക്കിലൂടെ തീപകരേണ്ട സമയം അറിയിക്കും. പൊങ്കാലക്കലങ്ങളിലേക്ക് മനമുരുക്കിയാണ് ഭക്തര്‍ അരിയും തേങ്ങയും ശര്‍ക്കരയും അര്‍പ്പിക്കുന്നത്.

ഉച്ചയ്ക്ക് 2.15 നാണ് നൈവേദ്യം. ഭക്തിപൂര്‍വം ഒരുക്കിയ വിഭവങ്ങളിന്മേല്‍ പുണ്യാഹമായി ആറ്റുകാലമ്മയുടെ അനുഗ്രഹം. ദേവീസവിധത്തില്‍ സ്വയം പൊങ്കാലയായി എരിഞ്ഞ, തിളച്ചുതൂവിയ മനസ്സുകള്‍ക്ക് ഇനി നിര്‍വൃതിയോടെ മടങ്ങാം. അടുത്തയാണ്ടിനും ഈ തിരുമുറ്റത്തൊരു പൊങ്കാലയ്ക്കായി മടങ്ങിവരാനുള്ള സൗഭാഗ്യം പ്രാര്‍ഥിച്ചുകൊണ്ട്.

രാത്രി ഏഴുമണിക്ക് കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍ക്കുത്ത് ആരംഭിക്കും. തുടര്‍ന്നു വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും കുത്തിയോട്ടക്കാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും. വ്യാഴാഴ്ച രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15 ന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stage set for Attukal Pongala in Thiruvananthapuram, Thiruvananthapuram, News, Religion, Trending, Women, Temple, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?