മികച്ച സേവനം: പോലീസുദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് ചീഫിന്റെ പ്രശംസാപത്രം

കാസര്‍കോട്: (www.kasargodvartha.com 16.02.2019) ജില്ലയില്‍ മികച്ച സേവനത്തിന് ഏഴ് പോലീസുദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് ജില്ലാ പോലീസ് ചീഫിന്റെ പ്രശംസാ പത്രം. കാസര്‍കോട് സിഐ ആയിരുന്ന എ എ റഹീം, ടൗണ്‍ എസ്‌ഐ അജിത്കുമാര്‍, മഞ്ചേശ്വരം സിഐ സിബി തോമസ്, ഹൊസ്ദുര്‍ഗ് എസ്‌ഐ സന്തോഷ്‌കുമാര്‍, ചന്തേര എസ്‌ഐ ബിപിന്‍ ചന്ദ്രന്‍, വെള്ളരിക്കുണ്ട് എസ്‌ഐ പ്രമോദ്, വിദ്യാനഗര്‍ എസ്‌ഐ അനൂപ്് എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ പ്രശംസാപത്രം നല്‍കി അംഗീകരിച്ചത്.

വര്‍ഗീയസംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ പുലര്‍ത്തിയ മികവും വാഹനാപകടങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണം നടത്തിയ സേവനവും പരിഗണിച്ചാണ് റഹീമിന് പ്രശംസാ പത്രം നല്‍കിയത്. കാസര്‍കോട് നഗരം ശുചീകരിക്കാന്‍ നേതൃത്വം നല്‍കിയതും പ്രശംസയ്ക്ക് കാരണമായി. റിയാസ് മൗലവി കേസിലെ ആധികാരിക സാക്ഷി കൂടിയായിരുന്നു സിഐ അബ്ദുര്‍ റഹീം.

ജോലിയോടുള്ള സമര്‍പ്പണത്തെയും കഠിനാധ്വാനത്തെയും പ്രത്യേകം അഭിനന്ദിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ ആയി സേവനമനുഷ്ഠിക്കുന്ന അജിത്കുമാറിനെ ജില്ലാ പോലീസ് ചീഫ് അഭിനന്ദിച്ചത്. ഏറെ വര്‍ഗീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്റ്റേഷനില്‍ കൃത്യതയോടെ കാര്യങ്ങളെ സമീപിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതാണ് അജിതിനെ അംഗീകാരത്തിനര്‍ഹനാക്കിയത്.

ഇപ്പോഴത്തെ മഞ്ചേശ്വരം സിഐ ആയ സിബി തോമസിന് തളങ്കര കോസ്റ്റല്‍ സിഐ ആയിരുന്നപ്പോള്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാദമായ ഒരു കേസ് അന്വേഷിച്ചതിലെ മികവ് പരിഗണിച്ചാണ് പ്രശംസപത്രം നല്‍കിയത്. കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിലവില്‍ മഞ്ചേശ്വരം പോലീസ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തുന്ന ഒരു കേസിന്റെ പുരോഗതിയിലും സിബി തോമസിനെ ജില്ലാ പോലീസ് ചീഫ് അഭിനന്ദിച്ചു.

ജില്ലയിലെ ഏറ്റവും അധികാരപരിധിയുള്ള ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സന്തോഷ് കുമാറിനെ തന്റെ സേവന മികവിനുള്ള അംഗീകാരമായി എസ്പിയുടെ പ്രശംസാപത്രം മാറി. കുറ്റകൃത്യങ്ങള്‍ കണ്ടെത്തല്‍, പോലീസ് സ്റ്റേഷന്‍ മാനേജ്‌മെന്റ്, ക്രമസമാധാനപാലനം തുടങ്ങിയ കാര്യങ്ങളിലെ മികവ് പോലീസ് ചീഫ് പ്രത്യേകം അഭിനന്ദിച്ചു.

നേരത്തെ വെള്ളരിക്കുണ്ട് എസ്‌ഐ ആയിരുന്ന പ്രമോദിനും ഇപ്പോഴത്തെ വിദ്യാനഗര്‍ എസ്‌ഐ അനൂപിനും മഞ്ചേശ്വരം എസ്‌ഐ ആയിരിക്കെ കാഴ്ച വെച്ച സേവനങ്ങള്‍ പരിഗണിച്ചാണ് പ്രശംസാപത്രം നല്‍കിയത്. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത സേവനത്തിന് പ്രമോദിനെയും അനൂപിനെയും എസ്പി അഭിനന്ദിച്ചു. കുട്ടികള്‍ക്കായി ആഴ്ചന്തോറും താലോലം ചൈല്‍ഡ് ക്ലീനിക്ക് പദ്ധതി നടപ്പിലാക്കുന്ന വിപിന്‍ ചന്ദ്രന്റെ സാമൂഹ്യ പ്രതിബദ്ധതയെയും ക്രമാസമാധാന പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനെയും ജില്ലാ പോലീസ് ചീഫ് പ്രത്യേകം അഭിനന്ദിച്ചു.


Keywords: Kerala, kasaragod, news, Police, Award, Appreciation certificate for 3 Cops by Dist Police Chief 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?