ഉണങ്ങി പൊടിയാറായ ഒറ്റമുറി ഓലപ്പുരയില്‍ നിന്നും ഉയരുന്നത് മാതാപിതാക്കളുടെയും സഹോദരിമാരുടെയും നിലവിളികള്‍; കുടുംബത്തിന് താങ്ങാകേണ്ട കൃപേഷിനെ കൊലക്കത്തിക്കിരയാക്കിയവര്‍ ചവിട്ടിമെതിച്ചത് നാല് ജന്മങ്ങളെ

പെരിയ: (www.kasargodvartha.com 18.02.2019) ഉണങ്ങി പൊടിയാറായ ഒറ്റമുറി ഓലപ്പുരയില്‍ നിന്നും ഉയരുന്നത് മാതാപിതാക്കളുടെയും സഹോദരിമാരുടെയും നിലവിളികള്‍. കുടുംബത്തിന് താങ്ങാകേണ്ട കൃപേഷിനെ കൊലക്കത്തിക്കിരയാക്കിയവര്‍ ചവിട്ടിമെതിച്ചത് നാല് ജന്മങ്ങളെയാണ്. ഓലമേഞ്ഞ മേല്‍ക്കൂരയില്‍ മഴ പെയ്താല്‍ ചോരാതിരിക്കാന്‍ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചിരിക്കുകയാണ്. ആ ഷീറ്റുകള്‍ക്ക് പോലും തുള വീണ് തുടങ്ങിയിരുന്നു. പാവപ്പെട ഈ കുടുംബത്തിന്റെ അത്താണിയെയാണ് രാഷ്ട്രീയ പകമൂത്ത നരാധമന്‍മാര്‍ തല കൊത്തിക്കീറിയത്.

ഇതിന്റെ ദുഖവും അമര്‍ഷവും കല്യോട്ടെ ഓരോ ആളുടെയും മുഖത്ത് പ്രകടമായിരുന്നു. ഈ ഓലപ്പുരയിലാണ് കൃപേഷും അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അന്തിയുറങ്ങിയിരുന്നത്. ദരിദ്ര കുടുംബാംഗമായ കൃപേഷ് ഏറ്റവും പെട്ടെന്ന് ഒരു ജോലി നേടാന്‍ വേണ്ടിയാണ് പ്ലസ്ടു കഴിഞ്ഞ ഉടനെ പെരിയ പോളിടെക്കിനിക്കില്‍ ചേര്‍ന്നത്. കല്യോട്ട് സ്‌കൂളില്‍ കെ.എസ്.യുവിന് വേണ്ടി പ്രവര്‍ത്തിച്ച കൃപേഷ് പെരിയ പോളിടെക്ക്‌നിക്കില്‍ എസ്.എഫ്.ഐയുടെ കണ്ണിലെ കരടായിരുന്നു. കൃപേഷിനെ നിരന്തരം പോളിടെക്‌നിക്കില്‍ നിന്നും അക്രമിക്കാന്‍ തുടങ്ങിയതോടെ യുവാവിന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പഠിത്തം തന്നെ നിര്‍ത്തേണ്ടി വന്നു.

പിന്നീട് പിതാവിനൊടൊപ്പം പെയിന്റിംഗ് ജോലിയെടുത്താണ് കുടുംബം പോറ്റി വന്നത്. പോളിയിലെ പഠിത്തം മതിയാക്കിയതോടെ ഒരു പട്ടാളക്കാരനാകുകയെന്നതായിരുന്നു കൃപേഷിന്റെ സ്വപ്നം. ആറ് മാസം മുമ്പ് പട്ടാളത്തിലേക്കുള്ള സെലക്ഷന്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തുവെങ്കിലും അവസാനം ഒരു ടെസ്റ്റില്‍ പരാജയപ്പെട്ട കൃപേഷ് അടുത്ത റിക്രൂട്ട്‌മെന്റിന് വിജയിക്കാന്‍ പ്രാക്ടീസിനും കോച്ചിംഗിനും പങ്കെടുത്ത് വരുന്നതിനിടയിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. 19 വയസ് മാത്രം പ്രായമുള്ള കൃപേഷിനെ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ അടിച്ച് കൈയ്യൊടിച്ചുവെന്ന് പറഞ്ഞ് ആറാം പ്രതിയാക്കിയിരുന്നു. സി.പി.എം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കൃപേഷിനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ കൃപേഷ് സ്ഥലത്തില്ലെന്ന് കണ്ട് കൃപേഷിനെ പോലീസ് കേസില്‍ നിന്ന് ഒഴിവാക്കിയതായും ബന്ധുക്കള്‍ വ്യക്തമാക്കി.

അമ്മ ബാലാമണി മകന്റെ മരണവിവരമറിഞ്ഞതോടെ തളര്‍ന്നിരിക്കുകയാണ്. മൂത്ത സഹോദരി കൃപയെ ചായ്യോത്ത് വിവാഹം കഴിച്ചയച്ചിരുന്നു. ഗര്‍ഭിണിയായ കൃപയെ അടുത്തിടെയാണ് പ്രസവത്തിനായി ഈ ഒറ്റമുറി വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നത്. ഇളയ സഹോദരി കൃഷ്ണപ്രിയ പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കൃപേഷിന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ കുറച്ചു നാളായി കൃപേഷ് വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്താണ് താമസിച്ചു വന്നിരുന്നത്.

പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍വൈരാഗ്യമാണ് കൃപേഷിന്റേയും ശരത് ലാലിന്റെയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൃപേഷിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder, Top-Headlines, Periya, Story about Kripesh
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?