ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ടുമതി ബാക്കി നടപടികള്‍; അണികളോട് കെ കുഞ്ഞിരാമന്റെ ആഹ്വാനം

കാസര്‍കോട്: (www.kvartha.com 22.02.2019) പെരിയ ഇരട്ടക്കൊലപാതകം വ്യക്തികള്‍ തമ്മിലുള്ള പ്രാദേശിക പ്രശ്‌നം എന്ന് സിപിഎം ആവര്‍ത്തിക്കുന്നതിനിടെ, പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സാക്ഷി മൊഴി.

ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫ എന്നിവര്‍ക്കെതിരെയാണു വെളിപ്പെടുത്തലുകള്‍. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമെന്നുമാണു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളുടെ ആരോപണം.

Periya twin murder; More CPM leaders trapped, kasaragod, News, Murder case, Crime, Criminal Case, Congress, Trending, CPM, Allegation, Kerala

പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സി.ജെ. സജിയെ (സജി ജോര്‍ജ്) പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കെ.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സിപിഎം നേതാക്കള്‍ മോചിപ്പിച്ചതായാണ് സാക്ഷി മൊഴി. കൊലപാതകം നടന്നതിന്റെ പിറ്റേന്ന്, രാത്രി 8.30നു ശേഷം വെളുത്തോളി പാക്കം ചെറോട്ടിയിലെ ഊടുവഴിയില്‍ സജിയുടെ വാഹനം കണ്ടു. വാഹനം പോലീസ് പരിശോധിക്കുന്നതിനിടെ സജി സ്ഥലത്തെത്തി.

തുടര്‍ന്നു സജിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയ കെ.വി. കുഞ്ഞിരാമന്‍ പോലീസിനെ ഭീഷണിപ്പെടുത്തി: ''എന്ത് വിവേകമില്ലായ്മയാണു കാണിക്കുന്നത്. നിങ്ങള്‍ ലോക്കല്‍ പോലീസ് മേലുദ്യോഗസ്ഥര്‍ പറഞ്ഞ പണി മാത്രം എടുത്താല്‍ മതി'' എന്ന് പറഞ്ഞു.

തുടര്‍ന്ന് ബലം പ്രയോഗിച്ചു കാറിന്റെ ഡോര്‍ തുറന്നു സജിയെ പുറത്തിറക്കി ഇവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പിറ്റേന്നു മറ്റു പ്രതികള്‍ക്കൊപ്പം സജി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ കെ.വി.കുഞ്ഞിരാമന്‍ പറയുന്നത്:

ബലം പ്രയോഗിച്ചു മോചിപ്പിച്ചു എന്നു പറയുന്നത് അടിസ്ഥാനരഹിതം. അവിടെ പോയിട്ടേയില്ല. സംഭവം നടന്നു എന്നു പറയുന്ന സമയം ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള പാക്കം ലോക്കല്‍ കമ്മിറ്റി ഓഫിസിലായിരുന്നു താന്‍ എന്നാണ്.

പ്രദേശത്ത് നിരന്തരം സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നു കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം കല്യോട്ട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാസംഘം ഓഫീസ് തീവച്ചു നശിപ്പിച്ചതിനു പിന്നാലെ തൊട്ടടുത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് തകര്‍ത്തിരുന്നു. പിറ്റേന്ന് കെ.കുഞ്ഞിരാമന്‍ സിപിഎം ഓഫീസ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ 'ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ടുമതി ബാക്കി നടപടികള്‍' എന്നു കൂടിനിന്ന അണികളോടു പറഞ്ഞു.

എന്നാല്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറയുന്നത്: തീവച്ചു നശിപ്പിക്കപ്പെട്ട ഓഫിസ് സന്ദര്‍ശിച്ചിരുന്നു. പക്ഷേ, അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല എന്ന്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സി പി എം കൂടുതല്‍ പ്രതിരോധത്തിലായി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനെയും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ. സുരേന്ദ്രനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു ജനുവരി ഏഴിനു കല്യോട്ട് നടത്തിയ യോഗത്തിലാണു മുസ്തഫയുടെ വിവാദ പ്രസംഗം.

'സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മര്‍ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. പക്ഷേ, ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍ നിന്നു റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ മുന്നില്‍ പെട്ടാല്‍ പിന്നെ കല്യോട്ടെന്നല്ല, ഗോവിന്ദന്‍ നായരെന്നല്ല, ബാബുരാജെന്നല്ല, ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തില്‍, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍, ചിതറിപ്പോകും.

ഇതു കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാന യോഗം വിളിച്ച് ഇങ്ങനെയാണു സിപിഎം പറഞ്ഞിട്ടുള്ളതെന്നു പറഞ്ഞുകൊടുക്കണം. നിങ്ങള്‍ കേസെടുത്താലും പ്രതിയെ പിടിച്ചാലും നിങ്ങള്‍ക്കു സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോ?'

പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന ഗോവിന്ദന്‍ നായര്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായരും ബാബുരാജ് കൊല്ലപ്പെട്ട ശരത് ലാലിന്റെ അടുത്ത ബന്ധുവും കോണ്‍ഗ്രസിന്റെ പുല്ലൂര്‍ പെരിയ മണ്ഡലം മുന്‍ പ്രസിഡന്റുമായ എം.കെ. ബാബുരാജുമാണ്. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാല്‍.

എന്നാല്‍ മുസ്തഫ പറയുന്നത്: പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്തു വിവാദമുണ്ടാക്കാനാണു ശ്രമം. പ്രതിഷേധ യോഗം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആരും മിണ്ടുന്നില്ല.


Keywords: Periya twin murder; More CPM leaders trapped, kasaragod, News, Murder case, Crime, Criminal Case, Congress, Trending, CPM, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?