ശബരിമല പുനപരിശോധന ഹര്‍ജികളിലെ വാദത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; കാലുമാറി ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: (www.kvartha.com 06.02.2019) ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെത്തിയ 56 പുനപരിശോധന ഹര്‍ജികളിലെ വാദം ബുധനാഴ്ച ആരംഭിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. എന്‍ എസ് എസ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബ്രാഹ്മണ സഭ, ശബരിമല തന്ത്രി, പന്തളം കൊട്ടാരം തുടങ്ങിയവര്‍ കോടതിയില്‍ വിധിക്കെതിരെ വാദിച്ചെങ്കിലുംദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും പ്രവേശന വിധിയെ ശക്തമായി അനുകൂലിച്ചു.

ക്ഷേത്രപ്രവേശനം അവകാശമാണെന്നും ശബരിമല പൊതുക്ഷേത്രമാണെന്നും സര്‍ക്കാര്‍ വാദിച്ചു. പ്രവേശന വിധിക്ക് ആധാരം തുല്യതയെന്നും ഹര്‍ജികള്‍ പുനപരിശോധിക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്തയുടെ വാദം.

ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്നും തുല്യത ഇല്ലാതാക്കുന്ന വാദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമാണെന്നും എല്ലാവര്‍ക്കും തുല്യ അവകാശമെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും, ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചു. എന്നാല്‍, യുവതീ പ്രവേശനത്തെ നേരത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നില്ലേയെന്ന് ഒരു ഘട്ടത്തില്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.

ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിശ്വാസികളെ വഞ്ചിച്ചുവെന്നും വിധി നീളുന്നതില്‍ ആശങ്കയുണ്ടെന്നും പന്തളം കൊട്ടാരം പ്രതിനിധി ആരോപിച്ചു. അതേസമയം സുപ്രീം കോടതി വിധിക്ക് ശേഷം നിലപാട് മാറ്റിയെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം.

എന്‍ എസ് എസ് ആണ് ആദ്യം വാദം ആരംഭിച്ചത്. ആചാരങ്ങളുടെ യുക്തി നോക്കേണ്ടതില്ല. പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും എന്‍ എസ് എസിന് വേണ്ടി ഹാജരായ അഡ്വ. പരാശരന്‍ വാദിച്ചു.

അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. എന്നാല്‍ യുവതീ പ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്നും ജാതിയുടെ അടിസ്ഥാനത്തിലല്ല, പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനമെന്നും എന്‍എസ്എസ് വാദിച്ചു. എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും തൊട്ടുകൂടായ്മയാണെന്ന് ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

നൈഷ്ഠികബ്രഹ്മചാരിയാണ് അയ്യപ്പന്റെ വിഗ്രഹമെന്നും വിഗ്രഹത്തില്‍ തന്ത്രിക്ക് പ്രത്യേക അധികാരമുണ്ടെന്നും തന്ത്രിക്ക് വേണ്ടി ഹാജരായ അഡ്വ. വി ഗിരി കോടതിയില്‍ വാദിച്ചു. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താണ് ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് വാദിക്കുന്നതെന്നും യുക്തി കൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയമല്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ അഡ്വ. മനു അഭിഷേക് സിംഗ് വി വ്യക്തമാക്കി. വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്ന് ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ഹാജരായ നാഫ്‌ഡേ കോടതിയില്‍ വാദിച്ചു.

അതേസമയം, ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. യുവതികളെ തടയുന്നത് മതാചാരപ്രകാരമാണെന്ന തന്ത്രിയുടെ വാദം കേട്ടതിന് പിന്നാലെയാണ് ഇന്ദു മല്‍ഹോത്ര പകര്‍പ്പ് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണുള്ളത്. വാദം തുടങ്ങിയ ഉടന്‍ തന്നെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ചോദിച്ചത്. യുവതീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും, ആ വിധി എന്തിനാണ് പുന:പരിശോധിക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

അതിനിടെ വധഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും കോടതിയില്‍ അറിയിച്ചു. ശുദ്ധികലശം തൊട്ടുകൂടായ്മയ്ക്ക് തെളിവാണെന്നും സ്ത്രീ അശുദ്ധമാണെന്ന് സ്ഥാപിക്കുന്നതാണ് ശുദ്ധികലശമെന്നും യുവതികള്‍ക്ക് വേണ്ടി ഹാജരായ ഇന്ദിര ജയ്‌സിംഗ് പറഞ്ഞു. പൂര്‍ണ അവകാശത്തോടെ മലചവിട്ടണമെന്നും കനകദുര്‍ഗയും ബിന്ദുവും വ്യക്തമാക്കി.

മൗലികാവകാശം വിശ്വാസത്തിനും മേലെയാണെന്ന് നിരീക്ഷിച്ച കോടതി കുംഭമാസ പൂജയ്ക്ക് നടതുറക്കും വരെ വിധി മാറ്റിവെച്ചു. രാവിലെ ആരംഭിച്ച വാദം 4 മണിയോടെയാണ് പൂര്‍ത്തിയായത്.


Keywords: Kerala, News, New Delhi, Sabarimala, Sabarimala Temple, Religion, Women, NSS, Supreme Court of India, Sabarimala Verdict: Devaswam Board supports SC verdict 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?