പെരിയ ഇരട്ടക്കൊല: കേസില്‍ 8 പ്രതികള്‍, ഇനി പിടിയിലാവാനുള്ളത് ഒരാള്‍ മാത്രമെന്ന് അന്വേഷണ സംഘം, 3 വാഹനങ്ങള്‍, ലക്ഷ്യമിട്ടത് ശരത്ത് ലാലിനെ, ആദ്യം വെട്ടുകൊണ്ടത് കൃപേഷിന്, കൊലയ്ക്കുപയോഗിച്ച പുതിയ വാള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം, കൊലയ്ക്ക് കാരണം മര്‍ദിച്ചതിന്റെ പക

കാസര്‍കോട്: (www.kasargodvartha.com 22.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികള്‍ അറസ്റ്റിലായതോടെ ഇനി ഒരാളെ മാത്രമാണ് പിടികിട്ടാനുള്ളതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്നു കാറുകളിലായാണ് എട്ടംഗ സംഘമെത്തിയത്.

ഇതില്‍ കെ എല്‍ 14 ജെ 5683 നമ്പര്‍ സൈലോ കാര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശരത്ത് ലാലിനെ ലക്ഷ്യമിട്ടാണ് സംഘമെത്തിയത്. ശരത്തിന്റെ പോക്കുവരവുകള്‍ നിരീക്ഷിച്ച സംഘം കല്യോട്ടെ സ്‌കൂളിനടുത്ത കുറ്റിക്കാട്ടില്‍ ഒളിച്ചുനില്‍ക്കുകയായിരുന്നു. രക്ഷപ്പെടാനായി വാഹനങ്ങള്‍ നേരത്തേ വിവിധ സ്ഥലങ്ങളില്‍ തയാറാക്കി നിര്‍ത്തി.

ബൈക്കില്‍ കൃപേഷും ശരത്‌ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. ഇതോടെ ശരത് ബൈക്ക് നിര്‍ത്താന്‍ തയ്യാറായില്ല. സംഘം ബൈക്കില്‍ ആഞ്ഞു ചവിട്ടി. ഇതോടെ ബൈക്ക് മറിഞ്ഞു. പ്രതി കെ എം സുരേഷ് ആദ്യവെട്ടു വെട്ടി. വെട്ടു കൊണ്ടത് കൃപേഷിന്റെ തലയ്ക്ക്. വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തില്‍ ഓടി. കൃപേഷിനെ ഉപേക്ഷിച്ച് സംഘം ശരത്തിനെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവന്‍ പേരും ശരത്തിനെ തുരുതുരാ വെട്ടി വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളില്‍ ചിലത് സംഘം പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു. എന്നാല്‍ ഒരാള്‍ മാത്രം പുതിയ വാള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. വാള്‍ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഈ വാളാണ് അന്വേഷണ സംഘത്തിന് ഇനി കണ്ടെത്താനുള്ളത്. സജി ജോര്‍ജിന്റെ സൈലോ കാറില്‍ നാലു പേരും മറ്റു വാഹനങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് രക്ഷപ്പെട്ടത്.

സംഘം ആദ്യം പാര്‍ട്ടി കേന്ദ്രമായ വെളുത്തോളിയില്‍ എത്തി. അവിടെ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക്. എന്തു മൊഴി നല്‍കണമെന്ന കാര്യത്തില്‍ നിയമോപദേശം ഇവിടെ വെച്ച് ചര്‍ച്ച ചെയ്തു. രാത്രി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തെ കുറിച്ചന്വേഷിച്ച് പോലീസെത്തിയതോടെ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് വ്യക്തമായി. സജിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിറ്റേന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവുകയായിരുന്നു. ഒരാള്‍ മാത്രം ഇതുവരെ ഹാജരായിട്ടില്ല.

പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, ഏച്ചിലടുക്കത്തെ സജി ജോര്‍ജ്, ഏച്ചിലടുക്കം ചപ്പാരപ്പടവ് കാവുംകല്ല് ഉടുവള്ളി സ്വദേശിയും കൂലിപ്പണിക്കാരനുമായ കെ എം സുരേഷ് (27), പെരിയ ഏച്ചിലടുക്കത്തെ ഓട്ടോ ഡ്രൈവര്‍ കെ അനില്‍കുമാര്‍(33), കുണ്ടംകുഴി മലാംകാട്ടെ പിക്കപ്പ് ലോറി ക്ലീനറായ എ അശ്വിന്‍ എന്ന അപ്പു (18), കല്യോട്ട് പ്ലാക്കാത്തൊട്ടിയിലെ ജീപ്പ് ഡ്രൈവര്‍ ശ്രീരാഗ് എന്ന കുട്ടു (22), പെരിയ കാഞ്ഞിരടുക്കം സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ജി ഗിജിന്‍ (26) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ മര്‍ദിച്ചതിന്റെ പകയാണ് ഇരട്ടക്കൊലയില്‍ കലാശിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.


Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, Trending, Periya double murder; 8 accused, 7 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?