ഗള്‍ഫിലെ ഇടപാട്; മൂന്നുകോടി ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മംഗളൂരുവില്‍ ബന്ദിയാക്കി, 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2019) ഗള്‍ഫില്‍ നടത്തിയ ഇടപാടിലെ മൂന്നുകോടി രൂപ ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മംഗളൂരുവില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചു. പടന്നക്കാട് കരുവളത്തെ മുഹമ്മദ് ഹനീഫ(34)യെയാണ് മംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു കുദ്രോളിയിലെ അബ്ദുര്‍ റഷീദ് (25), അബുഭായി എന്ന അബൂബക്കര്‍ ഉസ്മാന്‍ (40) എന്നിവരെ ഹൊസ്ദുര്‍ഗ് സി ഐ സികെ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ സാധനം വാങ്ങാനായി കാഞ്ഞങ്ങാട്ടേക്ക് പോയ ഹനീഫയെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് റഷീദും അബൂബക്കറും ചേര്‍ന്ന് മംഗളൂരുവിലേക്ക് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഇവിടെ നിന്നും മുഹമ്മദ് ഹനീഫയെ രണ്ടുപേരും ചേര്‍ന്ന് കുദ്രോളിയിലെ ഒരു കെട്ടിടത്തില്‍ ബന്ദിയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അബ്ദുര്‍ റഷീദിന്റെ ഗള്‍ഫിലുള്ള അളിയന്‍ ഇബ്രാഹിം മുഖേന അബ്ദുര്‍ റഷീദ് മൂന്നുകോടിയോളം രൂപ മുഹമ്മദ് ഹനീഫക്ക് നല്‍കിയിരുന്നുവത്രെ. ഒരു അറബിയില്‍ നിന്നും കടം വാങ്ങിയാണത്രെ ഇത്രയും പണം ഹനീഫക്ക് നല്‍കിയത്. എന്നാല്‍ ഈ പണം തിരിച്ചു നല്‍കിയില്ലത്രെ. ഇത് വസൂലാക്കാനാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്.

സംഭവ ദിവസം വൈകിട്ട് ഹനീഫയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഭാര്യാമാതാവ് മറിയയെ വിളിച്ച് ഹനീഫയുടെ പാസ്പോര്‍ട്ടും അഞ്ചു സെന്റ് വില്‍പന നടത്തിയ പണവും എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പണവും പാസ്പോര്‍ട്ടും വാങ്ങാന്‍ ഒരാള്‍ വരുമെന്നും മറിയയെ അറിയിച്ചു. ഇതിനിടയില്‍ പണവും പാസ്പോര്‍ട്ടും വാങ്ങാന്‍ വരുന്നതായി മുക്കൂട് സ്വദേശിയായ യുവാവ് മറിയത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ മറിയം ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് മറിയത്തെ വിളിച്ച ഫോണ്‍നമ്പര്‍ സൈബര്‍ സെല്‍ മുഖേന പരിശോധിച്ച് മുക്കൂട് യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസും കര്‍ണാടക പോലീസും തന്ത്രപൂര്‍വ്വം നടത്തിയ അന്വേഷണത്തിലൂടെയാണ് ഹനീഫയെ ബന്ദിയാക്കിയ താവളം കണ്ടെത്തിയത്.

ഇവിടെ ഇരുപതിലേറെ ക്വട്ടേഷന്‍ സംഘമായിരുന്നു റഷീദിന്റെ നേതൃത്വത്തില്‍ ഹനീഫയെ ബന്ദിയാക്കിയത്. മംഗളൂരു പോലീസിലെ സായുധസേനയുടെ സഹായത്തോടെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹനീഫയെ മോചിപ്പിക്കുകയും രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അതേ സമയം മുക്കൂട് സ്വദേശിയായ യുവാവിന് തട്ടിക്കൊണ്ടുപോകലുമായി യാതൊരു ബന്ധമില്ലെന്നും മുന്‍ പരിചയം വെച്ച് അബ്ദുര്‍ റഷീദ് യുവാവിനെ പണവും പാസ്പോര്‍ട്ടും വാങ്ങാനായി ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എസ് ഐ വിഷ്ണുപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ പ്രസാദ്, ധനേഷ്, രതീഷ്ചന്ദ്രന്‍, രഞ്ജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Youth kidnapped by gang; 2 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?