തൊഴില്‍ മാലമോഷണം; മൂന്നരമാസം കൊണ്ട് സമ്പാദ്യം 12ലക്ഷം, പൊട്ടിച്ചത് 20 മാലകള്‍, മോഷണ മുതല്‍ ഉപയോഗിച്ച് ആഢംബര ജീവിതം; ഈ ഇടംകയ്യനെ പേടിച്ച് വീട്ടമ്മമാര്‍ക്ക് നടക്കാന്‍ വയ്യ

തൃശൂര്‍: (www.kvartha.com 07.02.2019) തൊഴില്‍ മാലമോഷണം, മൂന്നരമാസം കൊണ്ട് സമ്പാദ്യം 12ലക്ഷം, മോഷണ മുതല്‍ ഉപയോഗിച്ച് ആഢംബര ജീവിതം, ഈ ഇടംകയ്യനെ പേടിച്ച് വീട്ടമ്മമാര്‍ക്ക് നടക്കാന്‍ വയ്യ. ഒടുവില്‍ പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള അമല്‍(20) എന്ന പയ്യനെ പോലീസ് കയ്യോടെ പിടികൂടി. ഇതോടെ ചാലക്കുടിയിലെ മോഷണങ്ങള്‍ക്ക് അറുതിയാവുകയും ചെയ്തു.

കഴിഞ്ഞ മൂന്നരമാസത്തിനിടെ ഇരുപതോളം മോഷണങ്ങളാണ് ഈ യുവാവ് നടത്തിയത്. മാല കള്ളനെ പേടിച്ച് ഉള്‍പ്രദേശങ്ങളില്‍ വഴിനടക്കാന്‍ സ്ത്രീകള്‍ക്കു ഭയമായിരുന്നു. വഴിയരികിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടെ മാലകളാണു നഷ്ടപ്പെടുന്നത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

Youth arrested for theft case in Thrissur, Thrissur, News, Local-News, theft, Police, Arrested, Women, Kerala

എന്നാല്‍ ബൈക്കില്‍ വരുന്ന കള്ളനെ കണ്ടെത്താന്‍ പോലീസ് തലങ്ങും വിലങ്ങും ഓടിയെങ്കിലും നിരാശയായിരുന്നു ഫലം. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും ആണ് മാലകള്ളനെ തേടിയുള്ള അന്വേഷണം ഏറ്റെടുത്തത്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത പോലീസ് മാല പൊട്ടിച്ച ബൈക്കുകാരന്‍ പോയ വഴികളിലെ സിസിടിവി ക്യാമറകള്‍ അരിച്ചുപെറുക്കി.

ഇതില്‍ നിന്നും ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ, നമ്പര്‍ വ്യക്തമല്ല. എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്നു മാത്രമായിരുന്നു സൂചന. മാല പൊട്ടിക്കല്‍ കേസുകളില്‍ അറസ്റ്റിലായ മുന്‍ കുറ്റവാളികളെ കുറിച്ച് അന്വേഷിച്ചു.

അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയില്‍ ഇല്ല. ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പോലീസ് പ്രത്യേകം നിരീക്ഷിച്ചു. പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെയും മാല പൊട്ടിക്കല്‍ തുടര്‍ന്നു. എന്നാല്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞുമില്ല.

പോലീസ് അന്വേഷണത്തില്‍ 'പൂഴിക്കടകന്‍' എന്നറിയപ്പെടുന്ന ഒന്നാണ് മൊബൈല്‍ ടവറിനു കീഴിലെ ലക്ഷക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയെന്ന കടമ്പ. ഗത്യന്തരമില്ലാതെ പോലീസ് ഒടുവില്‍ ആ വഴിക്കുതന്നെ നീങ്ങി. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തെരഞ്ഞെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍, കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെത്തി.

തുടര്‍ന്ന് അമലിന്റെ ഫോട്ടോയുമായി പോലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി. ഈ യുവാവു മാല പണയപ്പെടുത്തിയിട്ടുണ്ടോയെന്നു തിരക്കി. പരിശോധനയില്‍ ആറു മാലകള്‍ പണയം വച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. അമലിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ആരോപണങ്ങളെല്ലാം അമല്‍ കയ്യോടെ നിഷേധിച്ചു. മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല.

അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍. സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബത്തില്‍പെട്ട അമലിന്റെ ജീവിതം പത്ര വിതരണത്തില്‍ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ളതായിരുന്നില്ല എന്നു വ്യക്തമായി. വരുമാനത്തിന്റെ കണക്കുകള്‍ പോലീസ് നിരത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതെ അമല്‍ കുറ്റം ഏറ്റുപറഞ്ഞു. പിന്നെ പുറത്തുവന്നത് ഒന്നിന് പിറകെ മറ്റൊന്നായി മാല മോഷണത്തിന്റെ നീണ്ട കഥകളായിരുന്നു.

സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഈ ഇടം കൈ കൊണ്ടായിരുന്നു. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂര്‍ത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍. വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്.

പ്ലസ്ടുവാണ് വിദ്യാഭ്യാസം. അയല്‍പക്കത്തെ വീടുകളില്‍ സ്ഥിരമായി സിഎഫ്എല്‍ ബള്‍ബുകള്‍ മോഷണം പോകുമായിരുന്നു. അമലാണ് ഈ മോഷണത്തിനു പിന്നില്ലെന്നു നാട്ടുകാര്‍ പലപ്പോഴും പറഞ്ഞിരുന്നു. ബള്‍ബ് മാറ്റി മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം ഉയര്‍ന്നു. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകള്‍ പോലീസ് കണ്ടെടുത്തു.

ഹിന്ദി സിനിമയില്‍ ബൈക്കുപയോഗിച്ച് മോഷണം നടത്തുന്നതു കണ്ട് അതില്‍ ആകൃഷ്ടനായാണ് മാല മോഷണത്തിന് തുനിഞ്ഞത്. ന്യൂസ് പേപ്പര്‍ വിതരണം നടത്തിയാണ് ഒറ്റക്കൈകൊണ്ട് ബൈക്കില്‍ പ്രാക്ടീസ് ചെയ്തത്. വലതുകൈകൊണ്ട് ആക്‌സിലറേറ്റര്‍ നിയന്ത്രിച്ച് ഇടതുകൈ സ്വതന്ത്രമാക്കി ബൈക്ക് ഓഫാകാതെ മാല പൊട്ടിച്ചെടുക്കാനായിരുന്നു ഇത്. നാലായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഹെല്‍മറ്റും അതിനുള്ളില്‍ ബൈക്ക് റേസിങ് റൈഡേഴ്‌സ് ഉപയോഗിക്കുന്ന മാസ്‌ക് ധരിച്ചാണ് മാല പൊട്ടിക്കാനെത്തിയത്.

പരിചയക്കാര്‍ക്കുപോലും തിരിച്ചറിയാനാവാത്തവിധമായിരുന്നു ഇത്. മോഷണത്തിനിറങ്ങുന്നതിനുമുമ്പ് നമ്പര്‍ പ്ലേറ്റിളക്കി മാറ്റി നമ്പര്‍ മറച്ച് വച്ചാണിറങ്ങുന്നത്. മോഷണത്തിനുശേഷം ബൈക്കിലെ ആക്‌സസറീസുകള്‍ അഴിച്ചുമാറ്റി സമീപ പ്രദേശത്തെ പാടശേഖരത്തിനു സമീപമുള്ള ബന്ധുവീട്ടിലാണ് സൂക്ഷിച്ചിരുന്നത്. മോഷണത്തിലൂടെ കിട്ടുന്ന മാലകള്‍ ചാലക്കുടി സൗത്ത് ജങ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ യുവതികളെ പരിചയപ്പെട്ടും പരിയാരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മുന്‍ പരിചയത്തിലുമാണ് ഇവിടങ്ങളില്‍ പണയം വച്ചത്.

മോഷണമുതലുകളില്‍ കുറച്ച് മറ്റ് രണ്ട് സ്ഥലങ്ങളില്‍ വില്പന നടത്തിയതായും കണ്ടെത്തി. സ്ഥിരം അമ്പലത്തില്‍ പോയി നെറ്റിയില്‍ കുറിവരച്ച് നിഷ്‌കളങ്ക ഭാവത്തില്‍ നടന്നിരുന്ന പയ്യന്‍ ഇത്രയും വലിയ മോഷ്ടാവാണെന്നറിഞ്ഞ ഞെട്ടലിലാണ് ഗ്രാമം മുഴുവന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for theft case in Thrissur, Thrissur, News, Local-News, theft, Police, Arrested, Women, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?