വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചു: എന്‍.എസ്.എസില്‍ നിന്നും സ്ത്രീകള്‍ രാജിവച്ചു
തൃശ്ശൂര്‍ (www.evisionnews.co): സി.പി.എം നടത്തിയ വനിതാ മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന് എന്‍.എസ്.എസില്‍ നിന്നും സ്ത്രീകള്‍ രാജിവച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചതാണ് സ്ത്രീകളോട് വിശദീകരണം തേടാന്‍ കാരണം. തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ സ്ത്രീകളാണ് രാജിവെച്ചത്. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവരാണ് ജനുവരി ഒന്നിന് നടത്തിയ വനിത മതിലില്‍ പങ്കെടുത്തത്.
ഇതിനെതിരെ യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് സ്ത്രീകള്‍ എന്‍.എസ്.എസിലെ പദവികള്‍ രാജിവച്ചത്.വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി എന്‍ ലളിത, മെംബര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തെ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാ മതിലില്‍ പങ്കാളികളാകുകയായിരുന്നു. മതിലില്‍ അണി ചേരുക മാത്രമായിരുന്നില്ല, അത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് ലളിത സംസാരിക്കുകയും എന്‍.എസ്.എസ് നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് ഇവര്‍ വനിതാ മതിലില്‍ പങ്കെടുത്തത് സംസ്ഥാന നേതൃത്വത്തിനും ക്ഷീണമായി. ഇതോടെ ഇവരോട് വിശദീകരണം തേടാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment