വിസക്കെണി: ലക്ഷങ്ങള്‍ നല്‍കി വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെത്തിച്ച് വഞ്ചിച്ചു; മലയാളിയായ ഏജന്റിന്റെ ചതിയില്‍പെട്ട് ഭക്ഷണം പോലുമില്ലാതെ എട്ട് മലയാളികള്‍

ഷാര്‍ജ: (www.kvartha.com 09.01.2019) വിസക്കെണിയില്‍ കുടുങ്ങി എട്ട് മലയാളികള്‍. മികച്ച ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലെത്തിച്ച ശേഷം വഞ്ചിച്ച ഏജന്റിന്റെ ചതിയില്‍പെട്ട് ഭക്ഷണം പോലുമില്ലാതെ ദുരിതത്തില്‍ കഴിയുകയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ദുരിതത്തില്‍ കഴിയുന്നത്. കൊല്ലം കരുനാഗപള്ളി സ്വദേശിയായ എജന്റാണ് ചതിയില്‍പ്പെടുത്തിയതെന്ന് ദുരിതത്തില്‍ കഴിയുന്നവര്‍ പറഞ്ഞു.

ഒന്നേകാല്‍ ലക്ഷം രൂപ വീതം കൊടുത്താണ് സന്ദര്‍ശക വിസയില്‍ എട്ട് പേരും എത്തിയത്. 10 ദിവസത്തിനുള്ളില്‍ തൊഴില്‍ വിസ ലഭിക്കുമെന്നും ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്ന വാഗ്ദാനവും ഏജന്റ് നല്‍കിയിരുന്നു. തുടക്കത്തില്‍ കുറച്ച് ദിവസം ഭക്ഷണം ലഭിച്ചെങ്കിലും ഇപ്പോള്‍ ലഭിക്കുന്നില്ല.

താമസ സൗകര്യം ലഭിക്കുന്നുണ്ടെങ്കിലും അടുക്കളയില്‍ ഉണ്ടായിരുന്ന ഗ്യാസ് കണക്ഷനും മറ്റും ഇവിടെത്തെ തൊഴിലുടമകളാണെന്ന് പരിചയപ്പെടുത്തിയവര്‍ തിരിച്ച് കൊണ്ട് പോയതായി ഇവര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളാണ് ഇവിടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. താമസിക്കുന്ന കെട്ടിടത്തില്‍ ഇവരൊരു ഓഫീസും തുറന്നിരുന്നുവെങ്കിലും ഇപ്പോള്‍ അവിടെ ആരും വരാറില്ല.

ബിടെക് കഴിഞ്ഞ ആള്‍ക്ക് നിര്‍മാണ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയിലുള്ള ജോലിയും മറ്റുള്ളവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ മത്സ്യം വൃത്തിയാക്കുന്ന ജോലിയും വാഗ്ദാനം ചെയ്തതായി ഇവര്‍ പറയുന്നു. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ടീ ഷര്‍ട്ട്, കണ്ണട, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവ നാട്ടിലെത്തിച്ച് വിപണി കണ്ടെത്തണമെന്നും അവിടെ ഗോഡൗണും തൊഴിലാളികളെയും വെക്കണമെന്നും അതിനുള്ള സൗകര്യങ്ങള്‍ നിങ്ങള്‍ തന്നെ ഒരുക്കണമെന്നുമാണ് നിര്‍ദേശിച്ചത്. ഇത് സാധ്യമല്ലയെന്നും ഞങ്ങളിവിടെ തൊഴിലെടുക്കാനാണ് വിസക്ക് പണം നല്‍കിയതെന്നും എട്ടുപേരും പറഞ്ഞു.

ഇതിന് ശേഷമാണത്രെ അടുക്കളയിലെ പാചക സാമഗ്രികളെല്ലാം അഴിച്ചുമാറ്റിയത്. പിന്നിട് ഒരു ദിവസം തമിഴ്‌നാട്ടുകാരനായ ഒരാളെത്തി റാസല്‍ഖൈമയിലെ ഫാക്ടറിയില്‍ പാക്കിങ് ജോലി ശരിയായിട്ടുണ്ടെന്നും 1450 ദിര്‍ഹം ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് അങ്ങോട്ട് കൊണ്ട് പോയി. എന്നാല്‍ എന്‍ജിന്‍ ഓയില്‍ പാക്കിങിനു പുറമെ ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും 1000 ദിര്‍ഹം മാത്രമെ ശമ്പളം ലഭിക്കൂ എന്നുമാണ് കമ്പനിയുടെ ചുമതല വഹിക്കുന്നവര്‍ പറഞ്ഞത്.

എന്നാല്‍ ഇതിന് തയ്യാറെല്ലന്ന് തൊഴിലന്വേഷകര്‍ പറഞ്ഞപ്പോള്‍, കൊണ്ട് വന്ന തമിഴ്‌നാട് സ്വദേശി ഒന്നും പറയാതെ ഇറങ്ങി പോയി. പുറത്തിറങ്ങിയ ഇവര്‍ പിന്നീട് ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവറുടെ കനിവിലാണ് താമസ സ്ഥലത്തെത്തിയത്. കൈയ്യില്‍ നയാ പൈസയില്ലെന്നും ചതിയില്‍ പെട്ടതാണെന്നും പറഞ്ഞപ്പോള്‍ താമസ സ്ഥലത്ത് എത്തിച്ച് കൊടുക്കുകയും കുടിക്കാന്‍ വെള്ളവും ചായയും വാങ്ങിക്കൊടുക്കുകയും ചെലവിന് പണവും നല്‍കിയാണ് ടാക്‌സിക്കാരന്‍ മടങ്ങിയത്.

താമസിക്കുന്ന ഫ്‌ളാറ്റിന് ഒരുമാസത്തെ വാടകയാണ് നല്‍കിയിരിക്കുന്നതെന്നാണ് കെട്ടിടം കാവല്‍ക്കാരന്‍ പറഞ്ഞത്. അത് കഴിഞ്ഞാല്‍ മുറിവിട്ട് ഇറങ്ങേണ്ടി വരും. ചിലര്‍ക്ക് ഇവിടെ ബന്ധുക്കളുണ്ടെങ്കിലും ചിലര്‍ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. ഇവിടെയുള്ള ചുമതലക്കാരെന്ന് പറഞ്ഞ് എത്തിയവരാരും ഫോണ്‍ വിളിച്ചാല്‍ ഇപ്പോള്‍ എടുക്കുന്നില്ല. പണം വാങ്ങി വഞ്ചിച്ച് കയറ്റിവിട്ട നാട്ടിലെ ഏജന്റിന്റെ ഫോണിലേക്ക് നിരന്തരം വിളിക്കുന്നുണ്ടെങ്കിലും അയാളും പ്രതികരിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.


Keywords: Gulf, News, Visitors, Cheating, Malayalees, Dubai, Sharjah, Keralites cheated by Mallu agent in Sharja



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?