സംഘ് പരിവാര്‍ അക്രമത്തില്‍ പരിക്കേറ്റ മദ്രസാധ്യാപകന്‍ ഗുരുതര നിലയില്‍ തുടരുന്നു


കാസര്‍കോട് (www.evisionnews.co): ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെ സംഘ് പരിവാര്‍ ഗുണ്ടകളുടെ ക്രൂരമായ അക്രമത്തില്‍ പരിക്കേറ്റ മദ്രസ അധ്യാപകന്‍ ഗുരുതര നിലയില്‍ തുടരുന്നു. ഉപ്പള ബായാര്‍ മൂളികണ്ടത്തെ അബ്ദുല്‍ കരീം മുസ്്‌ലിയാരാ (44)ണ് പത്തുദിവസത്തിലേറെയായി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.

ഈമാസം മൂന്നിന് നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ 11മണിയോടെയാണ് ബായാര്‍ ജാറം മഖാം പരിസരത്ത് വച്ച് അമ്പതോളംവരുന്ന സംഘ് പരിവാര്‍ പ്രവത്തകര്‍ ബൈക്കില്‍ പോവുകയായിരുന്ന അബ്ദുല്‍ കരീം മുസ്ലിയാരെ തടഞ്ഞുനിര്‍ത്തി വളഞ്ഞിട്ട് മര്‍ദിച്ചത്. തലക്കും ദേഹത്തും ആണിതറച്ച പട്ടിക കൊണ്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അബ്ദുല്‍ കരീം മുസ്ലിയാര്‍ മരിച്ചെന്ന് കരുതി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റ കരീം മുസ്്‌ലിയാരെ മേജര്‍ ശസ്ത്രക്രിയ അടിയന്തിരമായി നടത്തിയെങ്കിലും ഇപ്പഴും ഗുരുതര നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.

ഇതിന് പുറമെ തലയിലേറ്റ ഗുരുതരമായ ക്ഷതം കാരണം തലയില്‍ നിന്നും രക്തം നെഞ്ചിലേക്ക് ഇറങ്ങി കട്ടപിടിക്കുകയും ഇതേതുടര്‍ന്ന് ന്യുമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ന്യുമോണിയ നിയന്ത്രണ വിധേയമായാല്‍ മാത്രമെ കരീം മുസ്ലിയാരുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലയില്‍ നടത്തിയ ശസ്ത്രക്രിയക്ക് പുറമെ ഇടതു കൈക്കും രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആണിതറച്ച പട്ടിക കൊണ്ട് തലയ്‌ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ തലക്കകത്തെ ക്ഷതം കാരണം കരീം മുസ്ലിയാരുടെ ഇടതുഭാഗം പൂര്‍ണമായും നിശ്ചലമായിട്ടുണ്ട്. കരീം മുസ്ലിയാര്‍ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്നെ വര്‍ഷങ്ങളോളം തുടര്‍ ചികിത്സയും ഫിസിയോ തെറാപ്പിയും നടത്തിയാല്‍ മാത്രമെ ചലന ശേഷി തിരികെ ലഭിക്കുകയുള്ളുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കര്‍ണാടക വിട്ട്ള സ്വദേശിയായ അബ്ദുല്‍ കരീം മുസ്ലിയാര്‍ ബായാറില്‍ കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ചുവരുകയായിരുന്നു. മദ്രസ അധ്യാപനം നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അബ്ദുല്‍ കരീം മുസ്ലിയാര്‍ കുടുംബത്തെ സംരക്ഷിച്ചു പോന്നിരുന്നത്. വിട്ട്‌ള പെര്‍വായി മദ്രസയില്‍ ജോലി ചെയ്തുവരികയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?