പ്രളയത്തില്‍ നശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും നീക്കം ചെയ്ത സപ്ലൈക്കോയുടെ ലേബലുള്ള ലോഡ് കണക്കിന് അരി തമിഴ്‌നാട്ടിലേക്ക് കടത്തി; സ്വകാര്യ മില്ലില്‍ നിന്നും പോളിഷ് ചെയ്‌തെടുത്ത അതേ അരി വീണ്ടും കേരളത്തിലെത്തിക്കുന്നു; ഗുരുതര ആരോപണവുമായി ജോസ് കെ മാണി എംപി

കാസര്‍കോട്: (www.kasargodvartha.com 23.01.2019) പ്രളയത്തില്‍ നശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും നീക്കം ചെയ്ത ലോഡ് കണക്കിന് അരി തമിഴ്‌നാട്ടിലേക്ക് കടത്തി സ്വകാര്യ മില്ലില്‍ നിന്നും പോളിഷ് ചെയ്‌തെടുത്ത ശേഷം വീണ്ടും കേരളത്തിലെത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരളാ കോണ്‍ഗ്രസ്സ് (എം) കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

പ്രളയത്തില്‍ നശിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നും നീക്കം ചെയ്ത, സപ്ലൈക്കോയുടെ ലേബലുള്ള ലോഡ് കണക്കിന് അരിയാണ് തമിഴ്‌നാട്ടിലെ സ്വകാര്യമില്ലില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ചീഞ്ഞ അരി പോളിഷ് ചെയ്ത് കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഈ മാഫിയക്ക് സിവില്‍ സപ്ലൈസ് അധികൃതരുടെ ഒത്താശയുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവവികാസങ്ങള്‍. കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഈ ക്രമക്കേടിന്റെ പിന്നില്‍ നഗ്‌നമായ അഴിമതിയാണ്. ചീത്തയായ അരിയും നെല്ലും നീക്കം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഒരു കൂട്ടരോട് മാത്രം സംസാരിച്ച് നിരക്കുകളില്‍ മാറ്റം വരുത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കേടായ അരി വീണ്ടും കേരളത്തില്‍ എത്തിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതു സംബന്ധിച്ച് ലഭിച്ചിട്ടും ഒരന്വേഷണവും നടപടിയും നടത്താന്‍ ഭക്ഷ്യവകുപ്പ് തയ്യാറായിട്ടില്ല. ഭക്ഷ്യ വകുപ്പ് മന്ത്രിയെ അടിയന്തിരമായി മാറ്റി നിര്‍ത്തി മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവെയ്ക്കുന്നത്. ജോസ് കെ മാണി എംപിയാണ് ജാഥ നയിക്കുന്നത്. യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ സമാപിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേരുന്ന പൊതു സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റന് പാര്‍ട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് നിര്‍വഹിക്കും.

മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫിന്റെ മറ്റ് പ്രമുഖ നേതാക്കളും സമ്മേളനത്തില്‍ സംസാരിക്കും. 14 ജില്ലകളിലായി 100 ല്‍ പരം കേന്ദ്രങ്ങളില്‍ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ പൊതുസമ്മേളനങ്ങള്‍ ചേരും. സമ്മേളനങ്ങള്‍ക്കൊപ്പം ജാഥ കടന്നുവരുന്ന വഴികളില്‍ പ്രവര്‍ത്തകരും ബഹുജനസംഘടനകളും ജാഥയെ സ്വീകരിക്കും.

നാടിന് ദുരന്തങ്ങളും ദുരിതവും സമ്മാനിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരായ ജനരോഷത്തിന്റെ രാഷ്ട്രീയമാണ് കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.  അടിമുടി പരാജയപ്പെട്ട ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഭരണത്തിലിരിക്കുന്നത്. ബിജെപിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനും സിപിഎമ്മിന്റെ സോഷ്യല്‍ ഫാസിസത്തിനും എതിരായ വിശാലമായ ജനകീയ പ്രതിരോധം രൂപപ്പെടുത്തുന്ന കേരളയാത്ര 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള പോര്‍മുഖം തുറക്കുക കൂടി ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്‍ഷിക ദുരന്തമാണ് രാജ്യത്തിന് സമ്മാനിക്കുന്നത്. തെറ്റായ സാമ്പത്തിക നയങ്ങള്‍ കടുത്ത ആഘാതം ഏല്‍പ്പിച്ച കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പിടുന്നതിനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയുടെ മതേതരത്വം ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനങ്ങളെ ജാതിയുടേയും മതത്തിന്റെയും പേരില്‍ വിഭജിക്കുക എന്ന മാപ്പ് നല്‍കാനാകാത്ത കുറ്റകൃത്യമാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ചെയ്തുവരുന്നത്. വര്‍ഗ്ഗീയയുടെ തേര്‍വാഴ്ച അവസാനിപ്പിച്ച് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനായി ജനാധിപത്യ മതേതരകക്ഷികള്‍ പ്രാദേശികപാര്‍ട്ടികളുമായി കൈകോര്‍ക്കേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് വിവിധ സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകളിലെ തെരെഞ്ഞെടുപ്പ് ഫലം.

കേരളവും ഇന്ത്യയും നേരിടുന്ന വെല്ലുവിളി കള്‍ക്കെതിരായുള്ള രാഷ്ട്രീയത്തിനൊപ്പം പുതിയ കേരളം എന്ന ആശയം കൂടി ജനസദസ്സുകളിലേക്ക് പകര്‍ന്നാണ് കേരളയാത്ര കടന്നുവരുന്നത്. കാര്‍ഷിക സംസ്‌ക്കാരത്തിന്റെ പുനര്‍ജീവനം ആകണം പുതിയ കേരളമെന്ന ആശയത്തിന് ആധാരമാകേണ്ടതെന്ന് കേരള കോണ്‍ഗ്രസ്സ് കരുതുന്നു. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അഭ്യസ്ഥവിദ്യരായ യുവാക്കളാണ്.ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിജ്ഞാനത്തിന്റെ പറുദീസയായി കേരളത്തെ മാറ്റാന്‍ കഴിയണം. മുഴുവന്‍ ജനതയുടേയും പുരോഗതി ഉറപ്പുവരുത്തുന്ന പുതിയ കേരളത്തിനായുള്ള ഒരു വികസന മാനിഫെസ്‌റ്റോ രൂപപ്പെടുത്തിയാണ് കേരളയാത്ര കടന്നുവരുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം (മുന്‍ എംപി), ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സെക്രട്ടറിമാരായ സി എ ചാക്കോ, സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Jose K Mani MP, Kerala Yathra, Congress (M), Kerala Congress (M) Kerala Yathra will be starts on 24th Jan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?