അമ്പത് രൂപയുമായി ലോകം കാണാനിറങ്ങി അനേകം അതിര്‍ത്തികള്‍ താണ്ടിയ മൊയ്തു കീഴിശ്ശേരി അത്ഭുതമാണ്

അനസ് ആലങ്കോള്‍

(www.kvartha.com 27.01.2019) 1976 ഡിസംബര്‍ മാസത്തിലെ ഒരു പുലരി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പത്രവും കയ്യില്‍ പിടിച്ച് ഒരു പതിനേഴുകാരന്‍ വണ്ടി കാത്ത് നില്‍ക്കുകയാണ്. ദാരിദ്ര്യം വീട്ടിലേക്ക് വിരുന്ന് വന്ന നേരത്ത് വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു കക്ഷി. സ്വന്തക്കാരുടെ അവഹേളനങ്ങള്‍ നാടുവിടാന്‍ ഇന്ധനമാവുകയായിരുന്നു. നാടുവിടാന്‍ ഒരുങ്ങുമ്പോള്‍ ഇരുനൂറ് രൂപയുണ്ടായിരുന്നു കയ്യില്‍. 150 രൂപ പാവങ്ങള്‍ക്ക് ദാനം നല്‍കി 50 രൂപ കയ്യില്‍ കരുതി കറുത്ത പുക ചുരുളുകള്‍ പുറത്ത് വിട്ട് ചൂലം വിളിക്കുന്ന ട്രെയിനില്‍ കയറി കിടക്കുകയായിരുന്നു ആ പതിനേഴുകാരന്‍. സാഹസിക സഞ്ചാരി എന്ന് കേരളം വിശേഷിപ്പിക്കുന്ന മൊയ്തു കീഴിശ്ശേരിയെ പറ്റിയാണ് പറഞ്ഞ് വരുന്നത്.

1959ല്‍ മലപ്പുറം ജില്ലയിലെ കീഴിശ്ശേരിയിലായിരുന്നു മൊയ്തുവിന്റെ ജനനം. പഠിച്ചതും വളര്‍ന്നതുമാക്കെ ദരിദ്രമായ ചുറ്റുപാടിലാണ്. ഉണ്ണാനും ഉടുക്കാനും ഒന്നുമില്ലാതെ കഴിയുന്ന നാളുകളിലാണ് മൊയ്തുവിന്റെ മനസ്സില്‍ നാട് വിടണമെന്ന ചിന്തയുണ്ടാവുന്നത്. അങ്ങനെ ഒരു പുലര്‍കാലത്ത് ആരോടും പരാതിയും പരിഭവവും പറയാതെ മൊയ്തു നാടുവിടുന്നു. പിന്നീട് മൊയ്തുവിന്റെ ജീവിതം മുഴുവന്‍ സാഹസികതയായിരുന്നു. വെടിയുണ്ടകള്‍ ഉതിര്‍ന്ന് വീഴുന്ന കാശ്മീരിന്റെ താഴ് വരയിലൂടെ അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് കയറിയാണ് യാത്രയുടെ ആരംഭം. ഇന്ത്യ വിട്ട അദ്ദേഹം പാകിസ്താനിലെത്തി. അഫ്ഗാനും ചൈനയും ടിബെറ്റും ബര്‍മ്മയും മംഗോളയും കണ്ടതിനു ശേഷം വീണ്ടും പാകിസ്താനിലേക്ക് യാത്ര തിരിക്കുന്നു. അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് എത്തിപ്പെടുകയായിരുന്നു. പിന്നീട് കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആസര്‍ ബൈജാന്‍ എന്നീ നാടുകളെല്ലാം മൊയ്തു സന്ദര്‍ശിക്കുന്നുണ്ട്.

നാട് കാണാനുള്ള ആവേശത്തോടെ സഞ്ചരിച്ച അദ്ദേഹം അനേകം തവണ അവശനായി തളര്‍ന്ന് വീണു. അതിര്‍ത്തികള്‍ മറികടക്കുമ്പോള്‍ നിരവധി തവണ സൈനികര്‍ പിടികൂടി. മാസങ്ങളോളം ജയില്‍വാസം അനുഭവിച്ചു. നിരവധി തവണ നീണ്ട മണല്‍ കൂനകളിലൂടെ ഒറ്റക്ക് നടന്നു. ആഴത്തിലുള്ള അദ്ദേഹത്തിന്റെ ഇസ്ലാമിക വിജഞാനം പല സ്ഥലത്തും ആദരവ് ഏറ്റ് വാങ്ങാനുളള കാരണമായി. പലപ്പോഴും അറബി സംസാരിക്കാനുളള കഴിവും വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്താനുളള അറിവുമാണ് അദ്ദേഹത്തെ രക്ഷിച്ചത്. ജയിലില്‍ അകപ്പെട്ട മൊയ്തുവിനെ പരിശോധിക്കുവാന്‍ വേണ്ടി ജയില്‍ അധികാരികള്‍ ഒരു പണ്ഡിതനെ വിളിച്ച് വരുത്തുന്ന കഥ മൊയ്തു തന്നെ പറയട്ടെ..

'സ്ഥലത്തെ വലീയ പണ്ഡിതന്‍ കാറില്‍ വന്നിറങ്ങി. ഓഫീസറുടെ മുഖത്തെ പേശികള്‍ വലിഞ്ഞ് മുറുകി. തലപ്പാവണിഞ്ഞ കറുത്ത വലിയ താടിക്കാരനായ പണ്ഡിതന്റെ മുമ്പില്‍ ചെന്ന് ഞാന്‍ പുഞ്ചിരിച്ചു. മതവിഷയങ്ങള്‍ നന്നായി പഠിച്ച ഞാന്‍ അറബി നല്ലവണ്ണം സംസാരിച്ചു'. മതം പഠിച്ചവര്‍ ആരായാലും അവരെ പാക് ഭരണകൂടം ബഹുമാനിക്കും എന്ന മൊയ്തുവിന്റെ നിഗമനം ശരിയാവുകയായിരുന്നു.

പാകിസ്താനിലെ ഒരു വീട്ടില്‍ ആറ് മാസത്തോളം സുഖജീവിതം നയിച്ചു. അദ്ദേഹത്തിന്റെ കഥ കേട്ട് നൗറോസ് ഖാന്‍ എന്ന പാകിസ്താനുകാരന്‍ മൊയ്തുവിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ആറ് മാസം അവിടെ താമസം തുടര്‍ന്നപ്പോള്‍ ആ വീട്ടുകാരെല്ലാം സ്വന്തം മകനെ പോലെ അദ്ദേഹത്തെകണ്ട് തുടങ്ങിയിരുന്നു. അവിടെയുണ്ടായിരുന്ന ഫിദയെന്ന പെണ്‍കുട്ടി മൊയ്തുവുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. പക്ഷേ ലോക സവാരി നടത്താന്‍ ഇറങ്ങിയ സാഹസിക സഞ്ചാരിയെ പ്രണയത്തിനൊന്നും പിടിച്ച് കെട്ടാനായില്ല. അയാള്‍ ലക്ഷ്യത്തില്‍ തന്നെ തുടരുകയായിരുന്നു. സ്‌നേഹ ബന്ധങ്ങളും പ്രണയവും ഉപേക്ഷിച്ച് മൊയ്തു വീണ്ടും യാത്ര തുടര്‍ന്നു.

അര്‍ദ്ധരാത്രിയിലെ അമിതമായ ശൈത്യത്തില്‍ അതിര്‍ത്തി കടന്ന് ക്ലീനറുടെ വേഷം കെട്ടി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. അതിര്‍ത്തി കടക്കാന്‍ തുനിയുമ്പോള്‍ പോലീസ് പിടികൂടിയ നേരത്ത് ഏത് മതമാണെന്ന് നോക്കാന്‍ വേണ്ടി സൈനികന്‍ ജനനേന്ദ്രിയ പരിശോധന നടത്താന്‍ തുനിഞ്ഞ കഥ മൊയ്തു ഇന്നും ഓര്‍ക്കുന്നുണ്ട്. തുണി അഴിച്ച് നോക്കാന്‍ തുനിഞ്ഞപ്പോള്‍ മുസ്ലിമാണെന്ന് തുറന്ന് പറഞ്ഞു. മുസ്ലിമാണെന്ന് കേട്ടനേരം പട്ടാളക്കാരന്‍ പിടിച്ച് നിര്‍ത്തി കുനിച്ച് നിര്‍ത്തി കൂമ്പിനിട്ട് കുത്തിയതും ഓരോ പട്ടാളക്കാരനും അവരുടെ ഷൂ കൊണ്ട് ചവിട്ടിയ കഥ ഇപ്പോഴും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

കാവല്‍ ഭടന്മാരുടെ കണ്ണ് വെട്ടിച്ച് ബംഗ്ലാദേശിലും പട്ടാളക്കാരന്‍ വെച്ച് നീട്ടിയ കഞ്ചാവിന്റെ പുക ചുരുളുകള്‍ വാങ്ങിക്കാതെ ഈമാനിക ഊര്‍ജ്ജവുമായി ഇറാന്‍ അതിര്‍ത്ഥിയിലും തുര്‍ക്കി അതിര്‍ത്തിയിലൂടെ കടന്ന് ദോഗുബയാസിതിലും എത്തി. ഒടുവില്‍ തുര്‍ക്കി പൗരത്വവും സ്വന്തമാക്കി. തുടര്‍ന്ന് 1980 - 81 ല്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ 'ഇലിം ഒകു മ യാസ്മ ഇല്‍ഗിസി' എന്ന കോളജില്‍ തുര്‍ക്കി ഭാഷയും ഹിസ്റ്ററിയും പഠിച്ചു. അക്കാലത്ത് തന്നെ തുര്‍ക്കിയിലെ മില്ലി കസത്ത ദിനപത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചു. ഒരു പക്ഷേ ഔദ്യോഗിക രേഖകളില്ലാതെ ഇതര രാജ്യത്ത് പോയി പത്രത്തില്‍ ജോലി നടത്തിയ ഇന്ത്യയിലെ ഏക വ്യക്തി മൊയ്തു മാത്രമായിരിക്കും.

സാഹസികത എന്ന വാക്കിന്റെ പര്യായപദമായി മാറിയ മൊയ്തു സിറിയയിലെത്തിയ കഥ നിങ്ങള്‍ കേള്‍ക്കേണ്ടതാണ്. സിറിയന്‍ ഭൂപ്രദേശത്ത് കൂടെ തുര്‍ക്കി തീവണ്ടി ഓടുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അതില്‍ കയറി പറ്റി. സിറിയന്‍ ഭൂപ്രദേശത്തിയെന്ന് അറിഞ്ഞപ്പോള്‍ മണല്‍ പരപ്പിലേക്ക് ഒറ്റ ചാട്ടം. സഞ്ചാരം നടത്താന്‍ എന്തും സഹിക്കാന്‍ സന്നദ്ധനായിരുന്നു അദ്ദേഹം. മണിക്കൂറുകളോളം മണലില്‍ ബോധമില്ലാതെ കിടന്ന മൊയ്തുവിനെ ആരോ തട്ടി വിളിച്ചപ്പോള്‍ വീണ്ടും യാത്ര തുടരുകയായിരുന്നു. മനുഷ്യ അസ്ഥികുടങ്ങള്‍ കുമിഞ് കൂടിയ സിറിയയുടെ അതിര്‍ത്തി വിട്ടു കടന്നത് മരണത്തെ മുന്നില്‍ കണ്ടാണ്.

അടഞ് കിടക്കുന്ന കെട്ടിടത്തിന്റെ ജാലകത്തിന്റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറി രണ്ട് മേശകള്‍ വലിച്ചടുപ്പിച്ച് രണ്ട് ഫയലുകള്‍ തലയ്ക്ക് വെച്ച് കയ്യിലുണ്ടായിരുന്ന കോട്ട് മൂടി പുതച്ച് നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ് എത്രയോ രാത്രികള്‍ അദ്ദേഹം ഉറങ്ങാതെ കിടന്നിട്ടുണ്ട്.

ഇറാന്‍ - ഇറാഖ് യുദ്ധം കാരണം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കാതെ വന്നപ്പോള്‍ പാന്‍സും കോട്ടും അഴിച്ച് തോളിലിട്ട് ചുള്ളിക്കൊമ്പ് കുത്തിപ്പിടിച്ച് യൂഫ്രട്ടീസ് നദിയില്‍ ഇറങ്ങി അക്കരെ എത്താന്‍ ശ്രമിച്ചു. പക്ഷേ പകുതി പിന്നിട്ടപ്പോള്‍ ഒഴുക്കിന്റെ ശക്തി കണ്ട് പതിയെ പിന്‍വലിയുകയായിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിനു വേണ്ടി കെട്ടിയുണ്ടാക്കിയ കമ്പികള്‍ക്കിടയിലൂടെ തുളഞ്ഞ് കയറുമ്പോഴുണ്ടായ മുറിവിന്റെ വേദന സഹിക്കാന്‍ കഴിയാതെ കരഞ്ഞ കഥയും മൊയ്തുവിനു പറയാനുണ്ട്. കാട്ടാളന്മാര്‍ക്ക് കൂടെ കാട്ടില തിന്ന കഥയും നീണ്ട അഞ്ച് ദിവസം മരുഭൂമിയിലൂടെ വെളളവും ഭക്ഷണവുമില്ലാതെ അലഞ്ഞ് നടന്ന കഥയും അമ്പരപ്പോടെ മൊയ്തു പറഞ്ഞ് തരുന്നു.

നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയെന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം കണ്ട് സവാരിക്കിറങ്ങിയ മൊയ്തു കിഴിശ്ശേരി ഖുര്‍ആനിന്റെ ചരിത്ര ഭൂമികളിലൂടെയെല്ലാം സഞ്ചരിച്ചു. പുണ്യ പ്രവാചകന്മാരുടെ പാദങ്ങള്‍ പതിഞ്ഞ ഭൂമിയിലൂടെയെല്ലാം മൊയ്തു നടന്ന് പോയി. പ്രവാചകന്മാരുടെ ചരിത്രത്തില്‍ പരാമര്‍ശിച്ച പലതും അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. തോപ്ഖാപെ മ്യൂസിയത്തില്‍ ബദര്‍ യുദ്ധം മുതലുളള എല്ലാ യുദ്ധങ്ങളിലും നബി തങ്ങളുടെ കയ്യിലുണ്ടായിരുന്ന പതാകയും നബിയുടെ നാമം ഉല്ലേഖനം ചെയ്ത മോതിരവും ഉഹ്ദ് യുദ്ധത്തില്‍ പൊട്ടിയ തിരുനബിയുടെ പല്ലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഈജിപ്തിലെ മുഖൗഖിസ് രാജാവിന് മുഹമ്മദ് നബി അയച്ച കത്തും കഅബ് (റ.അ) ന് സമ്മാനമായി കൊടുത്ത മേല്‍ തട്ടവും സ്പര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്.

വിശുദ്ധ ഇസ്ലാമിന്റെ പ്രബോധനം നടത്തുമ്പോള്‍ ശത്രുക്കളുടെ ധ്വംസനം ഏല്‍ക്കാതിരിക്കാന്‍ വേണ്ടി ഉപയോഗിച്ച അനേകം പ്രവാചകന്മാരുടെയും ഖലീഫമാരുടെയും വാളും ദര്‍ശിക്കാന്‍ സാധിച്ചു. ഖുര്‍ആന്‍ പാരായണം നടത്തുന്ന നേരത്ത് ശത്രുക്കളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ട ഉസ്മാന്‍ (റ.അ) വിന്റെ കയ്യിലുണ്ടായിരുന്ന ചോര പുരണ്ട മുസ്ഹഫും മൊയ്തു മ്യൂസിയത്തില്‍ നിന്ന് കണ്ടിട്ടുണ്ട്.

അല്ലാഹു ഏകനാണെന്ന് വിശ്വസിച്ച കാരണത്താല്‍ ഇബ്രാഹിം നബിയെ കിങ്കരന്മാര്‍ കെട്ടി തൂക്കിയ പര്‍വതത്തിന്റെ മുകളില്‍ വിതുമ്പലോടെ നിന്നിട്ടുണ്ട്. അല്ലാഹുവിന്റെ അമ്പിയാക്കളില്‍ പ്രമുഖനായിരുന്ന അയ്യൂബ് നബി (അ) മാരക രോഗം പിടിപ്പെട്ട് കഴിഞ്ഞ ഗുഹയിലും മൊയ്തു എത്തിനോക്കുന്നുണ്ട്. മൂസാ(അ), ശുഐബ്(അ), യൂനുസ് (അ), ഈസ നബി (അ), യഅ്ഖൂബ്(അ), ലുഖ്മാന്‍ (അ), ശീസ് (അ) ദാനീയല്‍ (അ) എന്നീ പ്രവാചകന്മാരുടെ ഖബര്‍ സന്ദര്‍ശിക്കാനും അവസരമുണ്ടായി. കാലങ്ങള്‍ ഏറെ ഗുഹകകത്ത് ഉറങ്ങി കിടന്നിരുന്ന അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹാമുഖത്തും മൊയ്തു പോയി.

സ്വലാഹുദ്ധീന്‍ അയ്യൂബി(റ), നൂറുദ്ദീന്‍ സങ്കി, ഇബ്‌നു അറബി, മുആവിയ, ദിഹ് യത്തുല്‍ ഖല്‍ബി, സല്‍മാനുല്‍ ഫാരിസി, ജുനൈദുല്‍ ബാഗ്ദാദി, ഇമാം ശാഫി, ഇമാം അഹ് മദ് ബ്‌നു ഹമ്പല്‍, അബൂഹനീഫ, ശൈഖ് ജീലാനി, മഅറൂഫുല്‍ ഖര്‍ഫി, ഹുദൈഫത്തുല്‍ യമാന്‍ (റ) അലി (റ) എന്നിങ്ങനെ തുടങ്ങി അനേകം പുണ്യപുരുഷന്മാരുടെ ഖബ്‌റിടമാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാചിക്കുന്ന ശൈഖ് സഅദിയുടെ ശീറാസയിലും ചരിത്രം ഉറങ്ങിക്കിടക്കുന്ന ചാവ് കടലിലും മുഅതയിലും വരെ അദ്ദേഹം എത്തിയിട്ടുണ്ടെന്നറിയുമ്പോള്‍ ആരും അറിയാതെ അമ്പരന്ന് പോവും. നടന്ന് നടന്ന് മക്കയിലും മദീനയിലും വരെ അദേഹം എത്തുന്നുണ്ട്.

ഇറാന്‍, തുര്‍ക്കി, ഈജിപ്ത്, റഷ്യ, ബര്‍ഗേറിയ, സിറിയ, ഇറാഖ്, ജോര്‍ദാന്‍, ഫലസ്തീന്‍, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വന്തമായ വാഹനമോ ജോലിയോ മതിയായ സമ്പത്തോ കയ്യില്‍ കരുതാതെ ഒരു സാഹസികന്‍ നാല്‍പ്പത്തിമൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. കാല്‍നടയായി.. വഴിയാത്രക്കാരുടെ സഹായത്തോടെ.. ഒട്ടകത്തിലൂടെ.. കുതിരയിലൂടെ.. കൂരിരുട്ടത്ത്... ചുട്ടുപൊളളുന്ന ചൂടില്‍..

എല്ല് തുളക്കുന്ന തണുപ്പില്‍.. മഹാനദികളും മഹാ പര്‍വതങ്ങളും മണല്‍ പരപ്പുകളും മണല്‍ കാടുകളും താണ്ടി.. സുമനസ്‌ക്കരായവരുടെ സഹായത്തോടെ ഓരോ രാജ്യത്തിലെയും ചരിത്ര പ്രധാനമുളള സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട്.

ഇരുപത്തി അഞ്ച് വര്‍ഷം കൊണ്ട് നാല്‍പ്പത്തിമൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ പിടിക്കപ്പെട്ട പട്ടാളക്കാരുടെ എണ്ണം ഇപ്പോഴും കൃത്യമായി മൊയ്തുവിന് അറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. തന്റെ സഞ്ചാര കഥ കേട്ട് അലിവ് തോന്നി പട്ടാളക്കാരന്‍ ഇളവ് കാണിച്ചത് കൊണ്ടാണ് ഇത്രയും ദൂരം താണ്ടി ഒത്തിരി അനുഭവങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചത്. ചാരനെന്ന് മുദ്രകുത്തി, തീവ്രവാദിയാണെന്ന് ആരോപിച്ച് അതിര്‍ത്തി നുഴഞ്ഞ് കയറുമ്പോള്‍ അവര്‍ക്ക് എന്നെ വെടിവെച്ച് വീഴ്ത്തുകയോ തൂക്കി കൊല്ലുകയോ ചെയ്യാമായിരുന്നുവെന്ന് മൊയ്തു പറയുന്നു. പക്ഷേ ഭാഗ്യവശാല്‍ അധിക സ്ഥലങ്ങളിലും ചില്ലറ ജയില്‍വാസം മാത്രമാണ് അനുഭവിക്കേണ്ടി വന്നത്. അവിടെയെല്ലാം സുഖവാസമായിരുന്നുവെന്നും മൊയ്തു ഓര്‍ക്കുന്നു.

പല നാടുകളിലെ പല തരം ഭക്ഷണങ്ങളിലെ രുചി പോലെ പട്ടിണിയും പരിവട്ടവും തനിക്ക് പ്രത്യേക തരം രുചി സമ്മാനിക്കുന്നുവെന്നാണ് മൊയ്തുവിന്റെ ഭാഷ്യം. നഗരങ്ങില്‍ നിന്ന് അനുഭവങ്ങള്‍ ലഭിക്കില്ല, ഗ്രാമങ്ങളില്‍ നിന്നാണ് അനുഭവങ്ങള്‍ ലഭിക്കുകയെന്നും മൊയ്തു പറയുന്നു.

സഞ്ചാരം കഴിഞ്ഞ് മൊയ്തു തിരിച്ചെത്തുമ്പോള്‍ പ്രായം ഏറെ പിന്നിട്ടിരുന്നു. കാല്‍ നൂറ്റാണ്ട് കൊണ്ട് കയ്യില്‍ ഒന്നും കരുതാതെ അയാള്‍ കറങ്ങി തീര്‍ത്തത് മൂന്ന് ഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങളാണ്. സഞ്ചാരമാണ് ആത്മസാക്ഷാത്കാരത്തിന്റെ അങ്ങേയറ്റമെന്ന് മൊയ്തു സ്വന്തം ജീവിതത്തിലൂടെ വരച്ച് കാണിക്കുന്നു. അതിര്‍ത്തി നുഴഞ്ഞ് കയറിയ മൊയ്തുവിനെ സ്വീകരിച്ചത് മതിലുകളില്ലാത്ത നിഷ്‌കളങ്കരായ മനുഷ്യന്മാരാണ്. അവരുടെ പ്രാര്‍ത്ഥനകളില്‍ ഇന്നും തനിക്ക് ഇടമുണ്ടാവുമെന്ന് അദേഹം വിശ്വസിക്കുന്നു.

കേരളത്തില്‍ നിന്ന് പുറം നാടുകളിലെത്തിയ മൊയ്തു ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ അനേകം സൂഫി കേന്ദ്രങ്ങളില്‍ തപസ്സിരുന്നിരുന്നു. വിജ്ഞാന ദാഹിയായ അദേഹം കേരളത്തിലെ പള്ളിദര്‍സുകളില്‍ താമസിച്ച് വിശുദ്ധ ഖുര്‍ആനും ഡല്‍ഹിയില്‍ നിന്ന് ഗീതയും വിദേശ രാജ്യത്തിലെ പാതിരിയെ പരിചയപ്പെട്ട് ബൈബിളും പഠിച്ചിട്ടുണ്ട്.

യാത്ര കഴിഞ്ഞെത്തിയ മൊയ്തു ഇലക്ട്രിഷ്യനായും പ്ലമ്പറായും ജോലി ചെയ്ത ശേഷം എഴുത്തിലേക്ക് തിരിയുകയായിരുന്നു. കാതങ്ങള്‍ താണ്ടി ശേഖരിച്ച അനുഭവ സമ്പത്തുകളെ താളുകളിലേക്ക് പകര്‍ത്തി. കോക്കസ് പര്‍വത നിരകളിലെ കൊടുംകാറ്റും കോമുസ് ഉള്‍ക്കടലിലെ ശക്തമായ തിരയും മൊയ്തുവിന്റെ പുസ്തകത്തില്‍ കടന്ന് വരുന്നു. ആദ്യത്തെ പുസ്തകം വിജയം കണ്ടപ്പോള്‍ അനവധി പ്രസാധകരുടെ ആവശ്യം അനുസരിച്ച് അനേകം പുസ്തകങ്ങളെഴുതി. തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിംഗ് ഇന്‍ ദ എഡ്ജ്, ദൂര്‍ കെ മൂസാഫിര്‍, ചരിത്ര ഭൂമിയിലൂടെ, സൂഫികളുടെ നാട്ടില്‍, മരുഭൂമി കാഴ്ചകള്‍ എന്നിവ അദ്ദേഹം എഴുതിയ പുസ്തകങ്ങളില്‍ ചിലത് മാത്രമാണ്.

അത്ഭുതവും അമ്പരപ്പും സമ്മാനിച്ച ആ സഞ്ചാരി ഇന്ന് ഏറെ അവശനാണ്. താളുകളിലേക്ക് പകര്‍ത്താന്‍ ഇനിയും ഏറെ അനുഭവങ്ങള്‍ ബാക്കിയുണ്ടെന്നാണ് മൊയ്തുവിന്റെ പരാതി. അതിര്‍ത്തികള്‍ നുഴഞ്ഞ് കയറി അനുഭവ ഭാണ്ഡങ്ങള്‍ പേറി ഇനിയും ഏറെ നാടുകള്‍ കാണണമെന്ന ആര്‍ത്തിയോടെ വിശ്രമത്തിലാണ് അറുപത് തികയുന്ന ആ അത്ഭുത മനുഷ്യന്‍.



Keywords: Article, Travel & Tourism, Malappuram, Moidu Kizhissery, An adventure traveler  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?