ഹർത്താൽ അക്രമം: കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും: കലക്ടർ
കാസർകോട്:(www.evisionnews.co) കാസർകോട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അക്രമികളിൽ നിന്ന് പൊതുമുതൽ നശീകരണ നിരോധന നിയമ പ്രകാരം നഷ്ടപരിഹാരം ഈടാക്കുമെന്നും ഇന്ന് കലക്ടറേറ്റിൽ ചേർന്ന സമാധാന കമ്മിറ്റി യോഗത്തിൽ ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു വക്തമാക്കി. അക്രമ സംഭവങ്ങളെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ശക്തമായി അപലപിച്ചു. മാധ്യമ പ്രവർത്തകരെ അക്രമിച്ചവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് ജില്ലാ കലക്ടറും പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പ് നൽകി. അണികളെ സ്വയം നിയന്ത്രിക്കാൻ ഓരോ പാർട്ടീ നേതാക്കളും ക്രമീകരണം ഏർപ്പെടുത്തും. ഇപ്പോഴുണ്ടായ സംഭവങ്ങൾ വർഗീയ സംഘർഷത്തിലേക്ക് കടക്കാതെ നോക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി. സതീഷ് ചുണ്ടൻ, എം.സി. ഖമറുദ്ദീൻ, എ. അബ്ദുൽ റഹ്മാൻ, അഡ്വ. കെ. ശ്രീകാന്ത്, പി.എ. അഷറഫലി, സുരേഷ്ബാബു, അനന്തൻ നമ്പ്യാർ തുടങ്ങിയവരും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment