കോടിക്കണക്കിന് വരുന്ന സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്രനയം അടുത്തമാസത്തോടുകൂടി; കേബിള്‍ വരിക്കാര്‍ക്ക് ഇരുട്ടടിയാകും

വടക്കഞ്ചേരി:(www.kasargodvartha.com 23/01/2019) കേബിള്‍ വരിക്കാര്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാര്‍ നയം. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം അടുത്ത മാസത്തോടു കൂടി പ്രാവര്‍ത്തികമാകുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ താരീഫ് ഓര്‍ഡര്‍ പ്രകാരം വന്‍ ചൂഷണമാണ് സാധാരണക്കാരായ ഉപഭോക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഇത് മൂലം ലക്ഷക്കണക്കിന് വരുന്ന ചെറുകിട കേബിള്‍ ടി വി യൂണിറ്റുകളും നിലയ്ക്കുന്ന അവസ്ഥ വരും.

News, Kerala, Cable TV, Rules,TRAI’s new rules for DTH, cable TV: Case against Tata Sky, others adjourned to January 28


ട്രായുടെ പുതിയ നയപ്രകാരം 130 രൂപക്ക് 100 ചാനല്‍ കിട്ടുമെന്നാണ് പറയുന്നത്. ഇതില്‍ 18 ശതമാനം ജി എസ് ടി ഉള്‍പ്പെടെ 154 രൂപ ഉപഭോക്താവ് കൊടുക്കേണ്ടി വരും. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന 100 ചാനലുകള്‍ ഫ്രീ ടു എയര്‍ ചാനലുകള്‍ മാത്രമാണ്. ഒരു പേ ചാനല്‍ പോലും ഉണ്ടാകില്ല. മാത്രമല്ല മുപ്പതോളം ചാനലുകള്‍ ദൂരദര്‍ശന്റേതുമാണ്. ഇതിന് പുറമെ മറ്റ് ചാനലുകള്‍ ഒരു വരിക്കാരന് ആവശ്യമെങ്കില്‍ ഓരോ ചാനലിനും പ്രത്യേകം പ്രത്യേകം തുക അടക്കണം. ഏഷ്യാനെറ്റ്, സുര്യ, സോണി, സീ തുടങ്ങിയ പാക്കേജുകള്‍ എടുക്കണമെങ്കില്‍ വന്‍ തുക തന്നെ ഉപഭോക്താവ് മുടക്കേണ്ടി വരും. മാത്രവുമല്ല ഓരോ പാക്കേജ് എടുക്കുന്നതിനും പ്രത്യേകം ജി എസ് ടി യും നല്‍കണമെന്നാണ് പുതിയ നയം.

പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ജനപ്രിയ ചാനലുകളും സ്‌പോര്‍ട്‌സ് ചാനലുകളും ഉള്‍പ്പെടെ 200 - 240 വരെ രൂപക്ക് പ്രതിമാസ വാടകക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ചാനലുകള്‍ പുതിയ നിയമപ്രകാരം അറുനൂറ് രൂപയ്ക്കടുത്ത് ഉയരാനാണ് സാധ്യത. വന്‍കിടക്കാരെ സഹായിക്കാനാണ് ഇത്തരത്തിലുള്ള നയം രൂപീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലുള്‍പ്പെടെ ഈ നിയമം പാസ്സാക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജനുവരി 30 വരെ നീട്ടുകയായിരുന്നു. കേബിള്‍ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അത് ആദ്യം നഗരപ്രദേശങ്ങളില്‍ നടപ്പിലാക്കിയതിന് ശേഷമാണ് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക. മുമ്പ് നടപ്പിലാക്കിയ സെറ്റ് ടോപ് ബോക്‌സ് സംവിധാനം ഇത്തരത്തിലാണ് നടപ്പിലാക്കിയത്. രാജ്യമാകെ പുതിയ നയം നടപ്പിലാക്കുമ്പോള്‍ കോടികണക്കിന് വരുന്ന സാധാരണ ഉപഭോക്താക്കളെയായിരിക്കും ഇത് സാരമായി ബാധിക്കുക.

ഉപഭോക്താക്കള്‍ക്ക് പുറമെ സര്‍ക്കാരിന്റെ പുതിയ നയം രാജ്യത്തെ ലക്ഷകണക്കിന് വരുന്ന ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും സാരമായി തന്നെ ബാധിക്കും. പ്രതിമാസം വന്‍തുക നല്‍കി കേബിള്‍ ടിവി ഉപയോഗിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ കണക്ഷന്‍ വിഛേദിക്കപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടും. ഇത് മൂലം കേബിള്‍ ടി വി യുണിറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേരുടെ തൊഴില്‍ പോകാനും സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയത്തില്‍ പ്രതിഷേധിച്ച് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ 24ന് ഒരു ദിവസം ചാനലുകള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേബിള്‍ ടി വി മേഖലയില്‍ കൊണ്ട് വരുന്ന പുതിയ പരിഷ്‌ക്കാരം ഈ വ്യവസായത്തെ പൂര്‍ണ്ണമായി തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് ഇരുപത്തേഴ് വര്‍ഷമായി വടക്കഞ്ചേരി കേന്ദ്രീകരിച്ച് കേബിള്‍ ടി വി നടത്തുന്ന സ്റ്റാര്‍നെറ്റ് സാറ്റലെറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി കെ ബാബു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Cable TV, Rules,TRAI’s new rules for DTH, cable TV: Case against Tata Sky, others adjourned to January 28


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?