ഹര്‍ത്താലില്‍ കടകള്‍ തുറന്ന് വ്യാപാരികള്‍: അടച്ചിടണമെന്ന് ബി.ജെ.പി, നോക്കി നിന്ന് പോലീസ്
(www.evisionnews.co) ഹര്‍ത്താലില്‍ കടകള്‍ തുറക്കാനെത്തിയ കച്ചവടക്കാരെ പലയിത്തും ഹര്‍ത്താലനുകൂലികള്‍ അക്രമിച്ചു. അടിക്കടിയുണ്ടാകുന്ന അനാവശ്യ മിന്നല്‍ ഹര്‍ത്താലുകള്‍ ജീവിതം വഴിമുട്ടിക്കുകയാണെന്ന് വ്യാപാരികളും വ്യവസായ മേഖലയും ഐഎംഎ പോലൂള്ള സംഘടനകളും നേരത്തെ തന്നെ ആശങ്കപ്പെട്ടിരുന്നു. പിന്നീട് 30ഓളം സംഘടനകള്‍ മിന്നല്‍ ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഹര്‍ത്താലിന് കേരളം വേദിയായത്.
അക്രമം മുമ്പെങ്ങുമില്ലാത്ത വിധംകടുപ്പിച്ച് ജനജീവതത്തെ ബി.ജെ.പി വെല്ലുവിളിക്കുമ്പോഴും സംസ്ഥാനത്തിന്റെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗം സ്ഥലത്തും ഭരണകൂടത്തിന്റെ സഹായത്തോടെ വ്യാപാരികള്‍ കടകള്‍തുറന്നു. പ്രതിഷേധവുമായി ഹര്‍ത്താല്‍ അനുകൂലികള്‍ എത്തിയെങ്കിലും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചപ്പോള്‍ വ്യാപാരികള്‍ കൂട്ടത്തോടെയെത്തി കടകള്‍ തുറക്കുകയായിരുന്നു.
കാസര്‍കോട്ട് തുറന്നുപ്രവര്‍ത്തിച്ച കടകള്‍ അടച്ചിടാന്‍ പോലീസ് തന്നെ നിര്‍ദേശം നല്‍കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണെന്നാണ് പോലീസ് നിര്‍ദേശം. എറണാകുളത്ത് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ കടകള്‍ തുറക്കുമെന്നുമാണ് വ്യാപാരി പ്രതിനിധികള്‍ അറിയിച്ചത്. കട തുറക്കുന്നവര്‍ക്ക് പിന്തുണയുമായി സമിതി അംഗങ്ങള്‍ ജില്ലയില്‍ പലയിടത്തും പ്രകടനം നടത്തി. തങ്ങള്‍ക്കും ജീവിക്കണമെന്നും ഹര്‍ത്താലില്‍ ഇരയാകാന്‍ വ്യാപാരികള്‍ ഒരുക്കമല്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ഏതു പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇതു തന്നെയായിരിക്കും നിലപാടെന്നും ഇവര്‍ പറഞ്ഞു.
കോഴിക്കോട് മിഠായി തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയെങ്കിലും പലതും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി ടി നസറുദ്ദീന്റെ ബ്യൂട്ടീ സ്റ്റോഴ്‌സ് ആണ് ആദ്യം തുറന്ന് പ്രവര്‍ത്തിച്ചത്. വ്യാപാരികള്‍ കൂട്ടത്തോടെ എത്തിയാണ് ഇവിടെ കടകള്‍ തുറന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ കടകള്‍ തുറന്നിട്ടില്ല. നൂറോളം കടയുടമകള്‍ കടകള്‍ തുറക്കാന്‍ എത്തിയെങ്കിലും പ്രതിഷേധക്കാര്‍ തടഞ്ഞു.
Powered by Info News For You

Comments
Post a Comment