കെ.എസ്.ആര്‍.ടി.സി ബസടക്കം പണി മുടക്കി: പലയിടത്തും ട്രെയിനുകള്‍ തടഞ്ഞു
കാസര്‍കോട് (www.evisionnews.co): ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുന്നില്ല. നഗരത്തില്‍ ഭാഗികമായി കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോ ടാക്‌സികളും പണി മുടക്കിയിരിക്കുകയാണ്. അത് കൊണ്ടുതന്നെ നഗരത്തില്‍ ആളുകള്‍ കുറവാണ്.
അതേസമയം പലേടത്തും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞു. ചെന്നൈ-ബെംഗളൂരു ട്രെയിന്‍ കോഴിക്കോടും. അഞ്ചുമണിക്ക് പുറപ്പടേണ്ട വേണാട് എക്സ്പ്രസ് ആറരയ്ക്കാണ് പുറപ്പെട്ടത്. തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, തിരുവനന്തപുരം- ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് സമരാനുകൂലികള്‍ തടഞ്ഞത്.
സമരാനുകൂലികളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടാണ് ട്രെയിനുകള്‍ പുറപ്പെട്ടത്. ദേശീയ പണിമുടക്ക് ആയതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ കുറവാണ്. 11.15ന് പുറപ്പെടുന്ന തിരുവനന്തപുരം -ന്യൂഡല്‍ഹി കേരളാ എക്സ്പ്രസ് വരെയുള്ള ട്രെയിനുകള്‍ തടയുമെന്ന് തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം സര്‍ക്കാര്‍ പ്രസിലെ തൊഴിലാളികളാണ് ആദ്യം പണിമുടക്കിന്റെ ഭാഗമായത്. തുടര്‍ന്ന് തമ്പാനൂരില്‍ തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. ഓട്ടോ, ടാക്സി, സ്വകാര്യ ബസ് എന്നിവ പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടുന്നുണ്ട്.
സംസ്ഥാന പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷൂറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. സര്‍വീസ് നടത്തുന്നതിനു കെഎസ്ആര്‍ടിസി പൊലീസ് സഹായം തേടി. എസ്ബിഐ ശാഖകള്‍ ഇന്നും നാളെയും തുറക്കും. എടിഎം പ്രവര്‍ത്തിക്കും
Powered by Info News For You

Comments
Post a Comment