ബസവയും എരുതുകളും ഒക്‌സ്‌ഫോര്‍ഡും വേളായിക്കവിതയും

അസ്ലം മാവിലെ

(www.kvartha.com 28.01.2019)  റിപ്പബ്ലിക് ദിന പരേഡും പരിപാടികളുമൊക്കെക്കണ്ട് കടയിലെത്തിയപ്പോള്‍, ദേ.. മുന്നില്‍ നിക്കുണു ചമഞ്ഞൊരുങ്ങിയ എരുത്, നമ്മുടെ നാട്ടില്‍ വിളിക്കാറുള്ള ബസോന്റെദ്ദ് തന്നെ.

ഈ ടൗണ്‍ഷിപ്പില്‍ ഇത്തരമെരുതുകള്‍ ഒരുപാടുണ്ട്. മുന്നില്‍ ഓടക്കുഴല്‍ പോലുള്ള ഒരു ഓര്‍ഗന്‍ പിടിച്ച് ബസവപാലകനുണ്ടാകും. അയാളാണ് ബസവപുരാണം പറഞ്ഞും ഓര്‍ഗന്‍ വായിച്ചും ഭിക്ഷ വാങ്ങുന്നത്.മുമ്പൊക്കെ നമ്മുടെ ഗ്രാമങ്ങളില്‍ വല്ലപ്പോഴും ഇവറ്റങ്ങളെ കാണാറുണ്ടായിരുന്നു. നല്ല ശിക്ഷണം ലഭിച്ച കാളയായിരിക്കുമത്. എരുതിന്റെ പേരാണ് ശരിക്കും ബസവ എന്ന് പറയുന്നത്. ഞാനൊക്കെ ധരിച്ചിരുന്നത് ബസവന്റെതാണ് ഈ എരുതെന്നായിരുന്നു.

നമ്മുടെ നാട്ടില്‍ മുമ്പ് ബസവനെത്തിയാല്‍ സീത റാമ കല്യാണച്ചടങ്ങും കാര്‍മ്മികത്വവുമായിരിക്കും മുഖ്യ ഇനം. സാധാരണ നല്‍കുന്ന ഭിക്ഷ പോര ഈ ഐറ്റത്തിന്. രണ്ട് സേറ് നെല്ലും നാല് കറ്റെ പുല്ലും നല്‍കിയാല്‍ മാത്രമേ ബസവപാലകന്‍ തന്റെ എരുതിനെക്കൊണ്ട് ഈ വിവാഹച്ചടങ്ങ് അഭിനയിപ്പിക്കുകയുള്ളൂ.കാളയുടെ ആ അഭിനയം കണ്ടാല്‍ ആരും പണി ഒഴിവാക്കി മൂക്കത്ത് വിരല്‍ വെച്ച് നോക്കി നിന്നു പോകും. ബസവപാലകന്റെ നല്ല പാതിയായിരിക്കും മറ്റൊരു എരുതില്ലെങ്കില്‍ സീതയായി വേഷം കെട്ടുക.യക്ഷഗാനത്തിലെ ഒച്ചയും വിളിയുമായിരിക്കും പശ്ചാത്തലത്തില്‍ കേള്‍ക്കുക, ഒരു കഥാപ്രസംഗക്കൂട്ട്.

ബസവയ്ക്ക് ഒരു പിന്നാമ്പുറ ചരിത്രമുണ്ട്. കര്‍ണ്ണാടകയിലെ ചിക്ക അര്‍സിനെക്കരെ എന്ന പ്രദേശമുണ്ടത്രെ. ആ ഏരിയ നൂറ്റാണ്ടുകള്‍ ഭരിച്ചിരുന്നത് ആരെന്നറിയോ? ബസവ എന്ന കാളയും. ഒന്നു ജീവനൊടുങ്ങിയാല്‍ അടുത്ത ഭരണാധികാരിയായി മറ്റൊരു എരുത് വരും.നാട്ടുകാരണവര്‍ സ്വപ്നം കാണുമത്രെ ആരാണ് അടുത്ത ബസവയെന്ന്.

ബസവയുടെ പോരിശകള്‍ Cowism എന്ന വെബ് പേജില്‍ പോയി കുറച്ച് തപ്പിപ്പിടിച്ച് നോക്കിയാല്‍ കിട്ടും.മുഴുവനില്ല, കുറച്ച് ഞാനങ്ങിനെ തന്നെ പകര്‍ത്തട്ടെ: The ox hasbeen known to cure diseases, dowse wells, find buriedt reasures, arrangemarriages, arbtirate disputes, catch thieves, exorcise demons, renderbarren couples fertile, ordain priests, survey boundaries, audit financialaccounts, convert atheists, purge 'witches' and boost exam scores.

മാറാരോഗ ചികിത്സ, കിണറിന് സ്ഥാനം നിര്‍ണ്ണയിക്കല്‍, നിധി വീണ്ടെടുക്കല്‍, കള്ളനെ പിടുത്തം,സന്താനസൗഭാഗ്യം തുടങ്ങി ഒട്ടുമിക്ക സഫലീകരണങ്ങളും ബസവയുടെ പരിധിയില്‍ പെടും. എന്തിനേറെ, ഫൈനാന്‍സിയല്‍ ഓഡിറ്റിംഗ് വരെ നടത്തും പോല്‍. വലത്തെ കുളമ്പിന്റെ ചലനമനുസരിച്ചാണത്രെ ബസവന്റെ Yes/No തീരുമാനങ്ങള്‍.

നമ്മള്‍ ഒരു ചന്തത്തിന് ബസവന്റെ പുറത്തിട്ടിരിക്കുന്ന ശീലയും ഓവര്‍ കോട്ടുമൊക്കെ നോക്കി വെറുതെ ആസ്വദിക്കുന്നു. പക്ഷെ, ഓരോ ചമയമിടലും ബസവഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇംഗ്ലണ്ടില്‍ രണ്ടക്ഷരത്തില്‍ വിളിക്കുന്ന നാല്‍ക്കാലിയാണ് കാള (OX). ഇതിന്റെ ബഹുവചനമാണ് oxen. ഇന്ത്യയിലും ആസ്‌ട്രേലിയയിലും Bullock എന്നും ഇംഗ്ലീഷില്‍ പേരുപയോഗമുണ്ട്. Oxford (UKയുടെ സാംസ്‌കാരികവിവരസാങ്കേതികവാണിജ്യ തലസ്ഥാനം) എന്ന പേരിന്റെ പിന്നിലെ ചരിത്രാന്വേഷണത്തിലും കാളയും കാളകളുടെ കടവും കാണാം. oxenaforda എന്നായിരുന്നുവത്രെ Oxford ന്റെ ആദ്യ കാല പേര്. 

സുഗതന്‍ വേളായിയുടെ കാളക്കവിത പകര്‍ത്തി ഈ കുറിപ്പ് നിര്‍ത്താം.

'വഴി
അറിയാത്തവര്‍
കുന്നുകയറുന്നു.

അറിയുന്നവനോ
ദിശ മറന്ന് ഉഴറി
ഒരു ഉഴവുകാളയായ് മാറി.

ആരുടെയോ
നുകം ചുമക്കുന്ന
ഉഴവുകാള'.


Keywords: Article, Aslam Mavilae, Basava, Eruthu, Oxford and Velaayi poem 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?