സംസ്ഥാന ബജറ്റ്; കാസര്‍കോടിന് ഇത്തവണയും അവഗണന; മെഡിക്കല്‍ കോളജും ഇടംപിടിച്ചില്ല

  • കാസര്‍കോട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ 91 കോടി, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 20 കോടി, ചീമേനി വ്യാവസായ പാര്‍ക്കിന് നാല് കോടി എന്നിവ ഒഴിച്ചാല്‍ ഈ ബജറ്റില്‍ കാസര്‍കോടിന് കാര്യമായി ഒന്നും തന്നെ ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്


കാസര്‍കോട്: (www.kasargodvartha.com 31.01.2019) സംസ്ഥാന ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജില്‍ 91 കോടി രൂപ നീക്കിവെച്ചത് ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാകുമെങ്കിലും കാസര്‍കോടിന് ബജറ്റില്‍ ഇത്തവണയും അവഗണന. കാസര്‍കോട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കാസര്‍കോട് വികസന പാക്കേജില്‍ 91 കോടി, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 20 കോടി, ചീമേനി വ്യാവസായ പാര്‍ക്കിന് നാല് കോടി എന്നിവ ഒഴിച്ചാല്‍ ഈ ബജറ്റില്‍ കാസര്‍കോടിന് കാര്യമായി ഒന്നും തന്നെ ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്.

സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സഹായം അനുവദിച്ചതും ബഡ്‌സ് സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തുക വകയിരുത്തിയതും ജില്ലയ്ക്ക് ഗുണകരമാകുമെങ്കിലും പ്രത്യേകിച്ച് പുതിയ പദ്ധതികളൊന്നും ജില്ലയ്ക്ക് ലഭിച്ചിട്ടില്ല.
Kasaragod, News, Budget, Medical College, Top-Headlines, Kerala budget: 91 crore for Kasaragod Development package

കാസര്‍കോട്ടെ ജനങ്ങള്‍ ഉറ്റുനോക്കിയ മെഡിക്കല്‍ കോളജിന് പ്രത്യേക തുക അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകള്‍ക്കുമായി അനുവദിച്ച തുകയില്‍ തൃപ്തിപ്പെടേണ്ടിവരും. വ്യക്തമായി പറഞ്ഞാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതും കാലങ്ങളായി പ്രവര്‍ത്തിക്കുന്നതുമായ മെഡിക്കല്‍ കോളജുകള്‍ക്കടക്കം അനുവദിച്ച ഫണ്ടില്‍ നിന്ന് ഇതുവരെയും നിര്‍മാണം പൂര്‍ത്തിയാക്കാത്ത കാസര്‍കോട് മെഡിക്കല്‍ കോളജിനും ഒരു വിഹിതം ലഭിക്കും.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് 232 കോടി രൂപയാണ് നീക്കി വെച്ചത്. ഇതില്‍ നിന്ന് ഒരു വിഹിതമാണ് ഉക്കിനടുക്കയില്‍ നിര്‍മാണം നടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിനും ലഭിക്കുക. മെഡിക്കല്‍ കോളജിന്റെ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം നടക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാലയ്ക്കായി നീക്കിവെച്ച 25 കോടി രൂപയില്‍ ജില്ലയിലെ കോളജുകള്‍ക്കും വിഹിതം ലഭിക്കും.

ചീമേനി വ്യാവസായ പാര്‍ക്കിന് ബജറ്റില്‍ അംഗീകാരം ലഭിച്ചു. പ്രാരംഭമായി നാല് കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പിലിക്കോട് പഞ്ചായത്ത് മാതൃകയില്‍ സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത് ജില്ലക്ക് അഭിമാനിക്കാം.

വികസന പാക്കേജില്‍ അനുവദിച്ച 91 കോടി ഗാതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കും. കഴിഞ്ഞ ബജറ്റില്‍ 95 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്നുള്ള തുക ചെലവിട്ടുള്ള പദ്ധതികള്‍ നിര്‍വഹണഘട്ടത്തിലാണ്. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പാക്കേജ് നടപ്പിലാക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്ക് 20 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 34.5 കോടി രൂപയാണ് അനുവദിച്ചത്. ജില്ലയിലെ 11 പഞ്ചായത്തുകളിലുള്ള ദുരിതബാധിതരുടെ ക്ഷേമത്തിനും പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് തുക വിനിയോഗിക്കുക. മുളിയാറില്‍ പദ്ധതിയിട്ട പുനരധിവാസ ഗ്രാമം ഇതില്‍ ഉള്‍പ്പെടും.

ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനായി ബജറ്റില്‍ തുക നീക്കിവെച്ചതിനാല്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അതില്‍ നിന്ന് ഒരു വിഹിതം ലഭിക്കും. ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ഉള്‍ക്കൊള്ളുന്ന 71 ബഡ്‌സ് സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ധനസഹായമായി 40 കോടി രൂപ അധികമായി വകയിരുത്തി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ടിയുള്ള പദ്ധതികള്‍ക്ക് 52 കോടി രൂപ വകയിരുത്തി. മാനസികാരോഗ്യ പരിപാടികളുടെ അടങ്കല്‍ 59 കോടി രൂപയായി ഉയര്‍ത്തി. വീടുകളില്‍ സംരക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ പരിചരണ സഹായികള്‍ക്കുള്ള അലവന്‍സായി 42 കോടി രൂപ വകയിരുത്തി. വികലാംഗ കോര്‍പറേഷന് 13 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ഭിന്നശേഷി പരിശീലന, ഗവേഷണ, ചികിത്സാ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റായി 38 കോടി രൂപ നല്‍കും. ഇതെല്ലാം ജില്ലയ്ക്ക് ഗുണകരമാകുമെങ്കിലും സംസ്ഥാനത്ത് മൊത്തത്തില്‍ പദ്ധതി നടപ്പിലാക്കാനുള്ള തുകയാണിത്.

4 മണിക്കൂര്‍ കൊണ്ട് തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടെത്താം

തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയും ജില്ലയ്ക്ക് ഏറെ മുതല്‍കൂട്ടാകും. നാല് മണിക്കൂര്‍ കൊണ്ട് തലസ്ഥാനത്ത് നിന്നും കാസര്‍കോട്ടേക്കെത്താമെന്നതാണ് ഈ പദ്ധതിയുടെ ഗുണം. 2020 ല്‍ നിര്‍മാണം ആരംഭിക്കുന്ന തെക്കു വടക്ക് സമാന്തര റെയില്‍പാത നിലവിലുള്ള പാതയില്‍ നിന്നും സ്വതന്ത്രമായ എലവേറ്റഡ് ഡബിള്‍ ലൈന്‍ പാതയായിരിക്കും. പുതിയ പാതയുടെ ദൈര്‍ഘ്യം 515
കിലോമീറ്ററാണ്. നിലവിലുള്ള പാതയേക്കാള്‍ 65 കിലോമീറ്റര്‍ കുറവ്.

180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് തിരുവനന്തപുരം - കാസര്‍കോട് യാത്ര നാല് മണിക്കൂറില്‍ പൂര്‍ത്തിയാക്കാം. നിലവിലുള്ള പാതയുമായി തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ മാത്രമേ പുതിയ പാത ബന്ധപ്പെടുന്നുള്ളു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 55,000 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

വിദേശ വായ്പകളും നാട്ടില്‍ നിന്നുള്ള ധനാഗമ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തും. ഏഴ് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പ്രതിവര്‍ഷം 10 ശതമാനമായി വര്‍ധിക്കുന്ന റോഡ് ട്രാഫിക്കിന്റെ കുരുക്ക്
അഴിക്കുന്നതിന് പാത സഹായിക്കും.

മികച്ച പരിഗണന ലഭിച്ചുവെന്ന് എല്‍ ഡി എഫ്

കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് ബജറ്റിന്റെ മാതൃക പിന്തുടര്‍ന്ന് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പരിഗണനയാണ് ഇത്തവണയും നല്‍കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. ബജറ്റിലും കിഫ്ബി വഴിയും വന്‍തുകയാണ് അനുവദിച്ചത്. കാസര്‍കോട് പാക്കേജില്‍ 91 കോടി രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 20 കോടിയും നീക്കിവെച്ചു.

മഞ്ചേശ്വരം സിവില്‍ സ്‌റ്റേഷന്‍, ചൗക്കി - ഉളിയത്തടുക്ക ബൈപാസ് റോഡ്, പൈവളിഗെ ഐടിഐ, കാസര്‍കോട് കന്നഡ പഠന കേന്ദ്രം, ടി ഉബൈദ് സ്മാരകം, കാസര്‍കോട് നഗര വികസനത്തിന് പദ്ധതി തയ്യാറാക്കല്‍, അജാനൂര്‍ മത്സ്യബന്ധന തുറമുഖം, കുമ്പള, ചീമേനി ഐഎച്ച്്ആര്‍ഡി കോളജുകളില്‍ കെട്ടിടങ്ങള്‍, കോടോം - ബേളൂര്‍ പഞ്ചായത്തില്‍ ആദിവാസി പഠന കേന്ദ്രം, നീലേശ്വരം മുനിസിപ്പല്‍ മിനി സിവില്‍ സറ്റേഷന്‍ ആന്‍ഡ് ബസ് ടെര്‍മിനല്‍, വീരമലക്കുന്ന് ടൂറിസം, ചീമേനി വ്യവസായ പാര്‍ക്ക്, നീലേശ്വരത്ത് കല്ലളന്‍ വൈദ്യര്‍ സ്മാരകം തുടങ്ങിയ പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം നല്‍കി  ടോക്കണ്‍ തുക അനുവദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Budget, Medical College, Top-Headlines, Kerala budget: 91 crore for Kasaragod Development package


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?