കുമ്പളയില്‍ നിന്നും കാണാതായ യുവതിയെ അസമിലെ മാവോയിസ്റ്റ് മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തി
കാസര്‍കോട് (www.evisionnews.co): ഒരുമാസം മുമ്പ് കുമ്പളയില്‍ നിന്നും കാണാതായ യുവതിയെ കുമ്പള പൊലീസ് അസമിലെ മാവോയിസ്റ്റുകള്‍ അധിവസിക്കുന്ന മേഖലയില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി. യുവതിയെ കൂടെ താമസിപ്പിച്ച യുവാവ് പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു.
കുമ്പള പേരാല്‍ നീരോളിയിലെ പ്രമീള (26)യെയാണ് അസമിലെ നൗഗവ് ജില്ലയിലെ രുപായ് പൊലീസ് സ്റ്റേഷനിലെ പശ്ചിമ സല്‍പ്പാറയിലെ ഉള്‍ഫാ തീവ്രവാദ കേന്ദ്രത്തില്‍ കണ്ടെത്തിയത്. കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദന്റെ നിര്‍ദ്ദേശപ്രകാരം കുമ്പള പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ സജിത്ത് കുമാര്‍, സുനീഷ് കുമാര്‍ എന്നിവര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
നവംബര്‍ 15നാണ് പ്രമീളയെ കാണാതായത്. കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുവായ യശ്വന്ത് നല്‍കിയ പരാതിയിന്മേല്‍ തിരോധാനത്തിന് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രമീളയുടെ മൊബൈല്‍ ഫോണ്‍ അസാം ആണെന്ന് കണ്ടെത്തി. ഇതനുസരിച്ചാണ് പൊലീസ് സംഘം അസാമിലെത്തിയത്. അവിടെയെത്തിയ ശേഷം യുവതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും പൊലീസിന് മുന്നോട്ടുപോകാനായില്ല.
ഒരുഭാഗത്ത് ഉള്‍ഫാ തീവ്രവാദികളും മറുഭാഗത്ത് ബംഗ്ലാവില്‍ നിന്ന് അനധികൃതമായി കുടിയേറിയവരും താമസിക്കുന്ന സ്ഥലമാണ് പശ്ചിമ സല്‍പ്പാറ. യുവതിയെ തേടി അവിടേയ്ക്ക് പോകുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് രൂപായ് പൊലീസിന്റെ സഹായത്തോടെ ഒളിത്താവളം വളഞ്ഞു. ഇതിനിടയില്‍ യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയെ കസ്റ്റഡിയിലെടുത്ത് കുമ്പളയിലെത്തിക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവ് നേരത്തെ കുമ്പളയില്‍ ബേക്കറി ജോലി നടത്തിയിരുന്നു. ഇതിനിടയിലാണ് യുവാവുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സ്ഥലം വിടുകയായിരുന്നു. യുവാവിനെ കുറിച്ച് വിശദമായ അന്വേഷണം തുടരുന്നു.
Powered by Info News For You
Comments
Post a Comment