തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്‌റ്റേ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കാനുള്ള ഭരണപക്ഷ നേതാക്കളുടെ ശ്രമംപാളി
കാസര്‍കോട് (www.evisionnews.co): ഈമാസം 16ന് നടക്കേണ്ടിയിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കൗണ്‍സില്‍ പിടിച്ചെടുക്കാന്‍ തന്ത്രംമെനഞ്ഞ ഭരണപക്ഷ നേതാക്കള്‍ക്ക് തിരിച്ചടിയായി. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ അടക്കമുള്ള ജില്ലാ കൗണ്‍സില്‍ പ്രതിനിധികള്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കോടതി വിധിയുണ്ടായത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ അടക്കം വിവിധ അസോസിയേഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പലരെയും വെട്ടിനിരത്തി തങ്ങള്‍ക്ക് വേണ്ടവരെ ഉള്‍പ്പെടുത്തി ഭരണപക്ഷ നേതാക്കള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതി വിധിയുണ്ടായത്. കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാകും മുമ്പേയാണ് പുതിയ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ഭരണപക്ഷ നേതാക്കളുടെ സമ്മര്‍ദംമൂലം തുടങ്ങിയത്.
അഞ്ചു വര്‍ഷത്തേക്കാണ് കൗണ്‍സില്‍ കാലാവധി. എന്നാല്‍ നിലവിലുള്ള കൗണ്‍സില്‍ വന്നിട്ട് ഇത് മൂന്നാം വര്‍ഷമാണ്. എന്നാല്‍ നടപടി ക്രമങ്ങളൊക്കെ തെറ്റിച്ച് ഭരണപക്ഷ നേതാക്കള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റുകയായിരുന്നു. കഴിഞ്ഞ മാസം 18ന് പുറത്തിറക്കിയ കരട് പട്ടികയില്‍ യു.ഡി.എഫ് അനുകൂല അംഗങ്ങളെ തഴയുകയും പി. കരുണാകരന്‍ എം.പിയുടെ മരുമകന്‍ അടക്കമുള്ള ഏരിയ- ബ്രാഞ്ച് പ്രതിനിധികളെ ഉള്‍പ്പെടുത്തുകയുമായിരുന്നു. ഇതു സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് എന്‍.എ സുലൈമാന്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് നിലവിലെ കൗണ്‍സില്‍ അംഗങ്ങള്‍ കോടതിയെ സമീപിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചേര്‍ന്ന് ഒരു ജനറല്‍ സീറ്റിലേക്കും ഒരു വനിതാസീറ്റിലേക്കും ഒരു എസ്.സി സീറ്റിലേക്കും മൂന്ന് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ പല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും ബാലറ്റ് പേപ്പര്‍ കിട്ടിയിരുന്നില്ലെന്നും എന്‍.എ സുലൈമാന്‍ ആരോപിച്ചു.
Powered by Info News For You

Comments
Post a Comment