ചരിത്രം രചിച്ച് വനിതാ മതില്‍; അനന്തപുരിയില്‍ മതിലൊരുക്കിയത് ജനലക്ഷങ്ങള്‍

തിരുവനന്തപുരം: (www.kvartha.com 01.01.2019) കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായി വനിതാ മതില്‍. കാസര്‍കോട് നിന്നു തുടങ്ങിയ വനിതാ മതിലിന്റെ അവസാനത്തെ 43.5 കിലോ മീറ്റര്‍ ദൂരം അക്ഷരാര്‍ഥത്തില്‍ വന്‍മതിലൊരുക്കിയാണ് തലസ്ഥാന ജില്ലയിലെ വനിതകള്‍ സ്‌നേഹ മതിലില്‍ കൈകോര്‍ത്തത്. ജാതി, മത, കക്ഷി ഭേദമില്ലാതെ നാട് ഒരുമിച്ച അത്യപൂര്‍വ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ വിദേശ സഞ്ചാരികളടക്കം നിരവധി പേര്‍ ദേശീയപാതയോരത്ത് എത്തിയിരുന്നു.

വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ റോഡിന് പടിഞ്ഞാറു വശം ചേര്‍ന്ന് മൂന്നു ലക്ഷത്തോളം വനിതകളാണ് വനിതാ മതിലിനായി അണിനിരന്നത്. കൃത്യ സമയത്തുതന്നെ നിശ്ചിത കേന്ദ്രങ്ങളിലെത്തിയ വനിതകള്‍ മൂന്നു മണിയോടെ പാതയോരത്ത് അണിനിരന്നു. പിന്തുണയുമായെത്തിയ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ള പുരുഷന്മാര്‍ പാതയുടെ മറുവശത്ത് സമാന്തര മതില്‍ തീര്‍ത്തു. 3.45ന് ട്രയല്‍ റണ്ണും നാലിന് വനിതാ മതിലൊരുക്കലും നടന്നു. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലി ജനലക്ഷങ്ങള്‍ 4.15 വരെ മതിലായിനിന്നു.

മതില്‍ അവസാനിച്ച വെള്ളയമ്പലത്ത് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കാനെത്തിയിരുന്നു. മുന്‍ എം.പി. വൃന്ദ കാരാട്ട് വെള്ളയമ്പലത്ത് വനിതാ മതിലിന്റെ അവസാന കണ്ണിയായി. ആനി രാജ, ജമീല പ്രകാശം, ലൈല ചന്ദ്രന്‍, ഗീതാ മധു, ഡോ. ടി.എന്‍. സീമ, സുജ സൂസന്‍ ജോര്‍ജ്, മൃദുല്‍ ഈപ്പന്‍, ബീന പോള്‍, ഭാഗ്യലക്ഷ്മി, ധന്യ രാമന്‍, വിധു വിന്‍സന്റ് തുടങ്ങി രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ വെള്ളയമ്പലത്ത് എത്തി. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഭരണ പരിഷ്‌കാര കമ്മിഷന്‍ അംഗം ഷീല തോമസ് തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും വിനിതാ മതിലില്‍ പങ്കെടുക്കാന്‍ വെള്ളയമ്പലത്ത് എത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍, മേയര്‍ വി.കെ. പ്രശാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, രാഷ്ട്രീയ കക്ഷി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും വനിതാ മതിലിനു പിന്തുണ പ്രഖ്യാപിച്ച് വെള്ളയമ്പലത്ത് എത്തി. മതില്‍ ഒരുക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അയ്യങ്കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

വെള്ളയമ്പലത്ത് നടന്ന പൊതു സമ്മേളനം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖരും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്കു സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന പൊതുസമ്മേളനം മുന്‍ എം.പി. വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. ഇരുണ്ട കാലത്തിലേക്കു വലിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ കേരളം തീര്‍ത്ത മതില്‍ ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ എല്ലാ വനിതകള്‍ക്കും മാതൃകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു വൃന്ദ കാരാട്ട് പറഞ്ഞു.

ലൈല ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെ.പി.എം.എസ്. ജനല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ആനി രാജ, ബീന പോള്‍, ഭാഗ്യലക്ഷ്മി, ധന്യ രാമന്‍, ഗീതാ മധു, വിധു വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?