'ജ്യോതിര്‍ഗമയ' വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കാസര്‍കോട്ട് തുടക്കമായി


കാസര്‍കോട് (www.evisinnews.co): വിദ്യാഭ്യാസ മേഖലയെ വികലമാക്കാനുള്ള കേന്ദ്ര കേരള സര്‍ക്കാറുകളുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ കാവി- ചുവപ്പ് വല്‍ക്കരണത്തിനെതിരെ വിദ്യാഭ്യാസ സംരക്ഷണ ജാഥ 'ജ്യോതിര്‍ഗമയ' കാസര്‍കോട്ട് ജാഥാ ക്യാപ്റ്റന്‍ പി. ഹരിഗോവിന്ദന്‍, വൈസ് ക്യാപ്റ്റന്‍ എം. സലാഹുദ്ദീന്‍, മാനേജര്‍ എസ്. സന്തോഷ് എന്നിവര്‍ക്ക് പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റ് അജണ്ട വ്യാപകമാക്കാനുള്ള നീക്കത്തില്‍ വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് തികഞ്ഞ ഹിന്ദുത്വ തീവ്രവാദിയായ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ്- സംഘ് പരിവാരത്തെ തിരുകിക്കയറ്റുകയും വിദ്യാഭ്യാസ മേഖലയെയാകെ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പുനക്രമീകരിക്കുകയുമാണ് മോദി. പാഠപുസ്തകങ്ങളിലടക്കം ദേശീയ പ്രക്ഷോഭങ്ങളെയും ദേശീയ നേതാക്കളെയും തമസ്‌കരിക്കാനുള്ള നീക്കം നടക്കുന്നു. മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും പോലുള്ള നേതാക്കളെ പോലും പാഠപുസ്തകങ്ങളില്‍ ചെറുതാക്കുന്ന സമീപനമാണ് കാണുന്നത്. യു.ജി.സിയുടെയും എന്‍.സി.ആര്‍.ടിയുടെയും പോലും വിശ്വാസ്യതക്ക് മങ്ങലേല്‍പിക്കുന്ന തരത്തില്‍ ആര്‍.എസ്.എസ് മേല്‍ക്കോയ്മയാണ് നരേന്ദ്രമോദി ഭരണത്തില്‍ നടക്കുന്നത്. കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശലയിലെ കാവി വത്കരണത്തിന്റെ വാര്‍ത്തുകള്‍ എത്രയോ പുറത്തുവന്നതാണ്. 

ഇവിടെ കേരളത്തിലും ഇടതുസര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കൊന്ന് കൊലവിളിക്കുകയാണ്. കമ്മ്യൂണിസ്റ്റ് അട്ടിമറി സമരങ്ങളെ ദേശീയ പ്രക്ഷോഭങ്ങളായി മഹത്വവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. വ്യവസായ വല്‍ക്കരണത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസം കൊണ്ട് കേരളത്തെ സാക്ഷരവത്കരിച്ച കാലത്ത് നിന്നും മാറി വിദ്യാഭ്യാസ പരമായി പിന്നാക്കമാകുന്ന തരത്തിലേക്ക് ഇടതു സര്‍ക്കാര്‍ കൊണ്ടെത്തിച്ചു. സര്‍വശിക്ഷാ അഭിയാന്‍ അടക്കുള്ള ഫണ്ടുകള്‍ വെട്ടിച്ചുരുക്കി എം.പി, എം.എല്‍.എമാരുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കുക മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി.സി കബീര്‍ ഗുരുവന്ദനം നിര്‍വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എം അഭിജിത്ത്, ഡിസിസി മുന്‍ കാസര്‍കോട് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, ബാസ വരാജു ഗൗരിക്കര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ് ഫിലിപ്, സെറ്റോ ചെയര്‍മാന്‍ എന്‍.കെ ബെന്നി, ഇ എന്‍ ഹര്‍ഷകുമാര്‍, പി.ജെ ആന്റണി, കെ.സി രാജന്‍, കെ. രാധാകൃഷ്ണന്‍, എ. ഗോവിന്ദന്‍ നായര്‍, ടി.എസ് സലീം, എ.കെ അബ്ദുല്‍ സമദ്, ടി. കരുണാകരന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.വി രമേശന്‍ പ്രസംഗിച്ചു. ജി.എസ്.ടി.യു മുന്‍ പ്രസിഡണ്ട് കെ. വേലായുധന്‍, മുന്‍ സംസ്ഥാന ട്രഷറര്‍ കെ.വി. രാഘവന്‍, വൈസ് പ്രസിഡണ്ട് പലേരി പത്മനാഭന്‍, കെ.പി.എസ്.ടി.എ മുന്‍ സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ. സരോജനി, ഗീത കൊമ്മേരി സംസാരിച്ചു. സമിതി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ടി.കെ എവുജിന്‍ സ്വാഗതവും കെപിഎസ്ടിഎ ജില്ലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. ഇന്ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?