പോലീസ് നടപടി ഏകപക്ഷീയം: ജില്ലയിലെ 'സമാധാന' യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി
കാസര്‍കോട് (www.evisionnews.co): ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ കാസര്‍കോട് പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും ജില്ലയിലുടനീളം അഴിഞ്ഞാടി അക്രമംനടത്തിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയാറാവുന്നില്ലെന്നും ബി.ജെ.പി ആരോപണം. പോലീസിന്റെ ഇരട്ടത്താപ്പ് നയത്തില്‍ പ്രതിഷേധമുണ്ടെന്നും സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന സമാധാന കമ്മിറ്റി യോഗങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ബഹിഷ്‌കരിക്കുമെന്നും ബി.ജെ.പി അറിയിച്ചു.
മൂന്നുദിവസം മുമ്പ് ചേറ്റുകുണ്ടില്‍ പെട്ടിക്കടകള്‍ കത്തിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസ് പോലും പോലീസ് രജിസ്റ്റര്‍ ചെയ്തില്ല. മറിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പോലീസ് കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളില്‍ നിരപരാധികളെ വേട്ടയാടുകയുമാണ്. കാസര്‍കോട്, മഞ്ചേശ്വരം ഭാഗങ്ങളില്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചാണ് സി.പി.എം അക്രമം നടത്തിയത്. നുള്ളിപ്പാടിയില്‍ മുന്‍ കൗണ്‍സിലര്‍ ഗണേശിനെ ആക്രമിച്ചവരെ കണ്ടുപിടിക്കാന്‍ ഇതുവരെ പോലീസിനായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വീടുകളും ക്ഷേത്രങ്ങളും അക്രമിക്കപ്പെട്ട സംഭവങ്ങളില്‍ സൈന്‍ മഹസര്‍ തയാറാക്കാന്‍ പോലും പോലീസ് തയാറാവുന്നില്ല. പോലീസ് സിപിഎമ്മിന്റെ ചോറ്റുപട്ടാളമെന്നോണം സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ പീഢിപ്പിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. നീലേശ്വരത്ത് സമാധാനയോഗം കഴിഞ്ഞ ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷാജിയെ അക്രമിച്ചത്. മറുഭാഗത്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെയടക്കം കള്ളകേസുകളില്‍പെടുത്തി ജയിലിലടക്കാന്‍ ഹീന ശ്രമം നടത്തുന്നു. ജില്ലാതല സമാധാനയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തുന്നതാണ് പൊലീസ് നടപടി. ഇത് അംഗീകരിക്കാനാവില്ലെന്നും പ്രഹസനമാകുന്ന സമാധാന യോഗങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.
Powered by Info News For You

Comments
Post a Comment