അവ്വക്കറ്ക്കയുടെ വേവലാതി നമുക്കുമില്ലേ?

കൂക്കാനം റഹ് മാന്‍

(www.kvartha.com 02.01.2019) അവ്വക്കറ്ക്ക മകളുടെ വിവാഹം ക്ഷണിക്കാന്‍ വന്നിരുന്നു. അതിന്റെ ഒരുക്കങ്ങളെക്കുറിച്ചയറിയാന്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. ഒരേയൊരു മകളാണ്. കേമമായി വിവാഹം നടത്തണമെന്ന അവ്വക്കറ്ക്കാക്ക് ആശയുണ്ട്. അതുകൊണ്ടു തന്നെ തകൃതിയായി വീട് മോടി പിടിപ്പിക്കലും, മണിയറ ഒരുക്കലും നടക്കുന്നതൊക്കെ നോക്കിക്കണ്ടു. എന്നെ കണ്ട ഉടനെ ജോലിക്കാരുടെ ഇടയില്‍ നിന്ന് ഓടിവന്ന് മുറിയില്‍ ക്ഷണിച്ചിരുത്തി. ചായയും മുമ്പിലെത്തി.
Article, Kookkanam-Rahman, Wedding, Marriage, Child, Molestation, Society has need Pre marital counselling

'ഈ ലോക കാര്യങ്ങള്‍ അറിയുമ്പോ മനസ്സ് പിടക്കുകയാണ് മാസ്റ്ററേ' കല്ല്യാണക്കാര്യവും, സാധനങ്ങളുടെ വിലക്കയറ്റവും ആയിരിക്കും പറയാനുദ്ദേശിക്കുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അതൊന്നുമല്ല മൂപ്പരുടെ വേദന. പ്രശ്‌നങ്ങളൊക്കെ അറിയുകയും പ്രതികരിക്കുകയും ചെയ്യാന്‍ താല്‍പര്യമുള്ള കക്ഷിയാണ് അവ്വക്കറ്ക്ക.

'ഇന്നലെ ഞമ്മളെ അടുത്തൊരു ചെങ്ങാതി പറഞ്ഞകാര്യം കേട്ടപ്പോള്‍ മനസ്സിന് ബല്ലാത്ത ബെശമം തോന്നി. ഞമ്മളെ മക്കളെ എങ്ങിനെ പഠിപ്പിക്കാന്‍ വിടും? എങ്ങിനെ കടയിലോ മറ്റോ പറഞ്ഞയക്കും? ആകെ പേടിയാ മാസ്റ്ററേ. എനിക്കുണ്ടായ ബേജാറ് മാസ്റ്ററോടല്ലാതെ ആരോടു പറയും?'

'അവ്വക്കറ്ക്കാപറഞ്ഞോളൂ.'

'ആ ചങ്ങതിക്ക് പതിനാല് വയസ്സായ മോനുണ്ട്. അരക്കൊല്ല പരീക്ഷ നടക്കുകയല്ലേയിപ്പോള്‍. ആ കുട്ടി പരീക്ഷയും കഴിഞ്ഞ് ഏകദേശം പന്ത്രണ്ടര മണിക്കുള്ള ബസ്സില്‍ വീട്ടിലേക്ക് പോവുകയാണ്. അവന്‍ ബസ്സില്‍ കുത്തിപ്പിടിച്ചാണ് പോകുന്നത്. തൊട്ടടുത്തുള്ള സീറ്റിലിരിക്കുന്ന ഒരു മധ്യവയസ്സന്‍ അയാളുടെ അടുത്തേക്ക് ഇരിക്കാന്‍ അവനെ ക്ഷണിച്ചു. സീറ്റ് ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ആ കുട്ടി അവിടെയിരുന്നു. ആ മനുഷ്യന്‍ കുട്ടിയോട് സംസാരിക്കാന്‍ തുടങ്ങി 'എനിക്ക് നിന്നെ ഇഷ്ടമാണ്.' അയാളുടെ കൈ അവന്റെ തുടമേല്‍ വെച്ചു. മെല്ലെ കൈ മുകളിലോട്ട് മുകളിലോട്ട് കൊണ്ടു പോയി. കുട്ടിയുടെ ലിംഗത്തില്‍ കയറി പിടിച്ചു. കുട്ടി കൈ തട്ടിമാറ്റി. പിന്നെയും ആ മനുഷ്യന്‍ പറഞ്ഞതിങ്ങനെ 'നിനക്കു പൈസ തരാം. നിന്റെ മൂത്രം വരെ ഞാന്‍ കുടിക്കും.. ഞാന്‍ ഇവിടെയിറങ്ങും എന്റെ കൂടെ നീ ഇറങ്ങണം'

അദ്ദേഹത്തിന്റെ പറച്ചിലും പ്രവൃത്തിയും കണ്ടപ്പോള്‍ കുട്ടി അവിടുന്ന് എഴുന്നേറ്റു. 'അടുത്ത ദിവസം കാണണേ' എന്നും പറഞ്ഞ് അയാള്‍ ഇറങ്ങി. കുട്ടി വീട്ടിലെത്തി അച്ചനേടും, അമ്മയോടും കാര്യം പറഞ്ഞു. ബസ്സിന്റെ പേരും സമയവും നോക്കി ബസ്സ് ജീവനക്കാരുമായി ബന്ധപ്പെടാനിരിക്കുകയാണ് രക്ഷിതാക്കള്‍. 'ഇത്തരം ഞരമ്പു രോഗികളെ നിലയ്ക്ക്് നിര്‍ത്താന്‍ എന്താണ് മാസ്റ്ററേ ഒരു മാര്‍ഗ്ഗം? പണ്ടൊക്കെ പെങ്കുട്യോളെ മാത്രെ ദ്രോഹിക്കാറുള്ളു ഇപ്പോ ആങ്കുട്യക്കും ബയ് നടക്കാന്‍ പറ്റാണ്ടായല്ലോ മാസ്റ്ററേ'

ഞമ്മളെ ബീട്ടില് പണിക്ക് വരുന്ന ഒരു പെണ്ണ്ങ്ങ പറഞ്ഞ കഥ കേട്ടപ്പം അതിനേക്കാള്‍ ബേജറായി. ആറാം ക്ലാസ് പഠിക്കുന്ന ഒരു മകനെ അവള്‍ക്കുള്ളു. ഭര്‍ത്താവ് ദൂരെ എവിടേയോ പണിക്കു പോന്ന ആളാണ്. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പേ വരു. ഒരു ദിവസം ആ പെണ്ണ്ങ്ങ പണിക്കു ബന്ന ദിവസം, ഒരു ശനിയാഴിചയാണെന്നാ പറഞ്ഞത്. ചെക്കന്‍ മാത്രം ബീട്ടില്‍. അയല്‍വാസിയായ ഒരു നാടന്‍ പണിക്കാരന്‍ ചെക്കനെ പിടിച്ചു വലിച്ച് വീട്ടിനടുത്തുള്ള കപ്പണയിലേക്ക് കൊണ്ടു പോയി. ആ മനുഷന്‍ ചെക്കനെ എന്തൊക്കെ ചെയ്തു. അതു പറയാന്‍ നാണക്കേടാവ്ന്ന്.. അതെങ്ങിനെയാ പറയാ മാസ്റ്ററേ. ചെക്കനെ പ്രകൃതി വിരുദ്ധപീഡനം എന്ന് പറേലില്ലേ അതെല്ലാം ചെയ്ത്. ആരോടെങ്കിലും പറഞ്ഞാ നിന്നെ കൊല്ലും എന്ന പേടിപ്പിക്കലും.

കുട്ടി കാര്യങ്ങളെല്ലാം അമ്മയോട് തുറന്നു പറഞ്ഞു. കേസുകൊടുത്തു. ഞരമ്പുരോഗിയെ പിടിച്ചു വെച്ചിട്ടുണ്ട്. അയല്‍പക്കക്കാരനാണ് അയാള്‍. ഭാര്യയും മക്കളുമുണ്ട്. എന്നിട്ടു പോലും ഇത്തരം പേക്കുത്തുകള്‍ നടത്തുന്ന വരെ കരുതിയിരിക്കേണ്ടെ? മക്കളെ സ്വന്തം വീട്ടില്‍ തനിച്ചാക്കിയിട്ട് പോകാന്‍ പോലും രക്ഷിതാക്കള്‍ പേടിക്കുന്ന കാലം..

ഇനി സ്‌കൂള്‍ കാര്യം പറയണോ മാഷേ. ഇപ്പോ കുട്ട്യേളെ എല്ലാം ഓട്ടോറിക്ഷയിലും, ബസ്സിലും മറ്റുമല്ലെ അയക്കുന്നത്. ഇബ്‌ടേം രക്ഷയില്ല മാഷേ.. ചെറിയ മൂന്ന് പെങ്കുഞ്ഞ്യളെ ദ്രോഹിച്ചത് പറയുന്നത് കേട്ടു. ഈ മനുഷ്യന്‍ കുട്ടികള്‍ക്ക് മിഠായി വാങ്ങിക്കോടുക്കും. അയാളുടെ മൊബൈലിലെ ഇത്തരം മോശം ചിത്രം കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കും. 'ഇതുപോലെ എല്ലാരും ചെയ്യലുണ്ട് നമ്മക്കും ചെയ്യാം, ആരോടും പറഞ്ഞു കൂടാ.. പറഞ്ഞാപിന്നെ വണ്ടിയില്‍ കയറ്റൂല്ല.'

ഇത് കേട്ട പെണ്‍കുട്യള് പേടിച്ചു. വണ്ടിയില് ഒരു കുട്ടിയെ മാത്രം നിര്‍ത്തി. ബാക്കി എല്ലാരെയും ഇറക്കിവിടും. ആകുട്ടിയെ ദ്രോഹിക്കും. ഇങ്ങിനെ തുടങ്ങിട്ട് കുറേകാലമായി. കുട്ടികള്‍ പേടിച്ച് ആരോടും പറഞ്ഞില്ല. കുട്ട്യോള് പരസ്പരം ഇക്കാര്യം പറയുന്നത് ടീച്ചര്‍ കേട്ടു. ചോദിച്ചപ്പോള്‍ കുട്ട്യോള് എല്ലാം പറഞ്ഞു.

ഇവരുടെ അച്ഛന്മാരൊന്നും നാട്ടിലില്ല. അമ്മമാരോട് ടീച്ചര്‍ കാര്യം പറഞ്ഞു. അപ്പോഴാണ് കുട്ടികളുടെ കയ്യില്‍ മിഠായികണ്ടതും, ആരാണ് മേടിച്ച് തന്നതെന്നും മറ്റും അമ്മമാരറിഞ്ഞത്. ഭര്‍ത്താക്കന്മാരോട് അയാള്‍ക്കെതിരെ പരാതി കൊടുക്കട്ടേയെന്നന്വേഷിച്ചപ്പോള്‍ അതൊന്നും വേണ്ടാ എന്ന മറുപടിയാണത്രേ കിട്ടിയത്. അമ്മമാര്‍ക്കാണെങ്കില്‍ സ്വയം കേസും കാര്യത്തിനും പോകാന്‍ ഇഷ്ടവുമില്ല.

ഇനിയെന്താ മാസ്റ്ററേ ചെയ്യാ?

'ഇത്തരം നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ അവന്മാര്‍ വീണ്ടും കുഞ്ഞുങ്ങളെ ദ്രോഹിക്കും, രക്ഷിതാക്കളെ ഇത്തരം പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടണം എന്ന് ബോധവല്‍ക്കരിക്കണം. ഒന്നും പ്രതികരിക്കാതിരുന്നാല്‍ ഇങ്ങനെയുള്ള പീഡനങ്ങള്‍ക്ക് അത് വളമായി തീരും. ഒരുപാട് കേസുകള്‍ ഈ വിധത്തില്‍ നടക്കുന്നുണ്ട്. സ്‌കൂളുകളില്‍ നിന്നും കിട്ടുന്ന കൗണ്‍സിലിംഗിലൂടെയും ബോധവല്‍ക്കണ ക്ലാസുകളിലുടെയും കുട്ടകള്‍ക്ക് അവരെ ലൈംഗികമായി ദ്രോഹിക്കുന്ന കാര്യം രക്ഷിതാക്കളോടോ, അധ്യാപകരോടൊ പറയാനുള്ള ധൈര്യം കിട്ടിയിട്ടുണ്ട്.

പക്ഷേ അവ വേണ്ടപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി ഉന്നയിക്കാന്‍ രക്ഷിതാകാള്‍ക്ക് ഭയമാണ്. കുട്ടിയുടെ പേര് ആളുകള്‍ അറിയില്ലേ? സ്‌കൂളിനും, വീട്ടികാര്‍ക്കും അപമാനമാവില്ലേ എന്നീ ചിന്തകളാണ് അവരെ നയിക്കുന്നത്? ഒരു കാരണവശാലും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്. രക്ഷിതകള്‍ തങ്ങളുടെ കുട്ടിക്ക് വന്ന പ്രയാസം മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമൂഹത്തില്‍ ഇനിയും ഈ ദുഷ്പ്രവണ വര്‍ധിക്കുകയേയുള്ളു.

'അതിന് മാസ്റ്ററേ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. പോക്‌സോ നിയമത്തെക്കുറിച്ച് പഠിപ്പിക്കണം. രക്ഷിതാക്കന്മാരെ കാര്യമായി ഈ വക കാര്യങ്ങള്‍ പഠിപ്പിക്കണം. സമൂഹം മൊത്തം ജാഗരൂകരായിരുന്നാലെ ഇതിനൊരു പരിഹാരം കാണാന്‍ പറ്റൂ.'

അവ്വക്കറ്ക്ക പറഞ്ഞതാണ് ശരി. അതിനുള്ള തയ്യാറെടുപ്പകള്‍ പ്രൈമറി തലം മുതല്‍ തുടങ്ങണം. ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ണ് തുറക്കണം..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookkanam-Rahman, Wedding, Marriage, Child, Molestation, Society has need Pre marital counselling 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?