കമ്പനി ഉടമകള്‍ മുങ്ങി; അബുദാബിയില്‍ 70 മലയാളികള്‍ മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തില്‍

അബുദാബി: (www.kvartha.com 07.01.2019) കമ്പനി ഉടമകള്‍ മുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴു മാസമായി ശമ്പളമില്ലാതെ 70 മലയാളികളടക്കം നാനൂറോളം തൊഴിലാളികള്‍ അബുദാബിയില്‍ ദുരിതം അനുഭിക്കുകയാണ്. മുസഫ വ്യവസായ മേഖല 40ലെ ക്യാംപില്‍ താമസിക്കുന്ന അല്‍വസീത എമിറേറ്റ്‌സ് കാറ്ററിങ് സര്‍വീസസ് കമ്പനിയിലെ തൊഴിലാളികളാണ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നത്.

ഇവരില്‍ വിസാ കാലാവധി കഴിഞ്ഞവരും രാജിക്കത്തു കൊടുത്തവരും കമ്പനിക്കെതിരെ കേസ് നല്‍കിയവരും എല്ലാം ഉള്‍പ്പെടും. എട്ടു വര്‍ഷമായി ആയിരങ്ങള്‍ക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവരാണ് ഇപ്പോള്‍ ഭക്ഷണത്തിനുവേണ്ടി പെടാപാടുപെടുന്നത്.

Company owners absconding; Abu Dhabi Malayalees in trouble, Abu Dhabi, News, Salary, Food, Malayalees, Visa, Gulf, World

കൊല്ലം മൈനാഗപ്പള്ളി സ്വദേശി ബാബു വാസുദേവന്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇതേ കമ്പനിയില്‍ പൊറോട്ട മേക്കറായി ജോലി ചെയ്യുകയാണ്. വിസ കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് മാസമായി. ഏഴു മാസത്തെ ശമ്പള കുടിശ്ശികയുണ്ട്. അറബിക് കുക്കായ നിലമ്പൂര്‍ സ്വദേശി ബീരാന്‍കുട്ടിക്കും ഡ്രൈവര്‍മാരായ മലപ്പുറം സ്വദേശി ആഷിഖിനും ഹൈദരാബാദ് സ്വദേശി നരേഷിനും പറയാനുള്ളത് ഇതേ പരാതി തന്നെ.

Company owners absconding; Abu Dhabi Malayalees in trouble, Abu Dhabi, News, Salary, Food, Malayalees, Visa, Gulf, World

വിസ കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാനാവാതെ ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കിടെ കൈവിരലുകള്‍ മുറിഞ്ഞ തനിക്കും കമ്പനി ഇതുവരെ ഒരു സഹായവും നല്‍കിയില്ലെന്ന് തമിഴ്‌നാട് സ്വദേശി ചിത്തിരവ് പറയുന്നു. നരേഷ് അടക്കം പകുതിയോളം പേരുടെ കയ്യില്‍ കേസിന്റെ വിധിപ്പകര്‍പ്പുണ്ട്. 21,000 ദിര്‍ഹം നരേഷിന് കിട്ടാനുണ്ട്. പക്ഷേ കൊടുക്കാന്‍ കമ്പനിയുടെ പക്കല്‍ പണമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നിലച്ചിട്ട്.

ഇടയ്ക്ക് വൈദ്യുതിയും വിഛേദിച്ചപ്പോള്‍ പോലീസെത്തിയാണ് പുനഃസ്ഥാപിച്ചത്. കമ്പനിയില്‍ അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ദുരിതങ്ങള്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അവരും നിസ്സഹായരാണ്. മാലിന്യം കുന്നുകൂടി ക്യാംപ് പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് പകര്‍ച്ച വ്യാധിക്കിടയാക്കുമോ എന്നാണ് തൊഴിലാളികളുടെ ഭയം.

സ്വന്തമായി മാലിന്യം നീക്കം ചെയ്യാമെന്നുവച്ചാല്‍ പരിസരത്തൊന്നും മാലിന്യപ്പെട്ടിയില്ല. ക്യാംപിന്റെ വാടക കൊടുക്കാത്തതിനാല്‍ അഞ്ചു ദിവസത്തിനകം താമസം ഒഴിയണമെന്നാണ് കെട്ടിട ഉടമകളുടെ അന്ത്യശാസനം. ഇവിടുന്ന് ഇറങ്ങേണ്ടിവന്നാല്‍ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിവര്‍. സുഹൃത്തുക്കളുടെയും സമീപവാസികളുടെയും സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടിയാല്‍ എല്ലാവരും ചേര്‍ന്നു വീതംവച്ചുകഴിക്കും.

പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവര്‍ക്ക് മരുന്നുവാങ്ങാന്‍പോലും പണമില്ല. 1363 തൊഴിലാളികളുള്ള കമ്പനിയുടെ അവസ്ഥ മോശമായപ്പോള്‍ 400 പേര്‍ ദീര്‍ഘകാല അവധിക്ക് നാട്ടില്‍ പോയി. ശേഷിച്ചവരില്‍ 250 പേര്‍ ദുബൈ, അല്‍ഐന്‍ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്. അവശേഷിക്കുന്നവരില്‍ 233 പേര്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ സന്നദ്ധരുമാണ്.

രണ്ടു ജോര്‍ദാനി സഹോദരന്മാരും ഒരു സ്വദേശിയും പാര്‍ട്ണര്‍മാരായ കമ്പനി ലാഭകരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. മിലിറ്ററി ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയുള്ള കമ്പനി സേവനത്തില്‍ വീഴ്ച വരുത്തിയതോടെ കരാര്‍ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളക്കുടിശ്ശികയായി. പ്രതിസന്ധി രൂക്ഷമാകും മുന്‍പ് ഉടമകള്‍ 2018 ജൂലൈയില്‍ മുങ്ങിയതോടെ ജോലിയില്ലാതെ തൊഴിലാളികള്‍ പെരുവഴിയിലായി. ഇതേസമയം ബാങ്കുവായ്പയുള്ളതിനാല്‍ കിട്ടാനുള്ള തുക കിട്ടിയാല്‍ പോലും എടുക്കാനാവാത്ത സ്ഥിതിയാണെന്നും അതിനാല്‍ മറ്റെന്തെങ്കിലും പരിഹാരത്തെ പറ്റിയാണ് ആലോചിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Company owners absconding; Abu Dhabi Malayalees in trouble, Abu Dhabi, News, Salary, Food, Malayalees, Visa, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?