റോഡരികില്‍ ലോക്ക് ചെയ്തിരിക്കുന്ന സ്വിഫ്റ്റ് കാറുകള്‍ ഇവന് വീക്ക്‌നെസ്; ഇതുവരെ മോഷ്ടിച്ചത് 23 കാറുകള്‍, കാവലിനു നായ്ക്കള്‍, വാദിക്കാന്‍ ഭാര്യ: ഒടുവില്‍ വിരുതനെ കുടുക്കി നിഴല്‍ പോലീസ്

തിരുവനന്തപുരം: (www.kvartha.com 04.01.2019) റോഡരികില്‍ ലോക്ക് ചെയ്തിരിക്കുന്ന സ്വിഫ്റ്റ് കാറുകള്‍ ഇവന് വീക്ക്‌നെസ് ആണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവന്‍ ഇതുവരെ 23 കാറുകളാണ് മോഷ്ടിച്ചത്. തിരുച്ചിറപ്പള്ളി സ്വദേശി പരമേശ്വരന്‍ ആണ് കഥയിലെ വില്ലന്‍. രാജ്യത്തുടനീളം ഇയാളുടെ മോഷണ പരമ്പര നീളുന്നു. പരമേശ്വരനെ സഹായിക്കാന്‍ കൂട്ടാളികളുമുണ്ട്.

2017 ഓഗസ്റ്റില്‍ തിരുവനന്തപുരം നഗരപരിധിയില്‍നിന്ന് മൂന്നു മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രതിയെ കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. മോഷണം പോയതെല്ലാം മാരുതി സ്വിഫ്റ്റ് കാറുകളാണ് . റോഡരികില്‍ ലോക്ക് ചെയ്തിട്ടിരുന്ന വാഹനങ്ങളാണു മോഷ്ടിക്കപ്പെട്ടതും.

Shadow police trapped vehicle thief got award, Thiruvananthapuram, theft, Police, Trapped, Arrested, Report, Kerala, News

ഈ അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ സെപ്റ്റംബറില്‍ വീണ്ടും മോഷണക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ അന്വേഷണച്ചുമതല തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിലേക്കെത്തുകയായിരുന്നു. വിവിധ ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍നിന്നും 13 സ്വിഫ്റ്റു കാറുകള്‍ മോഷ്ടിക്കപ്പെട്ടതായി പോലീസിനു അറിയാന്‍ കഴിഞ്ഞു.

Shadow police trapped vehicle thief got award, Thiruvananthapuram, theft, Police, Trapped, Arrested, Report, Kerala, News

തിരുവനന്തപുരത്തുനിന്നു തൃശൂര്‍ വഴി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും പിന്നീടു മധുരയിലേക്കും നീണ്ട അന്വേഷണത്തിനൊടുവില്‍ വലയിലായതു രാജ്യത്തൊട്ടാകെ മോഷണം നടത്തുന്ന വന്‍സംഘമാണ്. മോഷണത്തിനെത്തുന്നതു ബിഎംഡബ്ല്യു കാറില്‍. ലോക്ക് തുറക്കാനുപയോഗിക്കുന്നത് ആധുനിക ഉപകരണങ്ങള്‍.

ഒടുവില്‍ പോലീസ് പിടികൂടാനെത്തിയപ്പോള്‍ പ്രധാന പ്രതി കാവല്‍ നായ്ക്കളെ കൂട്ടത്തോടെ അഴിച്ചുവിട്ടു പോലീസിനെ പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ ആയുധം ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പു മറികടന്നാണു ഷാഡോ സംഘം പ്രധാനപ്രതിയെ മധുരയില്‍നിന്നു കേരളത്തിലെത്തിച്ചത്.

തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂര്‍, വിഴിഞ്ഞം, കഴക്കൂട്ടം എന്നീ സ്ഥലങ്ങളിലെ മോഷണം കേന്ദ്രീകരിച്ചാണു ഷാഡോ ടീം അന്വേഷണത്തിനു തുടക്കം കുറിച്ചത്. മോഷണം നടന്ന സ്ഥലത്തെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചു. ലക്ഷണക്കണക്കിനു നമ്പരുകളില്‍നിന്ന് ആയിരത്തിലേക്കും പിന്നീടു നൂറിനു താഴേക്കും സംശയമുള്ള നമ്പരുകളുടെ പട്ടിക ചുരുക്കി. രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണു കഴക്കൂട്ടത്തെ മോഷണ സ്ഥലത്തെ ടവറിനു കീഴില്‍വന്ന ഒരു മൊബൈല്‍ നമ്പര്‍ വിഴിഞ്ഞത്തെ മോഷണസ്ഥലത്തും ഉണ്ടായിരുന്നതായി പോലീസ് മനസിലാക്കുന്നത്.

ഇത് തമിഴ്‌നാട് നമ്പരാണെന്ന് വ്യക്തമായതോടെ ഈ നമ്പരിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിലാസം തിരുച്ചിറപ്പള്ളിയാണെന്നു കണ്ടെത്തി. അന്വേഷണത്തില്‍ കഴക്കൂട്ടത്തുനിന്നു മോഷണം പോയ കാര്‍ തൃശൂരിലെ പാലിയേക്കര ടോള്‍ പ്ലാസ വഴി കടന്നുപോയതായും കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് ഷാഡോ ടീം അന്വേഷണത്തിനായി തിരുച്ചിറപ്പള്ളിയിലേക്കു പോയി. വിലാസം അറിയിച്ചപ്പോള്‍ അവിടുത്തെ പോലീസിനു വലിയ തെരച്ചിലൊന്നും നടത്തേണ്ടിവന്നില്ല.

ആ സ്‌റ്റേഷന്‍ പരിധിയിലെയും തമിഴ്‌നാട്ടിലെയും വലിയ മോഷ്ടാവിനെയാണു കേരള പോലീസ് അന്വേഷിക്കുന്നത്. പേര് പരമേശ്വരന്‍. മോഷ്ടാവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തമിഴ്‌നാട് പോലീസ് കൈമാറി. പരമേശ്വരന്റെ താമസസ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലും പരമേശ്വരന്റെ പുതിയ വിവരങ്ങള്‍ കിട്ടിയില്ല. അപ്പോഴാണു പരമേശ്വരന്റെ കൂട്ടുകാരന്‍ മുബാറക്കിന്റെ വിവരം തമിഴ്‌നാട് പോലീസ് കൈമാറുന്നത്.

അവരുടെ സഹായത്തോടെ മുബാറക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ 'പരമേശ്വരന്‍ പുതിയൊരു മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്' എന്ന് മുബാറക്ക് വെളിപ്പെടുത്തി. ആ നമ്പരിന്റെ ലൊക്കേഷന്‍ മധുരയിലാണ്. ഷാഡോ ടീം ഉടന്‍ തന്നെ മധുരയിലേക്കു തിരിച്ചു. മധുര പോലീസ് സഹായത്തിനെത്തി.

പരമേശ്വരന്റെ താമസ സ്ഥലത്തെത്തിയ ഷാഡോ സംഘത്തിനു കാണാനായതു വലിയ മതില്‍ക്കെട്ടിനുള്ളിലെ ആഡംബര ബംഗ്ലാവാണ്. കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ ഷാഡോ സംഘം രാത്രി മതില്‍ചാടികടന്നു വീടു വളഞ്ഞു.

അഴിച്ചുവിട്ടിരുന്ന കൂറ്റന്‍ നായ്ക്കളെ മറികടന്നു സംഘം വാതില്‍ തകര്‍ത്ത് അകത്തേക്കു കയറി. പോലീസ് സംഘത്തെ വെട്ടുകത്തിയുമായി പരമേശ്വരന്‍ നേരിട്ടു. ഒടുവില്‍ പോലീസ് തോക്കു ചൂണ്ടി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി. എന്നാല്‍ നിയമവശങ്ങള്‍ നിരത്തി അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരിസരവാസികളും കൂട്ടാളികളും അറിയുന്നതിനു മുന്‍പു പരമേശ്വരനുമായി കേരള സംഘം അതിര്‍ത്തി കടന്നു. കേസുകളില്‍ നിന്നും പലപ്പോഴും പരമേശ്വരനെ ഈസിയായി രക്ഷിക്കുന്നത് ഇയാളുടെ സഹധര്‍മിണിയായ വക്കീലാണ്.

തമിഴ്‌നാട്ടില്‍ എഴുപതോളം മോഷണക്കേസില്‍ പ്രതിയായിരുന്നു പരമേശ്വരന്‍. ഭാര്യ മധുര കോടതിയില്‍ വക്കീലാണ്. അവരാണു മോഷണക്കേസുകള്‍ വാദിക്കുന്നത്. വ്യാജപേരിലുള്ള അന്‍പതോളം സിമ്മുകളും മൊബൈല്‍ ഫോണുകളും കാറിന്റെ പൂട്ടു തകര്‍ക്കാനുള്ള ഉപകരണങ്ങളും പരമേശ്വരന്റ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു.

ഹൈവേയില്‍ ജനത്തിരക്കില്ലാത്ത സ്ഥലത്തുകിടക്കുന്ന കാറുകള്‍ക്കരികിലേക്ക് ഇയാളുടെ സംഘം ആംഡംബര വാഹനങ്ങളിലെത്തും. മോഷ്ടിക്കേണ്ട കാറിന്റെ സെഡ് ഗ്ലാസുകള്‍ ഇളക്കി മാറ്റും. വാഹനത്തിന്റെ അലാം സംവിധാനം പ്രത്യേക ഉപകരണം ഉപയോഗിച്ചു നിശബ്ദമാക്കും.

കാറിലെ ഇഗ്‌നിഷ്യന്‍ സിസ്റ്റം നീക്കം ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി യോജിപ്പിച്ചു പുതിയ ഇഗ്‌നിഷ്യന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യും. കാറിന്റെ സ്റ്റിയറിങ് തകര്‍ത്ത് 20 മിനിട്ടിനുള്ളില്‍ കാറുമായി കടക്കും എന്നാണ് ഇയാളുടെ മോഷണ രീതിയെ കുറിച്ചുള്ള പോലീസ് വിശദീകരണം. എന്നാല്‍ സംഘത്തിലുള്ളവര്‍ക്കു മോഷണത്തിന്റെ സാങ്കേതിക വിദ്യകള്‍ പരമേശ്വരന്‍ കൈമാറിയിരുന്നില്ല.

മറ്റു മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരെ സംഘത്തില്‍ ചേര്‍ക്കുകയുമില്ല. ചെന്നൈ സിറ്റി, മധുര, തിരുച്ചിറപ്പള്ളി, വെയിലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണു മോഷ്ടിച്ച വാഹനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. തിരുവനന്തപുരത്തുനിന്ന് ഏഴും തൃശൂരില്‍നിന്ന് 14ഉം പാലക്കാട് മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായി ഓരോ കാറുകളും മോഷ്ടിച്ചതായി ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി.

സ്വിഫ്റ്റ് കാറുകള്‍ക്കു തമിഴ്‌നാട്ടില്‍ ആവശ്യക്കാരേറെയുള്ളതിനാലാണ് ഈ കാറുകള്‍തന്നെ മോഷണസംഘം തിരഞ്ഞെടുത്തത്. ഇപ്പോള്‍ മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ ജയിലിലാണ് പരമേശ്വരന്‍.

പെണ്‍വാണിഭ സംഘത്തിലെ അംഗവും ബാലപീഡനക്കേസിലെ പ്രതിയുമായ രഞ്ജു കൃഷ്ണന്റെ കൊലപാതകക്കേസ് തെളിയിച്ചതാണ് ഷാഡോ ടീമിന്റെ 2017ലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം. ഈ കേസിലെ നാലു പ്രതികളെ സിറ്റി ഷാഡോ ദിവസങ്ങള്‍ക്കകം തന്നെ പിടികൂടി.

പ്രതികളിലൊരാളുടെ മകളെയും ഇവരുടെ സുഹൃത്തായ സ്ത്രീയുടെ മകളെയും രഞ്ജു പീഡിപ്പിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചത്. രഞ്ജു കൃഷ്ണന്റെ പേരില്‍ നിരവധി കേസുകളുണ്ടായിരുന്നു. രഞ്ജുവിനെ കൊലപ്പെടുത്തിയാലും അയാള്‍ ഒളിവിലായിരിക്കുമെന്നു പോലീസ് കരുതുമെന്നായിരുന്നു പ്രതികള്‍ ചിന്തിച്ചത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. ശ്രീകാര്യത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലയാളികളെ പിടികൂടിയതും നഗരത്തിലെ മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടിയതും ഷാഡോ പോലീസിനെ അവാര്‍ഡിനായി പരിഗണിക്കാന്‍ കാരണമായി.

രണ്ടു വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 34 പേരാണ് തിരുവനന്തപുരം സിറ്റി ഷാഡോയിലുള്ളത്. കഴിഞ്ഞ വര്‍ഷം അന്വേഷിച്ച നാലു കേസുകള്‍ പരിഗണിച്ച് ഈ സംഘത്തിലുള്ള 16 പേര്‍ക്ക് ഡിജിപി രണ്ടു ദിവസം മുന്‍പു ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നല്‍കിയിരുന്നു.

കേരളത്തിലെ ഏറ്റവും മികച്ച ഷാഡോ ടീമുകളിലൊന്നെന്നാണ് എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരം സിറ്റി ഷാഡോയെക്കുറിച്ചു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shadow police trapped vehicle thief got award, Thiruvananthapuram, theft, Police, Trapped, Arrested, Report, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?