എന്‍ഡോസള്‍ഫാന്‍ പുനരധിവാസം: ഇതുവരെ ചെലവഴിച്ചത് 184.29 കോടി
കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഇതുവരെ 1,84,29,03,416 രൂപ ചെലവഴിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരലക്ഷം രൂപ വരെയുള്ള അര്‍ഹമായ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായി 1,54,44,331 രൂപ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കി. തുക കളക്ടറുടെ ട്രഷറി അക്കൗണ്ടില്‍ നിന്ന് വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട കടക്കാരന്റെ കടം അടവുവരുത്തി 'ബാധ്യതാ രഹിത സാക്ഷ്യപത്രം' ഉടനെ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2017ലെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍ നിന്നും 287 പേരെ നേരത്തേ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് 1618 പേരെയാണ് ഈ കാലയളവില്‍ പുന പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. അതില്‍ മാരകമായ അസുഖമുള്ള ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന 76പേരെ കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അര്‍ഹരായവര്‍ക്ക് ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലയിലെ 6211 ദുരിത ബാധിതര്‍ക്കാണ് ഇങ്ങനെ വിവധതരം സഹായങ്ങള്‍ ലഭിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്ത എന്നാല്‍ മാരക രോഗങ്ങള്‍ ഉള്ളതെന്ന് കണ്ടെത്തിയ 505 പേര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ അനുവദിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14ന് നടത്തിയ എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗ തീരുമാനങ്ങളിലെ തുടര്‍ നടപടികള്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു വിശദീകരിച്ചു. പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളില്‍ ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിന് വിദഗ്ധരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ സാമൂഹിക സേവന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തി 233 പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇതില്‍ 197 പദ്ധതികള്‍ പൂര്‍ത്തിയായി. മറ്റു പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും. അംഗണവാടികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, ജലവിതരണം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
മുളിയാറില്‍ സമഗ്ര പുനരധിവാസ ഗ്രാമം നിര്‍മിക്കുന്നതിന് തയ്യാറാക്കിയ രൂപരേഖ യോഗത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ അവതരിപ്പിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്ട് റിപ്പോട്ട് സമര്‍പ്പിച്ചത്. നിലവിലെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്നത് പ്രത്യേക പരിഗണനാ വിഷയമല്ലാത്തതിനാല്‍ എല്ലാ കുടംബങ്ങളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചി ട്ടില്ലെന്ന് യോഗത്തില്‍ അറിയിച്ചു. 1134ദുരിതബാധിതരെ കൂടി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന എം.എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാതല സെല്‍ അംഗങ്ങള്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment