ബാബരി കേസ് വ്യാഴാഴ്ച പരിഗണിച്ചത് വാദം കേള്‍ക്കുന്ന തീയതി തീരുമാനിക്കാന്‍ മാത്രം; കേസില്‍ 15 ട്രങ്ക് ബോക്‌സ് നിറയെ രേഖകള്‍, 16000 ത്തോളം സാക്ഷിമൊഴികള്‍

ന്യൂഡല്‍ഹി: (www.kvartha.com 10.01.2019) ബാബരി മസ്ജിദ് കേസ് വ്യാഴാഴ്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിച്ചത് വാദം കേള്‍ക്കുന്ന തീയതി തീരുമാനിക്കാന്‍ മാത്രം. ജനുവരി 29ന് വാദം തുടങ്ങാനാണ് കോടതി തീരുമാനം. വ്യാഴാഴ്ച തന്നെ വിശദമായ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ കോടതി തുടങ്ങിയപ്പോള്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വാദം കേള്‍ക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് അപ്പോള്‍ തന്നെ മറുപടി നല്‍കി.

എന്നാല്‍ അതിനിടയില്‍ രാജീവ് ധവാന്‍ ജസ്റ്റിസ് യു യു ലളിതിന് എതിരായ പരാമര്‍ശം നടത്തി. തുടര്‍ന്ന് ജസ്റ്റിസ് യു യു ലളിത് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധത അറിയിക്കുകയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ജനുവരി 29ന് വാദം തുടങ്ങാന്‍ കോടതി തീരുമാനിച്ചെങ്കിലും അതിനുമുമ്പ് ചെയ്തുതീര്‍ക്കേണ്ട നടപടിക്രമങ്ങള്‍ ചില്ലറയല്ല. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസില്‍ പതിനായിരക്കണക്കിന് രേഖകളാണ് അന്തിമവാദം തുടങ്ങും മുമ്പ് തരംതിരിച്ച് പരിഭാഷപ്പെടുത്തി തയ്യാറാക്കേണ്ടത്.

88 സാക്ഷികള്‍, അഞ്ച് ഭാഷകളിലായി 15,800 സാക്ഷിമൊഴികള്‍, അനുബന്ധ രേഖകള്‍. എല്ലാം കൂടി പതിനഞ്ച് ട്രങ്ക് പെട്ടി നിറയെ രേഖകളാണ് കോടതിക്ക് പരിഗണിക്കാനുള്ളത്. അറബിക്, പേര്‍ഷ്യന്‍, സംസ്‌കൃതം, ഗുരുമുഖി, ഹിന്ദി ഭാഷകളിലാണ് രേഖകളുള്ളത്. ഇതെല്ലാം കോടതി വ്യവഹാരത്തിനായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണം. പരിഭാഷ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് രേഖകള്‍ രജിസ്ട്രി നേരിട്ട് പരിശോധിച്ച് ജനുവരി 29ന് മുമ്പ് റിപോര്‍ട്ട് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിച്ചു.



പരിഭാഷ നടത്താനായി ഔദ്യോഗിക പരിഭാഷകനേയും സുപ്രീം കോടതി ചുമതലപ്പെടുത്തി. പരിഭാഷ പൂര്‍ത്തിയായതിന് ശേഷം അവ പരിശോധിച്ച് രജിസ്ട്രി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ വാദത്തിന്റെ തീയതി സുപ്രീം കോടതി നിശ്ചയിക്കുക.

തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. അയോധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നല്‍കണം എന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി.

Keywords: India, National, News, Babri Masjid Demolition Case, Supreme Court of India, Ayodhya title suit: Hearing adjourned to Jan 29, Justice UU Lalit exits case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?