ഛത്തീസ്ഗഡില്‍ തകര്‍ന്നടിഞ്ഞ് അജിത് ജോഗി- മായാവതി സഖ്യം

റായ്പൂര്‍: (www.kvartha.com 11.12.2018) ഛത്തീസ്ഗഡില്‍ തകര്‍ന്നടിഞ്ഞ് അജിത് ജോഗിയും മായാവതി സഖ്യവും. സീറ്റുകളെല്ലാം തൂത്തുവാരി കോണ്‍ഗ്രസ്. ഫലം പുറത്തുവരുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പുവരെ നിര്‍ണായക സ്വാധീനമായേക്കുമെന്നു വിലയിരുത്തപ്പെട്ട അജിത് ജോഗിയും മായാവതി സഖ്യവും അടിപതറിയ കാഴ്ചയാണ് ഛത്തീസ്ഗഡില്‍ കണ്ടത്.

ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായനാകുമെന്നു വിലയിരുത്തപ്പെട്ടയാളാണ് അജിത് ജോഗി. എന്നാല്‍ ഇത്തവണ മത്സരിച്ച, മകന്റെ മണ്ഡലമായ മര്‍വാഹിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജോഗിയുടെ നില. മാത്രമല്ല, നിര്‍ണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട മായാവതിയുമായുള്ള സഖ്യത്തിന് ഒരു സീറ്റില്‍ പോലും ലീഡ് നേടാനും കഴിഞ്ഞില്ല.

Chhattisgarh polls: Jogi-Mayawati alliance holds key?, News, Politics, Trending, Election, Congress, BJP, Mayavathi, National

അജിത് ജോഗിയെന്ന ചാണക്യനെ ചുറ്റിപറ്റിയായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പില്‍ ഛത്തീസ്ഗഢിലെ രാഷ്ട്രീയം. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രി എന്നനിലയില്‍ ജനസമ്മതിയും നേടി. പക്ഷെ അഴിമതി ആരോപണം കൊണ്ടും കൊലപാതക കേസിലും പെട്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്തായപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ അത് മറ്റൊരു ചരിത്രത്തിന് വഴിമാറുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും തങ്ങള്‍ക്ക് നേടാന്‍ കഴിയുമെന്നായിരുന്നു അജിത് ജോഗി തെരഞ്ഞെടുപ്പ് വേളകളിലെല്ലാം മാധ്യമങ്ങളിലടക്കം പ്രതികരിച്ചത്. എന്നാല്‍ ആകെയുള്ള 96 സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് വോട്ടെണ്ണല്‍ തുടങ്ങിയ സമയം മുതല്‍ ജെ.സി.സിക്ക് മുന്നിട്ട് നില്‍ക്കാനായത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ നാല് സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ഇതോടെ ഛത്തീസ്ഗഢില്‍ അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യനും ജെ.സി.സിക്കും ഇനി എന്ത് ഭാവി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ചോദിക്കുന്നത്.

എന്ത് വന്നാലും കോണ്‍ഗ്രസിനൊപ്പം ഇനി ഒരു ബന്ധവുമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അവസാന നിമിഷത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അജിത് ജോഗി മത്സരിച്ചത്. തങ്ങള്‍ക്ക് നിര്‍ണായകമാകുമെന്ന് ജോഗി കരുതിയ ദളിത് വിഭാഗമായ സത്‌നാമികള്‍ക്കിടയില്‍ പോലും കാര്യമായി ഒന്നും ചെയ്യാനായില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍വാഹി മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്കാണ് അജിത് ജോഗി തള്ളപ്പെട്ടത്.

ആദ്യം മുതല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് അജിത് ജോഗി - മായാവതി സഖ്യത്തിന്റെ രംഗപ്രവേശം. സഖ്യം ഇരുപാര്‍ട്ടികള്‍ക്കും ശക്തമായ ഭീഷണിയുയര്‍ത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പു നിരീക്ഷകരുടെയും വിലയിരുത്തല്‍.

വലിയ തോതില്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ഇവര്‍ക്കു കഴിയുമെന്നു വിലയിരുത്തലില്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, സഖ്യം നേടുന്ന സീറ്റ് നില വച്ച് വിലപേശലിനുള്ള സാധ്യതയായിരുന്നു മായാവതിയെയും ജോഗിയെയും നയിച്ചത്.

ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ ജെസിസിയും മായാവതിയുടെ ബിഎസ്പിയും 13 സീറ്റുകളിലാണ് കണ്ണുവച്ചത്. ജംഗിര്‍ ചമ്പ ലോക്‌സഭാ മണ്ഡലത്തിലെ എട്ടും ബിലാസ്പുര്‍ ബെല്‍റ്റിലെ അഞ്ചും സീറ്റുകളാണിവ. നിര്‍ണായകമായ ഈ 13 സീറ്റുകള്‍ നേടി കിങ്‌മേക്കറാകാനുള്ള ശ്രമമാണ് ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായന്‍ അജിത് ജോഗി നടത്തിയത്.

ജംഗിര്‍ ചമ്പ ലോക്‌സഭ സീറ്റിലെ - അകാല്‍തര, ജംഗിര്‍ ചമ്പ, സക്തി, ചന്ദ്രപുര്‍, ജയ്പുര്‍, പംഗഢ്, ബിലൈഗഢ്, കസ്‌ഡോള്‍ എന്നിവിടങ്ങളില്‍ രമണ്‍സിങ് മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്നത് അകാല്‍തരയും ജംഗിര്‍ ചമ്പയും മാത്രമായിരുന്നു. ബിഎസ്പിയുടെ കൈയില്‍ ജയ്ജയ്പുരും ബാക്കിയുള്ളവ ബിജെപിയുടെ കൈയിലുമാണ്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന അജിത് ജോഗി കലക്ടറായിരുന്ന കാലയളവില്‍ തന്റെ അധികാരപരിധിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും നിലനിര്‍ത്താന്‍ ശ്രമിച്ചത്. കോടതിയില്‍പ്പോയാണെങ്കിലും ഗോത്രവര്‍ഗക്കാരനാണെന്ന വാദം അദ്ദേഹം ഉറപ്പിച്ചു.

ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഛത്തീസ്ഗഡില്‍ സ്വാധീനം ഉറപ്പിക്കാന്‍ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടര്‍ന്ന് ശരീരം തളര്‍ന്നെങ്കിലും മനസ്സു തളരാന്‍ ജോഗി അനുവദിച്ചില്ല. ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.

മാത്രമല്ല, മായാവതിയുമായുള്ള സഖ്യം ദളിത് വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താന്‍ ഉതകുമെന്നും ജോഗി കണക്കുകൂട്ടി. 2013 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റേ ബിഎസ്പി നേടിയുള്ളൂ എന്നതൊന്നും ജോഗി കണക്കിലെടുത്തില്ല. മണ്ഡലങ്ങളില്‍ ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും. ഗോത്ര - ദളിത് വികാരം ഉണര്‍ത്തുന്ന തരത്തിലായിരുന്നു പ്രചാരണവും.

കര്‍ഷക വായ്പ തിരിച്ചടവ് എഴുതിത്തള്ളും, നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കും, സര്‍ക്കാര്‍ ജോലികള്‍ 'ഔട്ട്‌സോഴ്‌സ്' ചെയ്യുന്നത് നിര്‍ത്തി യുവാക്കള്‍ക്ക് 'സംവരണം' നല്‍കും, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പമ്പുകള്‍ക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ 'കണ്ണു മയക്കുന്ന' വാഗ്ദാനങ്ങളായിരുന്നു ജോഗി - മായാവതി സഖ്യം നല്‍കിയത്.

ഇവ സ്റ്റാംപ് പേപ്പറില്‍ എഴുതി നല്‍കിയാണ് ജോഗി പുറത്തിറക്കിയത്. വാഗ്ദാനം പാലിക്കാനായില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയാറെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പക്ഷേ, കണ്ണില്‍ പൊടിയിടുന്ന മാജിക്കുകള്‍ ജനം തിരിച്ചറിഞ്ഞെന്നുവേണം ഫലം പുറത്തുവരുമ്പോള്‍ മനസ്സിലാക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chhattisgarh polls: Jogi-Mayawati alliance holds key?, News, Politics, Trending, Election, Congress, BJP, Mayavathi, National.













Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?