ബി ആര്‍ ഡി സിയുടെ 'സ്‌മൈല്‍' പദ്ധതി വന്‍ വിജയത്തിലേക്ക്; ഉത്തര മലബാര്‍ ടൂറിസത്തിന്റെ മുഖം മാറുന്നു, കാസര്‍കോട് ജില്ലയ്ക്ക് നേട്ടം ഇരട്ടിയിലധികം

കാസര്‍കോട്: (www.kasargodvartha.com 29.12.2018) കന്നിക്കൊയ്ത്തില്‍ ബി ആര്‍ ഡി സിയുടെ 'സ്‌മൈല്‍' ടൂറിസം പദ്ധതിക്ക് വന്‍ നേട്ടം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌മൈല്‍ (സ്‌മോള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം) പദ്ധതിയുടെ മികച്ച മുന്നേറ്റത്തോടെ വര്‍ഷങ്ങളായി പിന്നോക്കം നില്‍ക്കുന്ന ഉത്തര മലബാര്‍ ടൂറിസം മേഖലയില്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയിരിക്കുകയാണ്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിലൂടെയാണ് സ്‌മൈല്‍ സംരംഭങ്ങള്‍ നേട്ടം കൊയ്തത്.

കാസര്‍കോട് ജില്ലയില്‍ 27 ഉം കണ്ണൂര്‍ ജില്ലയില്‍ 23 ഉം 'സ്‌മൈല്‍' സംരംഭങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2017 ലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിന്റെ 25 ശതമാനമാണ് 2018ല്‍ 'സ്‌മൈല്‍' ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഉത്തര മലബാറില്‍ ഇപ്പോള്‍ തന്നെ 72 ശതമാനം കടന്നു കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ 99 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 44 ശതമാനവും ആണ് നേട്ടം.

ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള ബി ആര്‍ ഡി സിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലം കണ്ടുതുടങ്ങിയിരിക്കുന്നത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്‌മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്‍പന ചെയ്ത സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡും പുറത്തിറക്കിയിരുന്നു.


സ്മൈല്‍ ഇതുവരെ

പദ്ധതിയുടെ ഭാഗമായി 93 സംരംഭകര്‍ നടത്തുന്ന 50 സംരംഭങ്ങളാണ് ഉത്തര മലബാറില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി പ്രതിദിനം 400-ല്‍ പരം ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റൂമുകളാണ് ഉത്തര മലബാര്‍ ടൂറിസം മേഖലയില്‍ ലഭ്യമായിരിക്കുന്നത്. നേരിട്ടും അല്ലാതെയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതും എടുത്തു പറയേണ്ട നേട്ടമാണ്.

സ്‌മൈല്‍ സംരംഭകരില്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തവും ശ്രദ്ധേയമാണ്. 93 സംരംഭകരില്‍ 28 ശതമാനം സ്ത്രീകളാണ്. നീലേശ്വരത്തും പയ്യന്നൂരിലും വെച്ച് കാസര്‍കോട്- കണ്ണൂര്‍ ജില്ലാ പ്രസ് ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തിയ പ്രാരംഭ ശില്‍പശാലകളോടെ ആയിരുന്നു സ്‌മൈല്‍ പദ്ധതിയുടെ തുടക്കം.

2019 ല്‍ വളര്‍ച്ച ഇനിയും കൂടുമെന്ന് പ്രതീക്ഷ

ഡിസംബറില്‍ നടന്ന 'സ്‌മൈല്‍ അംബാസഡേഴ്‌സ് ടൂറി'ന്റെ വിജയത്തോടെ 2019 ല്‍ ഉത്തര മലബാര്‍ ടൂറിസം കൂടുതല്‍ ഉയര്‍ച്ച കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിആര്‍ഡിസി സംഘടിപ്പിച്ച അംബാസഡേഴ്‌സ് ടൂറില്‍ 40 ഓളം പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുകയും സ്‌മൈല്‍ സംരംഭകരുമായുള്ള ബി ടു ബി (Business to Business) മീറ്റില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പുതിയ ടൂറിസം വികസന മോഡല്‍

കേരളത്തില്‍ ഇപ്പോള്‍ വികസിതമല്ലാത്ത നിരവധി സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് (tourism destination development) ഉതകുന്ന പ്രായോഗികമായ പുതിയൊരു മോഡലാണ് 'സ്‌മൈല്‍' പദ്ധതിയെന്നും, ഇത് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കേണ്ടതാണെന്നും പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ബേക്കല്‍ ടൂറിസം പ്രദേശം

കാസര്‍കോട് ജില്ലയില്‍ 27 സ്‌മൈല്‍ സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉദുമ, പള്ളിക്കര, ചെമ്മനാട്, അജാനൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബേക്കല്‍ ടൂറിസം പ്രദേശത്ത് രണ്ട് സംരംഭങ്ങള്‍ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രദേശത്തെ യുവതീ-യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം കൂട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

2018ല്‍ 'സ്‌മൈലിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം

കേരള സര്‍ക്കാര്‍ സ്ഥിതി വിവര ക്കണക്കുകള്‍ പ്രകാരം 2017ല്‍ കാസര്‍കോട് ജില്ലയില്‍ എത്തിയത് 1,115 വിദേശ ടൂറിസ്റ്റുകള്‍ ആയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ 5123 ഉം. എന്നാല്‍ സ്‌മൈല്‍ പദ്ധതിയില്‍ 2018 ഡിസംബര്‍ 15 വരെ കാസര്‍കോട് ജില്ലയില്‍ 2218 ഉം കണ്ണൂര്‍ ജില്ലയില്‍ 2270 ഉം വിദേശ ടൂറിസ്റ്റുകള്‍ എത്തി. ഉത്തര മലബാറില്‍ ആകെ എത്തിയത് 4,488 സ്‌മൈല്‍ ടൂറിസ്റ്റുകള്‍. 2017-ല്‍ കേരളത്തിലെ വിവിധ ജില്ലകളിലെ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം പതിനാലാം സ്ഥാനത്തും പതിനൊന്നാം സ്ഥാനത്തുമായിരുന്നു.
ഇംഗ്ലണ്ടിൽ നിന്നും സ്മൈൽ സംരംഭത്തിലെത്തിയ വിനോദ സഞ്ചാരികളുടെ കവ്വായി കായലിലെ കണ്ടൽക്കാട് യാത്ര

 കാസര്‍കോട് ജില്ലയിലെ ബേഡഡുക്കയില്‍ ആയുര്‍വ്വേദ ഡോക്ടര്‍ ആരംഭിച്ച സ്‌മൈല്‍ സംരംഭത്തില്‍ മഡ് തെറാപ്പിക്കെത്തിയ സ്പാനിഷ് ടൂറിസ്റ്റ് 

മുംബെയില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍ അംബാസഡര്‍ ടൂറിന്റെ ഭാഗമായി കാസര്‍കോട് പരപ്പയിലെ സുരംഗയിലെത്തിയപ്പോള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Tourism, BRDC Smile project going to Great success
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?