നവോത്ഥാന നായകരെയും വനിതകളെയും അപമാനിച്ചവര്‍ നവോത്ഥാന മതില്‍ കെട്ടാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

ആലപ്പുഴ: (www.kvartha.com 09.12.2018) കേരളത്തില്‍ അനാചാരങ്ങളെ ഇല്ലാതാക്കി നവോത്ഥാനം കൊണ്ടുവന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ കുരിശില്‍ കേറ്റിയും അനാചാരണത്തില്‍ ജനിച്ചവര്‍ എന്നും പറഞ്ഞു അപമാനിച്ചവര്‍ ഇന്ന്  നവോത്ഥാനത്തിനു വേണ്ടി വനിതാ മതില്‍ നിര്‍മ്മിക്കുന്നു എന്നത് ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാര്‍ പറഞ്ഞു. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പാതിരപ്പള്ളി മേഖല സംഘടിപ്പിച്ച ശബരിമല സംരക്ഷണ പദയാത്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ജനലക്ഷങ്ങള്‍ നാമജപവുമായി തെരുവിലിറങ്ങിയപ്പോള്‍ അതിനെതിരെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തെറ്റിദ്ധരിപ്പിച്ചവരാണ് ഇപ്പോള്‍ വനിതാമതിലുമായി രംഗത്തുവന്നിരിക്കുന്നത്. ഇതിന്റെ കൂടിയാലോചനാ യോഗത്തില്‍ ഹിന്ദു സംഘടനകളെ മാത്രം വിളിച്ച മുഖ്യമന്ത്രി മറ്റു മതവിഭാഗങ്ങള്‍ നവോത്ഥാനത്തിന് എതിരാണെന്നല്ലേ വ്യക്തമാക്കുന്നത്.

വനിതകളോട് വിവേചനം കാണിക്കുന്നു എന്നു പറഞ്ഞു വനിത മതില്‍ കെട്ടാന്‍ ശ്രമിക്കുന്ന സിപിഎം  തങ്ങളുടെ പാര്‍ട്ടി വനിതകളോട് കാണിച്ചിട്ടുള്ള അനീതികള്‍ കൂടി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കേരം തിങ്ങും കേരളനാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും എന്ന് പറഞ്ഞു കെ ആര്‍ ഗൗരിയമ്മയുടെ പേരില്‍ വോട്ടു പിടിച്ച് അധികാരത്തില്‍ വന്നപ്പോള്‍ പിന്നോക്കക്കാരിയായതുകൊണ്ട് കറിവേപ്പില പോലെ   കെ ആര്‍ ഗൗരിയമ്മയെ തള്ളിക്കളഞ്ഞ സിപിഎമ്മിന്റെ നയം ജനം കണ്ടതാണ്. സുശീലാ ഗോപാലനും ഇതു തന്നെയാണ് സംഭവിച്ചത്.

താമരശേരിയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട ജ്യോത്സ്‌ന, പാലക്കാട് വിക്‌ടോറിയ കോളജില്‍ വിരമിക്കല്‍ ദിവസം കുഴിമാടം തീര്‍ത്ത് പാര്‍ട്ടി അപമാനിച്ച പ്രിന്‍സിപ്പലും പിന്നാക്ക വിഭാഗക്കാരിയുമായ ഡോ. എന്‍ സരസു, പാര്‍ട്ടി ഉപരോധം കൊണ്ട് ജീവിതം വഴിമുട്ടിയ പയ്യന്നൂരിലെ ദളിത് വനിത ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ, അപവാദ പ്രചരണങ്ങള്‍ നടത്തി പാര്‍ട്ടി ഊരുവിലക്കിയ കോഴിക്കോട് കുറ്റിയാടിയിലെ വിനീത കോട്ടായി തുടങ്ങി പാലക്കാട് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്ന വനിതാ നേതാവുവരെ ഇതില്‍പ്പെടുന്നു.

കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുദേവനെയും ചട്ടമ്പി സ്വാമികളെയും മഹാനായ അയ്യങ്കാളിയെയും മന്നത്തു പദ്മനാഭനെയും ഒക്കെ തള്ളി കളഞ്ഞു രഹ്ന ഫാത്തിമയെയും, കവിതാ മോഷ്ട്ടാക്കളായ ദീപാ നിശാന്ത്, എം ജെ ശ്രീചിത്രന്‍ തുടങ്ങി ചുംബന സമരക്കേസിലും    പെണ്‍വാണിഭക്കേസിലും പ്രതികളായ രാഹുല്‍ പശുപാലനും രശ്മിയും, ഹോം സ്‌റ്റേ നടത്തിപ്പിക്കാരനായ  സന്ദീപാനന്ദ ഗിരിയെന്ന തുളസീദാസുമൊക്കെയാണ് സിപിഎമ്മിന്റെ നവോത്ഥാന നായകര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഈ പ്രസ്ഥാനത്തിന്റെ നവോത്ഥാനം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാകും. അദ്ദേഹം പറഞ്ഞു.

പട്ടികജാതി മോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷന്‍ രാജുകുട്ടി മുഖ്യ പ്രഭാഷണംനടത്തി. പാതിരപ്പള്ളി മേഖലപ്രസിഡന്റും ജാഥാ ക്യപ്റ്റനുമായ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ഭാരവാഹികളായ സുനില്‍ കുമാര്‍, ബിന്ദു വിലാസന്‍, ജില്ലാ കമ്മറ്റി അംഗം സി പി മോഹനന്‍, മഹിളാ മോര്‍ച്ച മണ്ഡലം ട്രഷറര്‍ ജയലത, പഞ്ചായത്ത് ഭാരവാഹികളായ കെ ആര്‍ പുരുഷന്‍, ധര്‍മ്മജന്‍, ബാലചന്ദ്ര പണിക്കര്‍, ആര്‍ പി സന്തോഷ്, ഷൈജു, രാമചന്ദ്ര കുറുപ്പ് എന്നിവരും സംസാരിച്ചു.


Keywords: Kerala, Alappuzha, News, BJP, Politics, Sabarimala, Religion, CPM, BJP against women wall 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?