ജില്ലയെ ജലസമ്പുഷ്ടമാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും: കളക്ടര്‍ ഡോ. സജിത്ത് ബാബു

കാസര്‍കോട്: (www.kasargodvartha.com 05.12.2018) മണ്ണും ജലവും സംരംക്ഷിക്കേണ്ട ആവശ്യകത കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ലയാണ് നമ്മുടേതെങ്കിലും വേനല്‍ക്കാലമാകുന്നതോടെ പലഭാഗങ്ങളിലും വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു പറഞ്ഞു. മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകമണ്ണ് ദിനാഘോഷ പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയെ ജലസമ്പുഷ്ടമാക്കുകയെന്ന പദ്ധതി കാസര്‍കോടിന്റെ അടുത്ത പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും ഹരിതകേരളം മിഷനുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലും വെള്ളസോത്രസ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് ശേഖരിച്ച് സര്‍ക്കാര്‍ തലത്തില്‍ വിവിധ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കും. കൂടാതെ ലൈഫ് പദ്ധതിക്കും ഇതു വിനിയോഗിക്കും. ഇതിനുശേഷമേ സ്വകാര്യവ്യക്തികള്‍ക്കു മണ്ണ് കൈമാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരം, കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലായി 15,000 ഹെക്ടര്‍ ഭൂമി ചെങ്കല്ല് കാരണം കൃഷിചെയ്യാന്‍ സാധ്യമല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തുകയും മുള കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തുകയും തുടര്‍ന്ന് അടുത്ത ജൂണ്‍ അഞ്ചിന് മൂന്നു ലക്ഷം മുളത്തൈകള്‍ നട്ടുകൊണ്ട് മുളകൃഷിക്ക് തുടക്കം കുറിച്ച് ജില്ലയെ മുളയുടെ തലസ്ഥാനമാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷനായി. മണ്ണിന്റെ ആരോഗ്യ പരിപാലനം, മണ്ണ്- ജല സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വീണാറാണിയും കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ കെ.പി മിനിയും സെമിനാര്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്തിനു കീഴിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട നാരായണന്‍ നമ്പൂതിരി, രാഘവന്‍ വെളിച്ചപ്പാട്, സി.നാരായണന്‍, കെ.വി ശാന്ത, ടി.വി ജനാര്‍ദ്ദന്‍,എ.നാരായണന്‍ എന്നിവരെയും ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനായി തെരഞ്ഞെടുത്ത സി. ബാലകൃഷ്ണന്‍ നായരെയും ജില്ലാ പഞ്ചായത്ത് അംഗം എം. കേളുപണിക്കര്‍ ആദരിച്ചു.

മണ്ണ് സംരക്ഷണദിനത്തോട് അനുബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനവിതരണം നമ്പീശന്‍ വിജയേശ്വരി നിര്‍വഹിച്ചു. മണ്ണ് സംരംക്ഷണത്തിനെക്കുറിച്ചുള്ള വിഷയാവതരണവും പ്രതിജ്ഞയും ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസര്‍ വി.എം അശോക് കുമാര്‍ നിര്‍വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസിഡന്റ് കെ.പ്രമീള, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  എം.അബ്ദുള്‍ റഹ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ഇന്ദിര, വാര്‍ഡ് അംഗം വി.ശശി,  ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍  എം.പി സുബ്രമണ്യന്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, പി.ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സോയില്‍ സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.സത്യനാരായണന്‍ സ്വാഗതവും മടിക്കൈ കൃഷി ഓഫീസര്‍ കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങളുടെ വില്പ്പന പ്രദര്‍ശനവും, കുട്ടികളുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു.

മണ്ണിനെയറിഞ്ഞും മനസ്സിലാക്കിയും മടിക്കൈയിലെ കര്‍ഷകര്‍

കാസര്‍കോട്: ലോകമണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ മടിക്കൈ പഞ്ചായത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ മടിക്കൈയിലെ കര്‍ഷകര്‍ക്കു പുത്തന്‍ അനുഭവമായി.

മണ്ണിന്റെ ആരോഗ്യപരിപാലനം, മണ്ണ്, ജല സംരംക്ഷണം എന്നീ വിഷയങ്ങളിലായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വീണാറാണി, കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ കെ.പി മിനി എന്നിവരാണു ക്ലാസുകള്‍ കൈകാര്യം ചെയ്ത്. കേരളം ജലസമ്പുഷ്ട സംസ്ഥാനമെന്നത് ഇന്നും വെറും മിഥ്യാധാരണമാത്രമാണെന്നും കേരളത്തില്‍ ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും  ഇതിനെ സംരംക്ഷിച്ചു നിര്‍ത്താനുള്ള യാതൊരു സാഹചര്യവും നമ്മുക്കില്ല. കേരളത്തിലെ  നെല്‍പ്പാടങ്ങള്‍ ഒരു കാലത്ത് ജലസംരംക്ഷണത്തിന്റെ ഭാഗമായിരുന്നു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ്  ഒന്‍പത് ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 2.75 ലക്ഷം ഹെക്ടരായി കുറഞ്ഞു. ഇതിലൂടെ കേരളത്തിനു നഷ്ടമായതു ജലസംഭരണികളെയാണ്. 

പൂഴി(മണല്‍)വാരുന്നതും ജലനിരപ്പ് കുറയുന്നതിനു കാരണമാകുന്നു. മഴവെള്ള സംരംക്ഷണം നാം ആദ്യം തുടങ്ങേണ്ടതു വീടിനകത്തു നിന്നു തന്നെയാണ്. കൂടാതെ നീര്‍ത്തട പദ്ധതികളും കിണര്‍ റീചാര്‍ജ്ജിങ്ങ്, മഴക്കുഴികള്‍ എന്നിവ നിര്‍മിക്കുന്നതിലൂടെ മഴവെള്ള സംരംക്ഷണം ഉറപ്പുവരുത്താമെന്നും സെമിനാര്‍ സംവദിച്ചു.

അന്താരാഷ്ട്ര മണ്ണുദിനം ആഘോഷിച്ചു

കാസര്‍കോട്: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് പിലിക്കോട് ഉത്തര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര മണ്ണുദിനം ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സെമിനാറും ചോദ്യോത്തരവേളയും സംഘടിപ്പിച്ചു.

ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ.എന്‍. സതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പിലിക്കോട് കൃഷി ഓഫീസര്‍. പി.വി.ജലേശന്‍ മണ്ണിനെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. മണ്ണ് മലിനീകരണവും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി പടന്നക്കാട് കാര്‍ഷിക കോളേജ് മേധാവിയും മണ്ണ് ശാസ്ത്ര വിദഗ്ദനുമായ ഡോ. പി.ആര്‍. സുരേഷ് ക്ലാസെടുക്കുകയും  കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയും ചെയ്തു.  വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.  അപര്‍ണ്ണ.ആര്‍.എ നന്ദിയും രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District Collector, Development project, Project for increasing water resource; Says District collector D Sajith Babu 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?