രണ്ടു മാസത്തിനിടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയത് ആറു ഹര്‍ത്താല്‍


കാസര്‍കോട്: (www.evisionnews.co) ശബരിമല വിഷയത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ ഉള്‍പ്പടെ ബി.ജെ.പി നടത്തിയത് ആറു ഹര്‍ത്താലുകള്‍. ഇതില്‍ മൂന്ന് ഹര്‍ത്താലുകള്‍ സംസ്ഥാന വ്യാപകമായിരുന്നു. മറ്റു രണ്ടെണ്ണം പത്തനംതിട്ടിയിലും ഒന്ന് തിരുവനന്തപുരത്തുമായിരുന്നു. പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ മൂന്നെണ്ണവും ശബരിമല സീസണിലായിരുന്നുവെന്നതാണ് മറ്റൊരു സത്യം. 

ഒക്ടോബര്‍ ഒമ്പതിനാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ആദ്യത്തെ ഹര്‍ത്താല്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതും ഹര്‍ത്താലിന് കാരണമായി. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ സമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രണ്ടാഴ്ച ഇടവേളയിലാണ് പത്തനംതിട്ടയില്‍ മറ്റൊരു ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തത്. ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോയ ശിവദാസന്‍ എന്നയാളുടെ മരണത്തില്‍ പ്രതിഷേധിച്ചായിരുന്നു നവംബര്‍ രണ്ടിലെ ഹര്‍ത്താല്‍. എന്നാല്‍ നിലയ്ക്കലില്‍ നടന്ന പൊലീസിന്റെ പ്രതിരോധം അവസാനിച്ച ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പിന്നീട് തെളിവുകള്‍ പുറത്തുവന്നു. എന്നാല്‍ സത്യാവസ്ഥ അറിയുന്നതിന് മുന്നേ തന്നെ ബി.ജെ.പി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. 

നവംബര്‍ 11ന് ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് വീണ്ടും ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നടത്തി. തിരുവനന്തപുരത്തായിരുന്നു ഹര്‍ത്താല്‍. ഒരാഴ്ചയുടെ ഇടവേളയില്‍ നവംബര്‍ 17നും ബി.ജെ.പി വീണ്ടും ഹര്‍ത്താല്‍ നടത്തി. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. പുലര്‍ച്ചെ മൂന്നു മണിക്ക് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രയാസമാണുണ്ടാക്കിയത്. ഏറ്റവുമൊടുവില്‍ ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റെ സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാന ഹര്‍ത്താല്‍. എന്നാല്‍ മരണകാരണം കുടുംബ പ്രശ്‌നമാണെന്നും മരണക്കുറിപ്പില്‍ ശബരിമല വിഷയം തൊട്ടുതീണ്ടീയിട്ടില്ലെന്നും പരസ്യമായതോടെ ഹര്‍ത്താലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നുപൊങ്ങിയത്. 









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?